മാരിയറ്റ് സൗത്താഫ്രിക്കയില്‍ അഞ്ച് ഹോട്ടലുകള്‍ നിര്‍മിക്കും

മാരിയറ്റ് സൗത്താഫ്രിക്കയില്‍ അഞ്ച് ഹോട്ടലുകള്‍ നിര്‍മിക്കും

ജോഹനസ്ബര്‍ഗ്: മുന്‍നിര ഹോസ്പിറ്റാലിറ്റി കമ്പനിയായ മാരിയറ്റ് ദക്ഷിണാഫ്രിക്കയില്‍ അഞ്ച് പുതിയ ഹോട്ടലുകള്‍ നിര്‍മിക്കും. ഇതിനായി 218 മില്ല്യന്‍ ഡോളര്‍ നിക്ഷേപമാണ് കമ്പനി നടത്തുക. ആഫ്രിക്കയിലുള്ള മധ്യവര്‍ഗ വളര്‍ച്ചയില്‍ പ്രതീക്ഷിച്ചാണ് കമ്പനി പുതിയ നിക്ഷേപത്തിനൊരുങ്ങുന്നത്.

വിപണിയില്‍ എതിരാളികളായിരുന്ന സ്റ്റാര്‍വുഡ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ടിനെ കഴിഞ്ഞ മാസം ഏറ്റെടുത്തതോടെ ലോകത്തിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായി മാരിയറ്റ് മാറിയിരുന്നു. ജോഹനസ്ബര്‍ഗ്, കേപ്ടൗണ്‍ എന്നിവിടങ്ങളിലായാണ് അഞ്ച് ഹോട്ടലുകള്‍ നിര്‍മിക്കുക. ഇതില്‍ മൂന്നെണ്ണം ജോഹനസ്ബര്‍ഗിലാണ്. കേപ്ടൗണിലുള്ള രണ്ടെണ്ണത്തിന്റെ നിര്‍മാണം കമ്പനി ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. മാരിയറ്റ് ഗ്രൂപ്പുമായി പങ്കാളിത്തം വര്‍ധിപ്പിച്ച് വരുന്ന അംഡെക് ഗ്രൂപ്പാണ് പദ്ധതി വികസനത്തിനുള്ള ഫണ്ട് നല്‍കുന്നത്.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ആഫ്രിക്കയുടെ സമ്പദ് വ്യവസ്ഥ അതിവേഗം വളര്‍ച്ച കൈവരിക്കുന്നുണ്ട്. ഇതോടൊപ്പം ഈ രാജ്യത്തെ മിഡില്‍ ക്ലാസിന്റെ വളര്‍ച്ചയും യുവാക്കളുടെ എണ്ണവും ആഫ്രിക്കയെ മാരിയറ്റിനെ സംബന്ധിച്ച് ഒഴിവാക്കാന്‍ പറ്റാത്തി വിപണിയാണെന്ന് കമ്പനി മേധാവി ആണ്‍ സൊറെന്‍സന്‍ പ്രസ്താനവനിയില്‍ വ്യക്തമാക്കി.
പുതിയ ഹോട്ടലുകള്‍ ആരംഭിക്കുന്നതോടെ ആഫ്രിക്കയില്‍ കമ്പനിയുടെ മൊത്തം ഹോട്ടല്‍ മുറികളുടെ എണ്ണം 27,000 മറികടക്കുമെന്നാണ് മാരിയറ്റിന്റെ ഉടമസ്ഥതിയിലുള്ള റിറ്റ്‌സ് കാള്‍ട്ടന്‍, ഷെറാട്ടന്‍ എന്നീ ബ്രാന്‍ഡുകള്‍ അഭിപ്രായപ്പെടുന്നത്. നിര്‍മിക്കാനിരിക്കുന്ന അഞ്ച് ഹോട്ടലുകള്‍ ഏകദേശം 8,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മാരിയറ്റ് വ്യകതമാക്കുന്നത്.
2014ല്‍ പ്രോടീയെ സ്വന്തമാക്കിയതോടെ ആഫ്രിക്കയിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയും മാരിയറ്റാണ്. പുതിയ ഹോട്ടലുകള്‍ മാരിയറ്റ് ബ്രാന്‍ഡില്‍ തന്നെയാകും പ്രവര്‍ത്തിപ്പിക്കുകയെന്നും കമ്പനി അറിയിച്ചു.

Comments

comments

Categories: Branding