ഐഎംഎഫ്- ലോകബാങ്ക് വാര്‍ഷിക സമ്മേളനം: നെഗറ്റീവ് പലിശ നിരക്കിനെതിരേ ഇന്ത്യയുടെ മുന്നറിയിപ്പ്

ഐഎംഎഫ്- ലോകബാങ്ക് വാര്‍ഷിക സമ്മേളനം:  നെഗറ്റീവ് പലിശ നിരക്കിനെതിരേ ഇന്ത്യയുടെ മുന്നറിയിപ്പ്

 

വാഷിംഗ്ടണ്‍: കുറഞ്ഞ, നെഗറ്റീവ് പലിശ നിരക്ക് സമ്പ്രദായങ്ങള്‍ക്കെതിരെ ഇന്ത്യ ലോകരാജ്യങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കി. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്)യുടേയും ലോകബാങ്കിന്റേയും വാര്‍ഷിക സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്കുകളുടെ ബാലന്‍സ് ഷീറ്റിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ആഗോള സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിന് അത്യാവശ്യമാണെന്ന് ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു.

ഉല്‍പ്പന്നങ്ങളില്‍ നിന്നു ലഭിക്കുന്ന നേട്ടവും തൊഴില്‍ വിപണിയിലെ പരിഷ്‌കരണ നടപടികളും ബാങ്കുകളുടെ ബാലന്‍സ് ഷീറ്റുകളിലുള്ള പ്രശ്‌നങ്ങള്‍ തരണം ചെയ്യുന്നതിന് സഹായകമാണെന്ന് ജയ്റ്റ്‌ലി പറഞ്ഞു. എന്നാല്‍ കുറഞ്ഞ, നെഗറ്റീവ് പലിശനിരക്കുകള്‍ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതിനുള്ള സാഹചര്യം നിലനില്‍ക്കുന്നു. സ്വകാര്യ വായ്പകള്‍ വര്‍ധിക്കുന്നതിനും അതിലൂടെ സാമ്പത്തിക സ്ഥിരത നഷ്ടപ്പെടുന്നതിനും നെഗറ്റീവ് പലിശ നിരക്ക് കാരണമാകുമെന്ന് ജയ്റ്റ് പറഞ്ഞു.

കേന്ദ്രബാങ്കുകളില്‍ ഇതരബാങ്കുകള്‍ കരുതല്‍ ധനമായി നിക്ഷേപിക്കുന്ന തുകയ്ക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പലിശ നല്‍കുന്നുണ്ട്. എന്നാല്‍ ജപ്പാന്‍ അടക്കമുള്ള ചില രാജ്യങ്ങളില്‍ പണം നിക്ഷേപിക്കുന്ന ബാങ്കുകളാണ് കേന്ദ്രബാങ്കുകള്‍ക്ക് ഇത്തരത്തില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ നല്‍കുന്നത്. ഈ രീതിയെയാണ് നെഗറ്റീവ് പലിശനിരക്ക് എന്നു പറയുന്നത്. നെഗറ്റീവ് പലിശ നിരക്ക് ഏര്‍പ്പെടുത്തിയാല്‍ ബാങ്കുകള്‍ കേന്ദ്രബാങ്കുകളില്‍ കരുതല്‍ ധന നിക്ഷേപം നടത്താതെ വായ്പാ സേവനങ്ങള്‍ക്കായി കൂടുതല്‍ ചെലവഴിക്കുമെന്നതാണ് ഇതിന്റെ പ്രായോഗിവശം. ഈ നയം ആഗോള സംബന്ധവ്യവസ്ഥയുടെ നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കുമെന്ന് സാമ്പത്തിക നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ത്യയടക്കം വളരുന്ന വിപണികളുള്ളതും വികസിച്ചു കൊണ്ടിരിക്കുന്നതുമായ രാഷ്ട്രങ്ങള്‍ വികസിത രാഷ്ട്രങ്ങളേക്കാള്‍ മികച്ച് പ്രകടനമാണ് അടുത്തകാലത്ത് കാഴ്ചവെച്ചിട്ടുള്ളതെന്ന് ജയ്റ്റ്‌ലി പറഞ്ഞു. എന്നിരുന്നാലും ഇത്തരം സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളെ കുറിച്ചുള്ള പ്രതീക്ഷകള്‍ മുമ്പത്തേതിനേക്കാള്‍ ദുര്‍ബലമാണെന്ന് ജയ്റ്റ്‌ലി പറഞ്ഞു. സൂക്ഷ്മ തലത്തിലുള്ള സാമ്പത്തിക പ്രശ്‌നങ്ങളും ആഗോള തലത്തിലെ വിപണി ആവശ്യങ്ങള്‍ കുറഞ്ഞതും കുറഞ്ഞ ചരക്കുവില മറികടക്കുന്നതിനു വേണ്ടി സ്വീകരിക്കുന്ന നയങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളുമാണ് ഇതിനുള്ള മുഖ്യകാരണങ്ങളെന്ന് ജയ്റ്റ്‌ലി വിലയിരുത്തി.

അന്താരാഷ്ട്ര നാണയനിധിയിലെ അംഗരാഷ്ട്രങ്ങള്‍ ആഗോള തലത്തിലുള്ള ചെലവിടല്‍ നടപടികള്‍ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം ധാരണയിലെത്തിയിരുന്നു. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം മുതലായ മേഖലകളിലെ നിക്ഷേപം വര്‍ധിപ്പിക്കണമെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്റ്റര്‍ ക്രിസ്റ്റിന്‍ ലഗാര്‍ഡെ അംഗരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു. ഐഎംഎഫില്‍ അംഗത്വമുള്ള 26 രാഷ്ട്രങ്ങള്‍ ഉഭയകക്ഷി സാമ്പത്തിക സഹകരണത്തിന് 360 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാമെന്ന് ഉറപ്പുനല്‍കി. ഐഎംഎഫിന്റെ വായ്പാ സഹായനിധിയിലേക്കാണ് ഈ തുക പോകുക. ഐഎംഎഫിന്റെ സാമ്പത്തിക നിധിയില്‍ നിന്നു വിവിധ രാജ്യങ്ങള്‍ക്കു ലഭ്യമാക്കുന്ന ധന സഹായത്തിന്റെ ക്വാട്ട സംബന്ധിച്ച വിലയിരുത്തല്‍ രണ്ടു വര്‍ഷത്തേക്ക് നീട്ടിവെക്കാനും അംഗരാഷ്ട്രങ്ങള്‍ തീരുമാനിച്ചു. 2019 ഒക്‌റ്റോബറിനു മുന്‍പായി ഈ വിഷയത്തില്‍ തീരുമാനമെടുക്കാനാണ് ഐഎംഎഫ് യോഗത്തില്‍ ധാരണയായിട്ടുള്ളത്.

Comments

comments

Categories: Slider, Top Stories