മഹീന്ദ്ര സുപ്രോ വിപണിയില്‍; 8.45 ലക്ഷം രൂപ വില

മഹീന്ദ്ര സുപ്രോ വിപണിയില്‍; 8.45 ലക്ഷം രൂപ വില

ന്യൂഡെല്‍ഹി: ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കൊമേഴ്‌സ്യല്‍, പാസഞ്ചര്‍ വാഹനമായ സുപ്രോയുടെ ഇലക്ട്രിക്ക് പതിപ്പ് വിപണിയിലെത്തിച്ചു. ഡെല്‍ഹി എക്‌സ്‌ഷോറൂമില്‍ കൊമേഴ്‌സ്യല്‍ വാഹനത്തിന് 8.45 ലക്ഷം രൂപയും സുപ്രോ പാസഞ്ചറിന് 8.74 ലക്ഷം രൂപയുമാണ് വില വരുന്നത്. സര്‍ക്കാരിന്റെ ഫെയിം (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക്ക് വെഹിക്കിള്‍) പദ്ധതിയനുസരിച്ച് വാഹനത്തിന് വിലയില്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.
സുപ്രോ ഇലക്ട്രിക്ക് പുറത്തിറക്കിയതോടെ ഇലക്ട്രിക്ക് വാഹന പോര്‍ട്ട്‌ഫോളിയോയില്‍ മഹീന്ദ്രയുടെ വാഹനങ്ങളുടെ എണ്ണം നാലായി ഉയര്‍ന്നു. ഇലക്ട്രിക്ക് പതിപ്പിലുള്ള കാര്‍ഗോ, പാസഞ്ചര്‍ സുപ്രോ ഇ2ഒ, ഇ വെറീറ്റോ എന്നിവയടക്കമാണ് നാല് വാഹനങ്ങള്‍.
മഹീന്ദ്ര ഇലക്ട്രിക്കിന്റെ കീഴില്‍ കൂടുതല്‍ സീറോ എമിഷന്‍ കാറുകള്‍, ലൈസന്‍സ് ആവശ്യമില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തുടങ്ങിയവ നിര്‍മിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ഇലക്ട്രിക്ക് കൊമേഴ്‌സ്യല്‍ വാഹനം കമ്പനി പുറത്തിറക്കിയത്.
ഒറ്റ ചാര്‍ജിംഗില്‍ 110 മുതല്‍ 115 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് സുപ്രോ ഇലക്ട്രിക്ക്. ഒരു ടണ്‍ പേലോഡ് കപ്പാസിറ്റിയുള്ള സുപ്രോയുടെ കാര്‍ഗോ ബോക്‌സിന് എട്ട് അടിയിലധികം നീളമുണ്ട്. എസി, പവര്‍ സ്റ്റിയറിംഗ്, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ് തുടങ്ങിയ ഫീച്ചറുകളും സുപ്രോയില്‍ കമ്പനി നല്‍കിയിട്ടുണ്ട്. ഭാവിയിലുള്ള മൊബിലിറ്റിയില്‍ കമ്പനി വിശ്വസിക്കുന്നുണ്ടെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷന്‍ സിഇഒ പ്രവീണ്‍ ഷാ വ്യക്തമാക്കി.
അതേസമയം, സുപ്രോ ഇലക്ട്രിക്ക് ഇന്ത്യയില്‍ മാത്രം വില്‍പ്പന നടത്താനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. കയറ്റുമതിയുമായി ബന്ധപ്പെട്ട് കമ്പനി പ്രതികരിച്ചിട്ടില്ല.

Comments

comments

Categories: Auto