ഹിരാനന്ദനിയില്‍ നിന്നും ബ്രൂക്ക്ഫീല്‍ഡ് സ്വന്തമാക്കിയത് ഒരു ബില്ല്യന്‍ ഡോളര്‍ പ്രോപ്പര്‍ട്ടി: ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍റ്റി കരാര്‍

ഹിരാനന്ദനിയില്‍ നിന്നും ബ്രൂക്ക്ഫീല്‍ഡ് സ്വന്തമാക്കിയത്  ഒരു ബില്ല്യന്‍ ഡോളര്‍ പ്രോപ്പര്‍ട്ടി: ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍റ്റി കരാര്‍

മുംബൈ: ഇന്ത്യന്‍ റിയല്‍റ്റി വിപണിയിലെ കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടി സ്‌പെയ്‌സില്‍ ഏറ്റവും വലിയ കരാറുമായി കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബ്രൂക്ക്ഫീല്‍ഡ് അസറ്റ് മാനേജ്‌മെന്റ്. ഏകദേശം 6,700 കോടി കോടി രൂപയ്ക്കാണ് (ഒരു കോടി ഡോളര്‍) മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹിരാനന്ദനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഓഫീസുകളും റീട്ടെയ്ല്‍ റിയല്‍റ്റി സ്‌പെയ്‌സും കമ്പനി സ്വന്തമാക്കിയത്. മുംബൈയിലെ പോവെയിലാണ് പ്രോപ്പര്‍ട്ടി.
പത്ത് വര്‍ഷം മുമ്പാണ് ഈ പ്രോപ്പര്‍ട്ടിയുടെ നിര്‍മാണം. ഹിരാനന്ദനി ബ്രദേഴ്‌സിന്റെയും നിരഞ്ജന്‍ ആന്‍ഡ് സുരേന്ദ്രയുടെയും പങ്കാളിത്തത്തിലുള്ള ഹിരാനന്ദനി ഗ്രൂപ്പിന് 4.5 മില്ല്യന്‍ സ്‌ക്വയര്‍ഫീറ്റിലുള്ള ഓഫീസ്, റീട്ടെയ്ല്‍ സ്‌പെസുകള്‍ ഈ പ്രോപ്പര്‍ട്ടിയിലുണ്ട്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപക ട്രസ്റ്റ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് പ്രോപ്പര്‍ട്ടി വന്‍തുകയ്ക്ക് ബ്രൂക്ക്ഫീല്‍ഡ് സ്വന്തമാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, നിരഞ്ജന്‍ ഹിരാനന്ദനിയുടെ മകള്‍ പ്രിയ വാന്ദ്രെവാല തങ്ങളുടെ ഉടമസ്ഥതിയിലുള്ള പ്രോപ്പര്‍ട്ടികള്‍ തന്റെ പിതാവും സഹോദരനും ചേര്‍ന്നുള്ള പങ്കാളിത്തത്തില്‍ ഉള്‍പ്പെടുത്തുന്നു എന്നു കാണിച്ച് കോടതിയെ സമീപിച്ചിരുന്നു.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസെസ്, നോമുറ ഗ്രൂപ്പ്, ഡിലോയിറ്റെ കണ്‍സള്‍ട്ടിംഗ് ഇന്ത്യ തുടങ്ങിയ വമ്പന്‍ കമ്പനികളാണ് ഹിരാനന്ദനിയുടെ ഉടമസ്ഥയിലുള്ള പൊവയ് ഓഫീസ് സ്‌പെയ്‌സില്‍ പ്രവര്‍ത്തിക്കുന്നത്.
ആഗോള തലത്തില്‍ പ്രവര്‍ത്തിക്കന്ന അള്‍ട്ടര്‍നേറ്റീവ് അസറ്റ്മാനേജ്‌മെന്റ് സ്ഥാപനമായ ബ്രൂക്ക്ഫീല്‍ഡ് അടുത്തിടെ ഇന്ത്യയില്‍ കൂടുതല്‍ സജീവ ഇടപെടലുകള്‍ നടത്തുന്നുണ്ട്. 2014ല്‍ യൂണിടെക്ക് കോര്‍പ്പറേറ്റ് പാര്‍ക്ക്‌സ് ഉടമസ്ഥത വഹിക്കുന്ന നാല് പ്രത്യേക സാമ്പത്തിക മേഖകളുടെ 100 ശതമാനം ഓഹരികള്‍ ബ്രൂക്ക്ഫീല്‍ഡ് സ്വന്തമാക്കിയിരുന്നു. 3,500 കോടി രൂപയ്ക്ക് കമ്പനിയുടെ തന്നെ രണ്ട് അസറ്റുകളിലെ 60 ശതമാനം ഓഹരിയും ബ്രൂക്ക്ഫീല്‍ഡ് നേടിയിരുന്നു.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ ലഭ്യമായതോടെ കൂടുതല്‍ വിദേശ കമ്പനികള്‍ ഇന്ത്യന്‍ റിയല്‍റ്റി മേഖലയിലേക്ക് നിക്ഷേപം നടത്താന്‍ ആരംഭിച്ചിട്ടുണ്ട്. സോവറിന്‍ ഫണ്ടുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ ഇന്ത്യന്‍ റിയല്‍റ്റി വിപണിയില്‍ വന്‍ ഏറ്റെടുക്കലോടെ രംഗപ്രവേശം ചെയ്യുന്നുണ്ട്.
ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരായ ബ്ലാക്ക്‌സ്റ്റോണ്‍ ഗ്രൂപ്പ്, സിംഗപ്പൂര്‍ സോവറിന്‍ ഫണ്ട് സ്ഥാപനമായ ജിഐസി, കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വസ്റ്റ്‌മെന്റ് ബോര്‍ഡ്, ഗോള്‍ഡ്മാന്‍ സാച്ച്‌സ്, ഖത്തര്‍ ഇന്‍വസ്റ്റ്‌മെന്റ് അതോറിറ്റി തുടങ്ങിയ കമ്പനികള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ റിയല്‍റ്റി വിപണിയില്‍ നിക്ഷേപം നടത്തുന്നുണ്ട്.
നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം മാത്രം 15,000 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ സ്വകാര്യ ഇക്വിറ്റി കമ്പനികള്‍ ഇന്ത്യന്‍ റിയല്‍റ്റി വിപണിയിലേക്കൊഴുക്കിയത്.

Comments

comments

Categories: Business & Economy