സര്‍ക്കാര്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് കെല്‍ട്രോണിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍

സര്‍ക്കാര്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് കെല്‍ട്രോണിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍

 

കൊച്ചി: സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ തയാറാക്കാനൊരുങ്ങി കെല്‍ട്രോണ്‍. കെലിബൈ.കോം (kelebuy.com) എന്ന വൈബ്‌സൈറ്റിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉല്‍പ്പന്നങ്ങള്‍ വിപണിയിലുള്ളതിനേക്കാള്‍ വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ വില്‍പ്പന ആരംഭിച്ചിരിക്കുന്ന കെലിബൈ.കോം സര്‍ക്കാര്‍ ഉല്‍പ്പന്നങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ തന്നെ നടത്തുന്ന രാജ്യത്തെ ആദ്യ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റാണ്.

‘ഓണ്‍ലൈന്‍ വില്‍പ്പനയില്‍ ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും മുന്‍നിരക്കാരായി നില്‍ക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ സംരംഭത്തിന് ജനങ്ങള്‍ നല്‍കുന്ന വിശ്വാസ്യത കെലിബൈ.കോം ന് ഊര്‍ജ്ജം പകരുമെന്നതില്‍ സംശയമില്ല. സര്‍ക്കാര്‍ ഉല്‍പ്പന്നങ്ങളെ ഒറ്റ പ്ലാറ്റ്‌ഫോമില്‍ എത്തിക്കുന്നതിനാണ് ലക്ഷ്യംവെക്കുന്നത്,’ കെല്‍ട്രോണ്‍ മാനേജിംഗ് ഡയറക്റ്റര്‍ സി. പ്രസന്നകുമാര്‍ ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു.

ഒക്‌റ്റോബര്‍ മാസത്തില്‍ തന്നെ വെബ്‌സൈറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഔഷധിയുടെ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍, ഹാന്‍ടെക്‌സ് തുണിത്തരങ്ങള്‍, കേരള ദിനേശിന്റെ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയെല്ലാം ഈ വെബ്‌സൈറ്റിലൂടെ ലഭ്യമാകും.

” തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി സഹകരിച്ച് ശബരിമലയില്‍ നിന്നുള്ള അരവണയും അപ്പവും വെബ്‌സൈറ്റിലൂടെ വിപണനം നടത്താനും ആലോചിക്കുന്നുണ്ട്. കേരളത്തിന് വെളിയില്‍ പല സംസ്ഥാനങ്ങളിലും ശബരിമല പ്രസാദത്തിന് ആവശ്യക്കാരേറെയുണ്ട്. അതുകൊണ്ട് ഓണ്‍ലൈന്‍ വഴി ഇത് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍ തന്നെ ഉണ്ടാകും,’ സി പ്രസന്നകുമാര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യാ പോസ്റ്റ് വഴിയാണ് ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാരിലെത്തുക. പത്ത് ദിവസമാണ് ഉല്‍പ്പന്നം എത്താനുള്ള സമയം. നിലവില്‍ നെറ്റ് ബാങ്കിംഗിലൂടെയോ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയോ മുന്‍കൂറായി പണം അടച്ച് വേണം ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍. സാധനം വീട്ടിലെത്തി പണം അടക്കുന്ന രീതി പ്രബല്യത്തില്‍ വരാന്‍ അല്‍പ്പം കാലതാമസം നേരിടും.
വിപണിയില്‍ ഈടാക്കുന്ന വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കെലിബൈയിലൂടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കെലിബൈയിലൂടെ രാജ്യത്തെവിടെ നിന്നും ഓര്‍ഡര്‍ സ്വീകരിച്ച് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിനായും ഓര്‍ഡര്‍ സംബന്ധിച്ച സംശയങ്ങള്‍ക്കും പരാതികള്‍ക്കുമായും പ്രത്യേകം സെന്ററുകള്‍ ഇതിനോടകം കെല്‍ട്രോണ്‍ ആസ്ഥാനത്ത് പ്രവര്‍ത്തിച്ചു തുടങ്ങി.

Comments

comments

Categories: Slider, Top Stories