ബ്രിക്‌സ് ഉച്ചകോടി: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി

ബ്രിക്‌സ് ഉച്ചകോടി:  ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി

 

ന്യൂഡെല്‍ഹി: എട്ടാമത് ബ്രിക്‌സ് ഉച്ചകോടി മറ്റന്നാള്‍ ഗോവയില്‍ തുടങ്ങും. ഒക്‌റ്റോബര്‍ 14 മുതല്‍ 17 വരെ ഇന്ത്യയുടെ ആതിഥേയത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യയ്ക്കു പുറമേ ബ്രസീല്‍, റഷ്യ, ചൈന, ദക്ഷാണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷ, പ്രതിരോധം, വ്യാപാരം തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിന് ചര്‍ച്ച നടത്തും. ശനിയാഴ്ച്ച ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം പ്രധാന ഉഭയകക്ഷി കരാറുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്രിക്‌സ് ഉച്ചകോടിക്ക് പുറമെ 17-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയിലും ഇരുനേതാക്കളും പങ്കെടുക്കും. കഴിഞ്ഞ ഡിസംബറിലെ മോസ്‌കോ ഉച്ചകോടിക്കുശേഷം ഉഭയകക്ഷി കരാറുകള്‍ നടപ്പാക്കുന്നതില്‍ ഉണ്ടായ പുരോഗതി ചര്‍ച്ച ചെയ്യും. കൂടിക്കാഴ്ച്ചയ്ക്കുശേഷം ഇരുനേതാക്കളും ചേര്‍ന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇതാദ്യമായി റഷ്യ-പാകിസ്ഥാന്‍ സംയുക്ത സൈനിക അഭ്യാസം നടന്നതിന്റെ പശ്ചാത്തലത്തിലാണ് ഇരുനേതാക്കളും ഒന്നിച്ചുകാണുന്നത്. മാത്രമല്ല, ഇന്ത്യ റഷ്യയില്‍നിന്നും പ്രതിരോധ രംഗത്തെ നവീകരണത്തിന്റെ ഭാഗമായി റഷ്യയില്‍ നിന്നുള്‍പ്പടെ ആയുധങ്ങളും വിമാനങ്ങളും മറ്റും വാങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ മോദി-പുടിന്‍ കൂടിക്കാഴ്ച്ചയുടെ പ്രാധാന്യം വലുതാണ്. ട്രൈംഫ് ദീര്‍ഘദൂര മിസൈലുകള്‍, കമോവ്-28 ഹെലികോപ്റ്ററുകള്‍, സുഖോയ് 30-എംകെഐയുടെ നവീകരണം എന്നിവയാണ് ഇന്ത്യ-റഷ്യ പ്രതിരോധ കരാറുകളില്‍ പ്രഥമ പരിഗണനയിലുള്ളത്. അഞ്ചാം തലമുറ യുദ്ധ വിമാനങ്ങള്‍ സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള പദ്ധതിയും ചര്‍ച്ചയ്ക്ക് വരും. റഷ്യയുടെ അകുല വിഭാഗത്തില്‍പ്പെട്ട ആണവ അന്തര്‍വാഹിനി ഉപയോഗിക്കുന്നതിനുള്ള സാധ്യതകളും ഇന്ത്യ ആരായുന്നുണ്ട്.

അതേസമയം ഗോവയിലെ ബ്രിക്‌സ് ഉച്ചകോടിക്ക് പാകിസ്ഥാനില്‍നിന്ന് ഭീകരാക്രമണ ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സമ്മേളന നഗരിയില്‍ പരിശോധന നടത്തി.

Comments

comments

Categories: Slider, Top Stories
Tags: BRICS summit, Goa