മെഗാ വില്‍പ്പനയില്‍ ഫ്‌ളിപ്പ്കാര്‍ട്ട് നമ്പര്‍ വണ്‍: 15.5 ദശലക്ഷം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചു

മെഗാ വില്‍പ്പനയില്‍ ഫ്‌ളിപ്പ്കാര്‍ട്ട് നമ്പര്‍ വണ്‍:  15.5 ദശലക്ഷം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചു

ബെംഗളൂരു: ഉത്സവസീസണോടനുബന്ധിച്ച് ഇ-കൊമേഴ്‌സ് കമ്പനികള്‍ ആരംഭിച്ച മെഗാ വില്‍പ്പന മേള അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ ഇന്‍ഡസ്ട്രിയില്‍ ഫ്‌ളിപ്പ്കാര്‍ട്ട്കാര്‍ട്ട് തങ്ങളുടെ സ്ഥാനം നിലനിര്‍ത്തി. ഒക്ടോബര്‍ രണ്ട് മുതല്‍ ആറ് വരെയാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ‘ബിഗ് ബില്ല്യണ്‍ ഡേ’ വില്‍പ്പന നടന്നത്. ഇന്ത്യന്‍ വിപണിയില്‍ കമ്പനിയുടെ മുഖ്യ എതിരാളികളായ സ്‌നാപ്ഡീലിനെയും ആമസോണിനെയും കടത്തിവെട്ടി വലിയ യൂണിറ്റ് ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചതായാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ അവകാശവാദം. ഒക്ടോബര്‍ ഒന്നു മുതല്‍ അഞ്ച് വരെ സംഘടിപ്പിച്ച മെഗാ വില്‍പ്പനയില്‍ ആമസോണ്‍ 15 ദശലക്ഷം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ച് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു.

അഞ്ച് ദിവസത്തെ വില്‍പ്പനയില്‍ 15.5 ദശലക്ഷം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചതായി ഫ്‌ളിപ്പ്കാര്‍ട്ട് അറിയിച്ചു. സ്മാര്‍ട്ട്‌ഫോണ്‍, ടെലിവിഷന്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിഭാഗത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ വിറ്റുവരവ് വര്‍ധിക്കാന്‍ സഹായിച്ചതെന്നും, 500 ദശലക്ഷം ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് അഞ്ച് ദിവസത്തെ വില്‍പ്പനയിലൂടെ വിറ്റഴിച്ചതെന്നും ഫ്‌ളിപ്പ്കാര്‍ട്ട് വക്താവ് അറിയിച്ചു. ഡിറ്റര്‍ജന്റ്, സുഗന്ധവ്യഞ്ജനങ്ങള്‍, പലചരക്ക് സാധനങ്ങളുടെ വിഭാഗത്തില്‍ ആമസോണും കൂടുതല്‍ യൂണിറ്റ് വില്‍പ്പന നടത്തിയതായാണ് വിവരങ്ങള്‍. റീബ്രാന്‍ഡിംഗ് പോലുള്ള പുനാരാവിഷ്‌കരണങ്ങള്‍ ആദ്യ ദിനത്തില്‍ ശുഭപ്രതീക്ഷ നല്‍കിയെങ്കിലും സ്‌നാപ്ഡീലിന് ആമസോണിനെ നേരിട്ട് വിപണിയിലെ രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാനായിട്ടില്ല.

ബിഗ് ബില്ല്യണ്‍ ഡേ തങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാന്യമര്‍ഹിക്കുന്നതാണെന്നും ഇ-ടെയ്‌ലര്‍ വിപണിയില്‍ വ്യക്തമായ മുന്നേറ്റം നിലനിര്‍ത്തുന്നതിന് ഇത് സഹായകമായെന്നും ഫ്‌ളിപ്പ്കാര്‍ട്ട് സിഇഒ ബിന്നി ബെന്‍സാല്‍ പറഞ്ഞു. എന്നാല്‍ വിറ്റഴിക്കപ്പെട്ട സാധനങ്ങളുടെ കൃത്യമായ മൂല്യം പുറത്തുവിടാന്‍ അദ്ദേഹം വിസമ്മതിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 300 ദശലക്ഷം ഡോളര്‍ മൂല്യമുള്ള സാധനങ്ങളാണ് കമ്പനി വിറ്റഴിച്ചത്.

മൊബീല്‍, ലൈഫ്‌സ്റ്റൈല്‍, ഹോം അപ്ലെയന്‍സസ് വിഭാഗങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചായിരുന്നു ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേ വില്‍പ്പന മാമാങ്കത്തിനൊരുങ്ങിയത്. ഇന്ത്യന്‍ വിപണിയില്‍ ആമസോണിനു മുകളിലൊരു ആധിപത്യം ഇപ്പോഴും ഫ്‌ളിപ്പ്കാര്‍ട്ടിനുണ്ടെന്നതിനു തെളിവാണ് ഈ വില്‍പ്പനയെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലുള്ള മുന്നൊരുക്കങ്ങള്‍ ഫ്‌ളിപ്പ്കാര്‍ട്ട് ഈ വര്‍ഷം നടത്തിയിരുന്നു. ഇഎംഐ സര്‍വീസില്‍ 100% വര്‍ധനവും, പ്രൊഡക്ട് എക്‌സ്‌ചേഞ്ച് സേവനത്തില്‍ 50% വര്‍ധനവും മേളയില്‍ കൈവരിക്കാനായെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories