സൂപ്പര്‍ബൈക്ക്: എംവി അഗസ്ത ലിമിറ്റഡ് എഡിഷന്‍ എഫ്3 800 ആര്‍സി പുറത്തിറക്കി

സൂപ്പര്‍ബൈക്ക്: എംവി അഗസ്ത ലിമിറ്റഡ് എഡിഷന്‍ എഫ്3 800 ആര്‍സി പുറത്തിറക്കി

പൂനെ: ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മാതാക്കളായ എംവി അഗസ്ത എഫ്3 800 ആര്‍സി ലിമിറ്റഡ് എഡിഷന്‍ വിപണിയിലെത്തിച്ചു. 19.73 ലക്ഷം രൂപയാണ് പൂനെ എക്‌സ്‌ഷോറൂം വില. ആര്‍സി വെര്‍ഷനിലുള്ള 800 സിസി ബൈക്ക് നിരത്തുകളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ആഗോള തലത്തില്‍ എഫ്3 800 ആര്‍സി ആകെ നിര്‍മിക്കുന്നത് 250 യൂണിറ്റുകള്‍ മാത്രമാണ്. ഇതില്‍ ഒന്‍പതെണ്ണം മാത്രമാണ് ഇന്ത്യയില്‍ വില്‍പ്പന നടത്തുക. അതേസമയം, ഇതില്‍ അഞ്ച് യൂണിറ്റ് ഇതിനോടകം തന്നെ ഇന്ത്യയില്‍ വില്‍പ്പന നടന്നിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സൂപ്പര്‍സ്‌പോര്‍ട്ട് ലോക ചാംപ്യന്‍ഷിപ്പില്‍ എംവി അഗസ്തയുടെ ഫാക്ടറി ടീമായ ജൂള്‍സ് ക്ലുസെല്‍, ലോറന്‍സോ സനേറ്റി എന്നിവരുടെ കയ്യൊപ്പ് പതിപ്പിച്ചാണ് ലിമിറ്റഡ് എഡിഷന്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. എഫ്3 800 ആര്‍സി സ്വന്തമാക്കുമ്പോള്‍ ലിമിറ്റഡ് എഡിഷന്‍ സീരിയല്‍ നമ്പറിനോടൊപ്പം ഐഡി ലോഹഫലകവും ലഭിക്കും. സൂപ്പര്‍സ്‌പോര്‍ട് ലോക ചാംപ്യന്‍ഷിപ്പ് റൈഡിന് ഉപയോഗിച്ച എഫ്3 800ന്റെ നിരത്തുകളിലെത്തിക്കാന്‍ അനുമതി ലഭിച്ച മോഡലാണിത്.
798 സിസി മൂന്ന് സിലിണ്ടര്‍ എന്‍ജിനാണ് എഫ്3 800ന്റെ ഹൃദയം. 13,000 ആര്‍പിഎമ്മില്‍ 148 ബിഎച്ച്പി കരുത്തും 10,600 ആര്‍പിഎമ്മില്‍ 88എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ നല്‍കും. ആറ് സ്പീഡ് ഗിയര്‍ബോക്‌സുള്ള എഫ്3 800ന്റെ പരമാവധി വേഗത മണിക്കൂറില്‍ 269 കിലോമീറ്ററാണ്.
കരുത്തന്റെ ലുക്കിലുള്ള രൂപ കല്‍പ്പനയാണ് എഫ്3 800ന്റെ സൗന്ദര്യം. മര്‍സൂച്ചി യുഎസ്ഡിയാണ് വാഹനത്തിന്റെ സസ്പന്‍ഷന്‍ കൈകാര്യം ചെയുന്നത്. ക്രമീകരിക്കാന്‍ സാധിക്കുന്ന ഫോര്‍ക്കുകളാണ് ഇതിന്റെ പ്രത്യേകത.

Comments

comments

Categories: Auto