സ്‌നോഡന്‍ 2.0: സുരക്ഷാ ഏജന്‍സിയുടെ രഹസ്യസ്വഭാവമുള്ള വിവരം ചോര്‍ന്നു; അമേരിക്കയ്ക്ക് കനത്ത പ്രഹരം

സ്‌നോഡന്‍ 2.0: സുരക്ഷാ ഏജന്‍സിയുടെ രഹസ്യസ്വഭാവമുള്ള വിവരം ചോര്‍ന്നു; അമേരിക്കയ്ക്ക് കനത്ത പ്രഹരം

അമേരിക്കന്‍ സുരക്ഷാ ഏജന്‍സിക്ക് തലവേദന സൃഷ്ടിച്ചു കൊണ്ട് വീണ്ടുമൊരു അറസ്റ്റ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയുടെ (എന്‍എസ്എ) മുന്‍ കരാര്‍ ജീവനക്കാരനെ എഫ്ബിഐ ഈ മാസം അഞ്ചിന് അറസ്റ്റ് ചെയ്ത വാര്‍ത്തയാണു തലവേദന സൃഷ്ടിച്ചിരിക്കുന്നത്. യുഎസും റഷ്യയും തമ്മില്‍ സൈബര്‍യുദ്ധം മൂര്‍ച്ഛിച്ചിരിക്കുന്ന സമയത്ത്, യുഎസിന്റെ സുരക്ഷാ ഏജന്‍സിയിലെ മുന്‍ ജീവനക്കാരന്‍ സൈബര്‍ കുറ്റകൃത്യം നടത്തിയതായി കണ്ടെത്തിയിരിക്കുന്നത് അവരെ വല്ലാതെ അലട്ടുന്നുണ്ട്.

യുഎസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റഷ്യന്‍ ഹാക്കര്‍മാര്‍ നിരവധി വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന് പരക്കേ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ്. ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ സ്ഥാനാര്‍ഥിത്വത്തിന് ശ്രമിച്ച ബേണി സാന്‍ഡേഴ്‌സിനെ ഡമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി, ഹിലരിക്ക് വേണ്ടി വെട്ടിയൊതുക്കിയ രഹസ്യങ്ങള്‍ പുറത്തുവിട്ടത് വലിയ ഒച്ചപ്പാടിന് കാരണമായി തീര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നു റഷ്യയ്‌ക്കെതിരേ കടുത്ത വിമര്‍ശനവുമായി ഹിലരി രംഗത്തുവരികയും ചെയ്തിരുന്നു. യുഎസ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ റഷ്യ അന്യായമായി ഇടപെടുന്നുണ്ടെന്ന വാദത്തിന് ഈയൊരു സംഭവം കാരണമാവുകയും ചെയ്തിരുന്നു.
വിദേശ സര്‍ക്കാരുകളുടെ കമ്പ്യൂട്ടര്‍ ശൃംഖലകള്‍ ഹാക്ക് ചെയ്യാന്‍ വേണ്ടി എന്‍എസ്എ വികസിപ്പിച്ചെടുത്ത അതീവ രഹസ്യസ്വഭാവമുള്ള കമ്പ്യൂട്ടര്‍ കോഡ് മോഷ്ടിച്ചെടുത്തെന്നും അവ പുറംലോകത്തിനു വെളിപ്പെടുത്തി കൊടുത്തിരിക്കാമെന്നുമുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു എന്‍എസ്എയുടെ കണ്‍സള്‍ട്ടിംഗ് കമ്പനിയായ ബൂസ് അലന്‍ ഹാമില്‍ട്ടനിലെ കരാര്‍ ജീവനക്കാരനായിരുന്ന ഹരോള്‍ഡ് തോമസ് മാര്‍ട്ടിനെ അദ്ദേഹത്തിന്റെ മേരിലാന്‍ഡിലെ ഗ്ലെന്‍ ബേണിയിലുള്ള വസതിയില്‍നിന്നും എഫ്ബിഐ ഇക്കഴിഞ്ഞ ഓഗസ്റ്റ് 27ന് അറസ്റ്റ് ചെയ്തത്. 51കാരനായ ഹരോള്‍ഡ് അറസ്റ്റ് ചെയ്യുന്ന സമയത്ത് യുഎസ് പ്രതിരോധ വകുപ്പിലെ കരാര്‍ ജീവനക്കാരനായിരുന്നു. അറസ്റ്റ് ചെയ്തത് ഓഗസ്റ്റ്-27നായിരുന്നെങ്കിലും വിവരം പുറത്തുവിട്ടത് ഈ മാസം അഞ്ചിനായിരുന്നു. ഓഗസ്റ്റ്-27ന് അറസ്റ്റ് ചെയ്യുന്നതിനു മുന്നോടിയായി അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ അതീവ രഹസ്യസ്വഭാവമുള്ള നിരവധി ഡോക്യുമെന്റ്‌സും, ഡിജിറ്റല്‍ ഇന്‍ഫര്‍മേഷനും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയുണ്ടായി. സര്‍ക്കാരിന്റെ രഹസ്യവിവരങ്ങള്‍ മോഷ്ടിച്ചെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്.
യുഎസിന്റെ സര്‍വൈലന്‍സ് പ്രോഗ്രാം (വ്യക്തികളെയും സ്ഥാപനങ്ങളെയും നിരീക്ഷിച്ച് അവരുടെ ഫോണ്‍ സംഭാഷണങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോര്‍ത്തുന്ന രീതി) വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണു മോഷണം പോയത്.
2013ല്‍ യുഎസില്‍ സമാനമായൊരു സാഹചര്യമുണ്ടായിരുന്നു. അന്ന് എന്‍എസ്എ കരാറുകാരനായിരുന്ന എഡ്വേഡ് സ്‌നോഡനെയാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്. യുഎസിന്റെ സര്‍വൈലന്‍സ് പ്രോഗ്രാം ചോര്‍ത്തിയതിനു ശേഷം മാധ്യമപ്രവര്‍ത്തകരിലൂടെ വിവരങ്ങള്‍ പുറം ലോകത്തിനു മുമ്പാകെ വെളിപ്പെടുത്തല്‍ നടത്തി. സ്‌നോഡനും കണ്‍സള്‍ട്ടിംഗ് കമ്പനിയായ ബൂസ് അലന്‍ ഹാമില്‍ട്ടന്റെ കരാര്‍ ജീവനക്കാരനായിരുന്നു. കോടതി പുറത്തുവിട്ട രേഖകള്‍ പ്രകാരം, അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ഹരോള്‍ഡ് മാര്‍ട്ടിന്റെ വസതിയില്‍നിന്നും സ്വകാര്യ കാറില്‍നിന്നും രഹസ്യസ്വഭാവം സൂക്ഷിച്ചിരിക്കുന്ന ആയിരക്കണക്കിന് രേഖകളും ഒരു ഡസനിലേറെ കമ്പ്യൂട്ടറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. രഹസ്യ രേഖകളില്‍ ചിലത് (കമ്പ്യൂട്ടര്‍ കോഡ് ഉള്‍പ്പെടെയുള്ളവ) ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിട്ടുള്ളതായും അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്.
എന്‍എസ്എയുടെ ഹാക്കിംഗ് ടൂള്‍സ് 500 മില്യണ്‍ ഡോളറിന് ലഭിക്കുമെന്നു പരസ്യപ്പെടുത്തി ഷാഡോ ബ്രോക്കേഴ്‌സ് എന്ന ഓണ്‍ലൈന്‍ ഗ്രൂപ്പ് രംഗത്തുവന്നതോടെയാണു മോഷണം നടന്നെന്നു എന്‍എസ്എയ്ക്കു ബോദ്ധ്യപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് സംശയത്തിന്റെ മുന ഹരോള്‍ഡിലേക്ക് നീളുന്നത്. ഹരോള്‍ഡില്‍നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തതും ഓണ്‍ലൈനില്‍ വില്പനയ്ക്കു വച്ചതും സാമ്യമുള്ളവയാണ്. രേഖകളും ഡിജിറ്റല്‍ ഫയലുകളും മോഷ്ടിച്ചെന്ന കാര്യം എഫ്ബിഐ ചോദ്യം ചെയ്യുന്നതിനിടെ ഹരോള്‍ഡ് നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ കൈകാര്യം ചെയ്യാന്‍ അനുമതിയില്ലാത്ത എന്‍എസ്എയുടെ രേഖകളും ഫയലുകളും താന്‍ കൈകാര്യം ചെയ്തിരുന്നെന്ന് അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് പറയുകയുണ്ടായി.
സ്‌നോഡനില്‍നിന്നും വ്യത്യസ്തമാണ് ഹരോള്‍ഡിന്റെ മോഷണമെന്നാണ് എന്‍എസ്എ ഉദ്യോഗസ്ഥര്‍ കരുതുന്നത്. സ്‌നോഡന്‍ പുറത്തുവിട്ടത് എന്‍എസ്എയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വൈലന്‍സ് പ്രോഗ്രാമിന്റെ വിവരങ്ങളായിരുന്നു. എന്നാല്‍ എന്‍എസ്എ വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടര്‍ കോഡ് മോഷ്ടിച്ചെന്ന കുറ്റമാണ് ഹരോള്‍ഡിനെതിരേ ആരോപിച്ചിരിക്കുന്നത്. ഈ കോഡ് ഉപയോഗിച്ച് റഷ്യ, ചൈന, ഇറാന്‍, വടക്കന്‍ കൊറിയ തുടങ്ങിയ യുഎസിന്റെ എതിര്‍ ചേരിയിലുള്ള രാജ്യങ്ങളിലെ കമ്പ്യൂട്ടര്‍ ശൃംഖലകളെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ്.
മൂന്ന് വര്‍ഷം മുന്‍പ് സ്‌നോഡന്‍ അമേരിക്കയുടെ സര്‍വൈലന്‍സ് പ്രോഗ്രാമിനെ കുറിച്ചുള്ള വെളുപ്പെടുത്തല്‍ നടത്തിയതിലൂടെ സംഭവിച്ച പരിക്കും നഷ്ടവും നികത്താന്‍ ലക്ഷക്കണക്കിന് ഡോളര്‍ ഇതിനോടകം യുഎസ് ചെലവഴിച്ച് കഴിഞ്ഞു. ഇപ്പോള്‍ ഇതാ മറ്റൊരു ഞെട്ടിക്കുന്ന അറസ്റ്റ് നടന്നിരിക്കുന്നു. ഹരോള്‍ഡില്‍ എഫ്ബിഐ ആരോപിച്ചിരിക്കുന്ന വിവരങ്ങള്‍ സത്യമാണെങ്കില്‍ അമേരിക്കയ്ക്കു സംഭവിക്കാന്‍ പോകുന്ന നഷ്ടം വളരെ വലുതായിരിക്കും. അത് മൂല്യത്തിന്റെ അടിസ്ഥാനത്തിലല്ല, പകരം സുരക്ഷയുടെ കാര്യത്തിലായിരിക്കുമെന്നു മാത്രം.

Comments

comments

Categories: Slider, World