2020ല്‍ ഇന്ത്യയിലെ എഫ്എംസിജി വിപണിയുടെ മൂല്യം 104 ബില്യണ്‍ ഡോളാകും: അസോചം

2020ല്‍ ഇന്ത്യയിലെ എഫ്എംസിജി വിപണിയുടെ മൂല്യം 104 ബില്യണ്‍ ഡോളാകും: അസോചം

 
ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്എംസിജി) വിപണി 2020 ആകുമ്പോഴേക്കും 104 ബില്യണ്‍ ഡോളറിന്റേതാകുമെന്ന് പഠനം. അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ(അസോചം)യും ടെക്‌സൈ റിസര്‍ച്ചും സംയുക്തമായി നടത്തിയ പഠനമാണ് ഇതു വ്യക്തമാക്കുന്നത്. രാജ്യത്തെ എഫ്എംസിജി മേഖല 20.6 വാര്‍ഷിക വളര്‍ച്ചയാണ് നേടുന്നതെന്ന് ‘ഇന്ത്യന്‍ എഫ്എംസിജി മാര്‍ക്കറ്റ് 2020’ എന്ന തലക്കെട്ടിലുള്ള പഠനം നിരീക്ഷിക്കുന്നു.

നിലവില്‍ എഫ്എംസിജി വിപണിക്ക് 49 ബില്യണ്‍ ഡോളര്‍ മൂല്യമാണുള്ളത്. സ്ഥിരതയാര്‍ന്ന സാമ്പത്തിക പുരോഗതിയാണ് രാജ്യത്തെ എഫ്എംസിജി മേഖലയെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്. രാജ്യത്തെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ക്ക് പഠനം ശുഭസൂചനയാണ് നല്‍കുന്നതെന്ന് അസോചം സെക്രട്ടറി ജനറല്‍ ഡി എസ് റാവത്ത് അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ വ്യവസായ മേഖലയിലെ നാലാമത്തെ വലിയ വിഭാഗമാണ് എഫ്എംസിജി. മൂന്നു മില്യണ്‍ തൊഴിലവസരങ്ങളാണ് രാജ്യത്ത് എഫ്എംസിജി മേഖല ഒരുക്കുന്നത്. ഇന്ത്യയിലെ ഫാക്റ്ററികളിലെ മൊത്തം ജീവനക്കാരില്‍ അഞ്ചു ശതമാനത്തോളം എഫ്എംസിജി മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അസോചം പഠനം സൂചിപ്പിച്ചു. പ്രതിശീര്‍ഷ വരുമാനത്തിലെ വര്‍ധന, യുവാക്കളുടെ എണ്ണത്തിലുള്ള കൂടുതല്‍, ബ്രാന്‍ഡ് താല്‍പ്പര്യങ്ങളിലുണ്ടായിട്ടുള്ള വര്‍ധന എന്നിവ എഫ്എംസിജി വിപണിയുടെ വളര്‍ച്ചയെ മുന്നോട്ടു കൊണ്ടുപോകുന്ന ഘടകങ്ങളാണ്.

ലളിതമായ ഇറക്കുമതി വ്യവസ്ഥകളും സാങ്കേതിക സൗകര്യങ്ങളും ഈ മേഖലയില്‍ വിദേശ നിക്ഷേപകരുടെ കടന്നുവരവിനും പ്രചോദനമേകിയിട്ടുണ്ട്. അടിസ്ഥാന സൗകര്യമേഖലയിലെ പെട്ടന്നുള്ള വികസനം, പുതിയ ഉല്‍പ്പന്നങ്ങളുടെ വികസനം, വിതരണ സംവിധാനത്തിലുണ്ടായിട്ടുള്ള വര്‍ധന എന്നിവയും എഫ്എംസിജി വിപണി ശക്തിയാര്‍ജ്ജിക്കുന്നതിനുള്ള പ്രേരക ഘടകങ്ങളാണ്.

ആഗോള എഫ്എംസിജി വിപണിയില്‍ 0.68 ശതമാനം മാത്രമാണ് ഇന്ത്യയുടെ വിഹിതം. 4.4 ശതമാനമാണ് ആഗോള തലത്തില്‍ എഫ്എംസിജി വിപണിയുടെ വര്‍ഷിക വളര്‍ച്ചാ നിരക്ക്. ഇത് ഇന്ത്യയിലെ എഫ്എംസിജി വിപണിയുടെ വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെയധികം മന്ദഗതിയിലാണെന്ന് പഠനം വിലയിരുത്തുന്നു. ചൈനയിലും യൂറോസോണിലും ഉണ്ടായിട്ടുള്ള സാമ്പത്തിക വളര്‍ച്ചയിലെ മന്ദഗതിയാണ് പ്രധാന കാരണം. വളരുന്ന വിപണികളുള്ള റഷ്യയും ബ്രസീലും ഇതേ അവസ്ഥ അഭിമുഖീകരിക്കുന്നുണ്ട്. ഇതു താരതമ്യേന മെച്ചപ്പെട്ട അവസ്ഥയുള്ള ഇന്ത്യന്‍ വിപണിക്ക് എഫ്എംസിജി മേഖലയില്‍ വളര്‍ച്ച പ്രാപിക്കുന്നതിന് മുന്‍തൂക്കമേകുന്നു.

Comments

comments

Categories: Business & Economy, Slider