ആറ് കമ്പനികളുടെ വിപണിമൂല്യത്തില്‍ ആകെ 30,968 കോടി രൂപയുടെ വര്‍ധന

ആറ് കമ്പനികളുടെ വിപണിമൂല്യത്തില്‍ ആകെ 30,968 കോടി രൂപയുടെ വര്‍ധന

ന്യൂഡെല്‍ഹി: രാജ്യത്തെ ആറ് പ്രമുഖ കമ്പനികളുടെ വിപണിമൂല്യത്തില്‍ മൊത്തെ 30,968 കോടി രൂപയുടെ വര്‍ധന. കഴിഞ്ഞയാഴ്ച്ച ഉണ്ടായ ഈ മുന്നേറ്റത്തില്‍ ഒഎന്‍ജിസിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമാണ് മുന്നില്‍ നില്‍ക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് എന്നിവയുടെ വിപണി മൂല്യത്തില്‍ വര്‍ധനയുണ്ടായപ്പോള്‍ ടിസിഎസ്, ഐടിസി, ഇന്‍ഫോസിസ്, കോള്‍ ഇന്ത്യ ലിമിറ്റഡ് എന്നിവയ്ക്ക് ഇടിവ് സംഭവിച്ചു.

ഒഎന്‍ജിസിയുടെ വിപണി മൂലധനം 9,411.04 കോടി രൂപ വര്‍ധിച്ച് 2,29,030.47 കോടി രൂപയിലെത്തി. പത്ത് പ്രമുഖ കമ്പനികളില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയതും ഒഎന്‍ജിസി തന്നെ. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 9,032.04 കോടി രൂപ വര്‍ധിച്ച് 3,59,968.41 കോടി രൂപയായും എസ്ബിഐയുടേത് 5,860.9 കോടി രൂപ വര്‍ധിച്ച് 2,00,473.72 കോടി രൂപയായും മാറി. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണിമൂല്യം 2,392.9 കോടി രൂപ ഉയര്‍ന്ന് 3,26,121.14 കോടി രൂപയിലെത്തി.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ മൂല്യം 2,283.31 കോടി രൂപ വര്‍ധിച്ച് 1,90,099.07 കോടി രൂപയായി. എച്ച്ഡിഎഫ്‌സിയുടെ വിപണിമൂല്യം 1,987.9 കോടി വര്‍ധിച്ച് 2,22,643.88 കോടി രൂപയിലുമെത്തി.

അതേസമയം, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) മൂല്യം 11,615.67 കോടി രൂപ കുറഞ്ഞ് 4,66,646.60 കോടി രൂപയായി. ഇന്‍ഫോസിസിന്റെ വിപണിമൂല്യം 5,845.73 കോടി രൂപയില്‍ നിന്ന് 2,32,600.10 കോടിയായും ഐടിസിയുടേത് 2,633.82 കോടി രൂപയില്‍ നിന്ന് 2,89,647.95 കോടി രൂപയായും താഴ്ന്നു. കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ മൂല്യം 2,147.56 കോടി താഴ്ന്ന് 2,01,586.77 കോടി രൂപയിലെത്തി.

Comments

comments

Categories: Slider, Top Stories