ജിഎസ്ടി ഇന്ത്യയുടെ പുരോഗതിയെ മുന്നോട്ടു നയിക്കും: ഐഎംഎഫ്

ജിഎസ്ടി  ഇന്ത്യയുടെ പുരോഗതിയെ മുന്നോട്ടു നയിക്കും: ഐഎംഎഫ്

 

വാഷിംഗ്ടണ്‍: ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കുന്നത് ഇന്ത്യയുടെ ഇടക്കാല പുരോഗതിയെ മുന്നോട്ട് നയിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). ഏഷ്യ- പസഫിക് മേഖലയെ കുറിച്ചുള്ള സാമ്പത്തിക അവലോകനത്തിലാണ് ഐഎംഎഫ് ഇക്കാര്യം വിലയിരുത്തിയത്. നിലവില്‍ ഇന്ത്യക്ക് വളര്‍ച്ച തിരിച്ചുപിടിക്കാന്‍ സാധിച്ചിട്ടുള്ളത് സ്വകാര്യ ഉപഭോഗം വര്‍ധിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന് ഐഎംഎഫ് നിരീക്ഷിച്ചു.

ഉയര്‍ന്ന മണ്‍സൂണ്‍ നിരക്ക് കാര്‍ഷികമേഖലയ്ക്ക് പ്രോത്സാഹനമേകും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ ഉണ്ടായിട്ടുള്ള വര്‍ധനയും ആഭ്യന്തര വിപണിയിലെ ആവശ്യങ്ങള്‍ ഉയര്‍ത്താന്‍ സഹായകമാകും. സ്വകാര്യ നിക്ഷേപം വര്‍ധിക്കുന്നത് വികസന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മുന്നോട്ടു നയിക്കും. 2016, 17 വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ജിഡിപി 7.6 ശതമാനമായിരിക്കുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 2017, 18 വര്‍ഷങ്ങളില്‍ 0.1 ശതമാനം വളര്‍ച്ചാണ് ഇന്ത്യയുടെ ജിഡിപിയില്‍ ഐഎംഎഫ് പ്രതീക്ഷിക്കുന്നത്.

വ്യാവസായിക നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഇന്ത്യ പുരോഗതി കൈവരിച്ചതായി ഐഎംഎഫ് ചൂണ്ടിക്കാട്ടി. സാമ്പത്തിക വളര്‍ച്ചയ്ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കൂടുതല്‍ അയഞ്ഞ സ്വാഭാവമുള്ള തൊഴില്‍ വിപണിയും മത്സരക്ഷമമായ ഉല്‍പ്പന്ന വിപണിയും ആവശ്യമാണെന്ന് ഐഎംഎഫ് നിരീക്ഷിച്ചു. കോര്‍പ്പറേറ്റ് വായ്പകള്‍ക്ക് പുനര്‍രൂപീകരണം നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ പ്രാഥമിക പരിഗണനയില്‍ ഉള്‍പ്പെടുത്തണമെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടി.

ചൈനയുടെ ജിഡിപി വളര്‍ച്ചയും അടുത്തകാലത്തേക്ക് ശക്തമായ നിലയില്‍ തുടരുമെന്ന് ഐഎംഎഫ് സൂചിപ്പിച്ചു. അടിസ്ഥാന സൗകര്യമേഖലയില്‍ നിക്ഷേപം വര്‍ധിപ്പിച്ചതാണ് ചൈനയ്ക്കു സഹായകമായതെന്ന് ഐഎംഎഫ് അഭിപ്രായപ്പെട്ടു.

Comments

comments

Categories: Slider, Top Stories