സാംസംഗിന്റെ പ്രവര്‍ത്തന ലാഭം വര്‍ധിച്ചു

സാംസംഗിന്റെ പ്രവര്‍ത്തന ലാഭം വര്‍ധിച്ചു

 
സിയോള്‍: ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗ് 2016ന്റെ മൂന്നാം പാദത്തില്‍ പ്രവര്‍ത്തനലാഭം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. 7.8 ബില്യണ്‍ വോണി (7 ബില്യണ്‍ ഡോളര്‍)ന്റെ പ്രവര്‍ത്തന ലാഭമാണ് ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ സാംസംഗ് നേടിയത്.മുന്‍വര്‍ഷം ഇതേ കാലയളവില്‍ നേടിയ പ്രവര്‍ത്തന ലാഭത്തില്‍ നിന്നും 5.55 ശതമാനം വളര്‍ച്ചയാണ് സ്വന്തമാക്കിയിട്ടുള്ളത്. എന്നാല്‍ ഈ വര്‍ഷം രണ്ടാമത്തെ സാമ്പത്തിക പാദത്തില്‍ കമ്പനിക്കു ലഭിച്ച പ്രവര്‍ത്തന ലാഭവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 4.8 ശതമാനത്തോളം കുറവ് നേരിട്ടിട്ടുണ്ട്. രണ്ടാം പാദത്തില്‍ 8.14 ട്രില്യണ്‍ വോണായിരുന്നു സാംസംഗിന്റെ പ്രവര്‍ത്തനലാഭം. രണ്ടു വര്‍ഷത്തിനിടെ സാംസംഗിന് ലഭിച്ച ഉയര്‍ന്ന പ്രവര്‍ത്തന ലാഭവും ഇതായിരുന്നു.

സാങ്കേതിക തകരാറുകളെ തുടര്‍ന്ന് സെപ്റ്റംബര്‍ ആദ്യവാരം 25 ലക്ഷം ഗാലക്‌സി നോട്ട് -7 സ്മാര്‍ട്ട് ഫോണുകള്‍ സാംസംഗ് ആഗോളവിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചിരുന്നു. എന്നാല്‍ ഈ പ്രതികൂല സാഹചര്യത്തിലും സെമികണ്ടക്റ്ററുകളുടേയും ഡിസ്‌പ്ലേ പാനലുകളുടേയും വില്‍പ്പന ഉയര്‍ന്നതാണ് സാംസംഗിന് പ്രവര്‍ത്തന ലാഭം നിലനിര്‍ത്താന്‍ സഹായകമായതെന്ന് സാമ്പത്തിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.

ഗാലക്‌സി നോട്ട് -7 സ്മാര്‍ട്ട് ഫോണുകള്‍ തുടര്‍ച്ചയായി പൊട്ടിത്തെറിച്ച് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ പല വിമാനകമ്പനികളും ഈ ഫോണുമായി യാത്ര ചെയ്യുന്നത് തടഞ്ഞിരുന്നു. യുഎസിലെ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് സേഫ്റ്റി കമ്മിഷനില്‍ 92 ഓളം കേസുകളാണ് ബാറ്ററി അമിതമായി ചൂടായതു സംബന്ധിച്ച് സാംസംഗിനെതിരേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 26 എണ്ണം പൊള്ളലേറ്റിട്ടുള്ളതും 55 എണ്ണം നാശനഷ്ടങ്ങള്‍ വരുത്തിവെച്ചതുമാണ്.

സാംസംഗ് കമ്പനിക്ക് നോട്ട്-7 സ്മാര്‍ട്ട് ഫോണുകള്‍ തിരിച്ചു വിളിച്ചതു കാരണം ഒരു ട്രില്യണ്‍ വോണ്‍ നഷ്ടം ഉണ്ടാകുമെന്നായിരുന്നു സാമ്പത്തിക നിരീക്ഷകര്‍ പറഞ്ഞിരുന്നത്. ബാഹ്യമായ ഓഡിറ്റിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമെ കമ്പനിക്ക് മൊത്തം ലഭിച്ചിട്ടുള്ള വരുമാനം വ്യക്തമാകൂ. ഈ മാസം അവസാനത്തോടെയായിരിക്കും ഇത് പുറത്തിറക്കുകയെന്ന് സാംസംഗ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Comments

comments

Categories: Branding