വയനാട്ടിലെ ആറ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതിയില്‍

വയനാട്ടിലെ ആറ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതിയില്‍

കല്‍പ്പറ്റ: സംസ്ഥാന ടൂറിസം വകുപ്പിന്റയും വയനാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലി(ഡിടിപിസി)ന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ ആറ് വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതി ആവിഷ്‌ക്കരിച്ചു. പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൡ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക, അവ വേണ്ട രീതിയില്‍ സ്ഥിരമായി പരിപാലിക്കുക തുടങ്ങിയവയാണ് ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതിയിലെ മുഖ്യ അജണ്ടയെന്ന് ജില്ലാ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സി എന്‍ അനിതകുമാരി പറഞ്ഞു.

വയനാട്ടിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ മേപ്പാടിയിലെ കാന്തന്‍പ്പാറ വെള്ളച്ചാട്ടം, കുറുവാദ്വീപ്, എടയ്ക്കല്‍ ഗുഹ, കര്‍ലാട് തടാകം, പ്രിയദര്‍ശിനി തേയില എസ്റ്റേറ്റ്, പൂക്കോട് തടാകം എന്നീ സ്ഥലങ്ങളാണ് ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ശൗചാലയങ്ങളും, നടപ്പാതകളും വൃത്തിയായി സൂക്ഷിക്കുക, വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ശുചിത്വം ഉറപ്പുവരുത്തുക, മലിന്യ നിര്‍മാര്‍ജ്ജനം, സന്ദര്‍ശകരുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങളും പദ്ധതി നടത്തിപ്പിന്റെ ഭാഗമാണെന്ന് അനിതാകുമാരി പറഞ്ഞു.

കര്‍ലാട് തടാകം, കുറുവാ ദ്വീപ് എന്നീ സ്ഥലങ്ങളില്‍ ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിന് വിനോദസഞ്ചാര വകുപ്പ് യഥാക്രമം ഒരു കോടി രൂപയും 42 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലും ഡിടിപിസിയും, ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയും(ഡിഎംസി) ചേര്‍ന്ന് സ്വന്തം ഫണ്ട് ഉപയോഗിച്ച് ഒരു മാസത്തിനുള്ളില്‍ സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അനിതാകുമാരി അറിയിച്ചു. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, കുടുംബശ്രീ യൂണിറ്റുകളുടെയും, എന്‍എസ്എസ് യൂണിറ്റിന്റെയും സഹകരണത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിക്കുക.

Comments

comments

Categories: Slider, Top Stories