കാണ്ട്‌ല-ഖൊരക്പൂര്‍ എല്‍പിജി പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ ഐഒസി

കാണ്ട്‌ല-ഖൊരക്പൂര്‍  എല്‍പിജി  പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ ഐഒസി

ന്യൂഡെല്‍ഹി: ഗുജറാത്തിലെ കാണ്ട്‌ലയില്‍ നിന്ന് യുപിയിലെ ഖൊരക്പൂര്‍ വരെ ദ്രവീകൃത പ്രകൃതി വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) പദ്ധതി ആവിഷ്‌കരിക്കുന്നു. രാജ്യത്തു വര്‍ധിച്ചുവരുന്ന പാചകവാതക ആവശ്യകത കണക്കിലെടുത്താണ് പുതിയ നടപടി. എല്‍പിജി പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും താല്‍പര്യമറിയിച്ച് പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് ബോര്‍ഡിന് ഐഒസി അപേക്ഷ സമര്‍പ്പിച്ചു.
2,000 കിലോ മീറ്റര്‍ നീളമുള്ള പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ ഏകദേശം 5000-6000 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്. കൊയാലി റിഫൈനറി, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ പമ്പ് സ്റ്റേഷനുകളുണ്ടായിരിക്കും. കൂടാതെ അഹമ്മദാബാദ്, ഉജ്ജയ്ന്‍, ഭോപ്പാല്‍, കാണ്‍പൂര്‍, അലഹാബാദ്, വാരണാസി, ലക്‌നൗ, ഖൊരക്പൂര്‍ എന്നിവിടങ്ങളിലെ ബോട്ട്‌ലിംഗ് പ്ലാന്റുകള്‍ക്കും എല്‍പിജി നല്‍കും.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അഞ്ചു മാസങ്ങളില്‍ രാജ്യത്തെ എല്‍പിജി ഉപഭോഗത്തില്‍ 10.5 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു. മൂന്നുവര്‍ഷത്തിനുള്ളില്‍ എല്‍പിജി ഉപയോക്താക്കളുടെ എണ്ണം 60 ശതമാനത്തിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതിനാല്‍ ഈ നിരക്ക് തുടരാനാണ് സാധ്യത. പ്രാദേശിക ആവശ്യം വര്‍ധിക്കുന്നത് ഇറക്കുമതിയും ഉയര്‍ത്തും. ഐഒസി ബോട്ട്‌ലിംഗ് പ്ലാന്റില്‍ നിന്നുള്ള ആഭ്യന്തര വിതരണവും എല്‍പിജിയുടെ ആവശ്യകതയും തമ്മിലെ അന്തരം 2030-31 കാലയളവില്‍ ഏകദേശം 10 മില്ല്യണ്‍ മെട്രിക് ടണ്ണാകുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയായാല്‍ പാചകവാതക ലഭ്യതയിലെ കുറവു കാരണം ഏറ്റവും അടുത്ത ടെര്‍മിനലില്‍ എല്‍പിജി ഇറക്കുമതി ചെയ്യേണ്ടതായി വരും. അത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതിനാവശ്യമായ സൗകര്യങ്ങളും ഒരുക്കേണ്ടതായുണ്ടെന്നും ഐഒസി വ്യക്തമാക്കി.
ഇറക്കുമതി കൂടിവരുന്നതു കണക്കിലെടുത്ത് പാരദ്വീപ്, കൊച്ചി, കാണ്ട്‌ല ടെര്‍മിനലുകളുടെ ശേഷി വര്‍ധിപ്പിക്കും. രാജ്യത്തിന്റെ വടക്കന്‍, മധ്യ മേഖലകളിലെ ആവശ്യകത പരിഗണിച്ച് എല്‍പിജി ഇറക്കുമതി ചെയ്യുന്നതിന് പശ്ചിമതീരമാണ് ഏറ്റവും അനുയോജ്യമെന്നും കമ്പനി ചൂണ്ടിക്കാട്ടി. കാണ്ട്‌ലയിലെ ഇറക്കുമതി ടെര്‍മിനലിന്റെ ശേഷി 1.5 മില്ല്യണ്‍ മെട്രിക് ടണ്ണില്‍ നിന്നും 5 മില്ല്യണ്‍ മെട്രിക് ടണ്ണാക്കി ഉയര്‍ത്തുന്നതിനും ഐഒസിക്ക് പദ്ധതിയുണ്ട്.

Comments

comments

Categories: Branding