ചബാഹാര്‍ തുറമുഖ പദ്ധതി: ഇന്ത്യയുടെ മെല്ലപ്പോക്ക് മുതലാക്കി ചൈനയും പാകിസ്ഥാനും

ചബാഹാര്‍ തുറമുഖ പദ്ധതി:  ഇന്ത്യയുടെ മെല്ലപ്പോക്ക് മുതലാക്കി ചൈനയും പാകിസ്ഥാനും

 

ന്യൂഡെല്‍ഹി: ഇറാനിലെ ചബാഹാര്‍ തുറമുഖ വികസന പദ്ധതിയില്‍ ഇന്ത്യ മെല്ലപ്പോക്ക് നയം തുടരുമ്പോള്‍ പാക് സഹായത്തോടെ ചൈന സമാനമായ പദ്ധതിയുമായി മുന്നോട്ടു പോകുന്നു. ചബാഹാറില്‍ നിന്ന് 100 കിലോമീറ്റര്‍ മാറി ഗ്വാഡോര്‍ തുറമുഖ വികസനത്തിനാണ് ചൈന ശ്രമിക്കുന്നത്.

ഇന്ത്യക്കും ഇറാനും പുറമെ അഫ്ഗാനിസ്ഥാനും പ്രത്യേക താല്‍പ്പര്യമുള്ളതായിരുന്നു ചബാഹാര്‍ തുറമുഖ പദ്ധതി. 500 മില്യണ്‍ ഡോളറാണ് ഇന്ത്യ പദ്ധതിക്കായി നിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ഇന്ത്യ ഏര്‍പ്പെടുന്ന വിദേശ കരാറുകളില്‍ സാധാരണയായി സംഭവിക്കുന്ന പ്രശ്‌നമാണ് ചബാഹാറിലും ഉണ്ടായിട്ടുള്ളതെന്ന് മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗേറ്റ് വേ എന്ന ഗവേഷണ സ്ഥാപനത്തിലെ നിരീക്ഷകന്‍ സമീര്‍ പാട്ടീല്‍ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി പദ്ധതിക്കായി ധാരണ പത്രം ഒപ്പിട്ടതിനു ശേഷം ഇടപാടുകാര്‍ക്ക് പലപ്പോഴും പദ്ധതികളുമായി മുന്നോട്ടു പോകുന്നതിന് തടസം നേരിടാറുണ്ട്. ഇന്ത്യയിലെ ഉദ്യോഗസ്ഥവൃന്ദം സമയോചിതമായി പ്രവര്‍ത്തിക്കാത്തതാണ് ഇതിനു കാരണമെന്നും സമീര്‍ പാട്ടീല്‍ ചൂണ്ടിക്കാട്ടി.

ചബാഹാര്‍ പദ്ധതിയുടെ നയതന്ത്ര പ്രാധാന്യം മനസിലാക്കാതെ രണ്ടു വര്‍ഷത്തോളം പദ്ധതിക്കാവശ്യമായ 30 ബില്യണ്‍ ഡോളര്‍ ഡ്യൂട്ടി ആരടയ്ക്കണമെന്നു വാദിച്ച് ഇന്ത്യയും ഇറാനും രണ്ടുവര്‍ഷത്തോളം പാഴാക്കി. എന്നാല്‍ ഇതിനിടയില്‍ ചൈന പാകിസ്ഥാനില്‍ 45 ബില്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ സാമ്പത്തിക ഇടനാഴിക്കായുള്ള പദ്ധതി മുന്നോട്ടു കൊണ്ടുപോയി. ചൈന- പാക് സാമ്പത്തിക ഇടനാഴിക്ക് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി) എട്ടു ബില്യണ്‍ ഡോളര്‍ ധനസഹായം കൂടി അനുവദിച്ചതോടെ മൊത്തം പദ്ധതിയുടെ മൂല്യം 53 ബില്യണ്‍ ഡോളറായിട്ടുണ്ട്. നിര്‍ദിഷ്ട സാമ്പത്തിക ഇടനാഴിയുടെ മുഖ്യപ്രയോജനം ഗ്വാഡോര്‍ തുറമുഖപദ്ധതിക്കു ലഭിക്കാനിടയുണ്ടെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ സൂചിപ്പിച്ചു.

ദക്ഷിണേഷ്യന്‍ മേഖലയില്‍ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിന് സഹായകമായ പദ്ധതിയായിട്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ചബാഹാര്‍ തുറമുഖ പദ്ധതിയെ കണക്കാക്കിയിരുന്നത്. 2014ല്‍ ഇറാനു മേല്‍ അന്താരാഷ്ട്ര ഉപരോധം ഏര്‍പ്പെടുത്തുതിനു മുന്‍പായി ഇന്ത്യയും ഇറാനും തമ്മില്‍ ചബാഹാര്‍ തുറമുഖമേഖലയില്‍ സഹകരിക്കുന്നതിന് ധാരണാപത്രം ഒപ്പു വെച്ചിരുന്നു. ചബാഹാര്‍ തുറമുഖത്തിലെ രണ്ടു ഡെക്കുകള്‍ 10 വര്‍ഷത്തേക്ക് ഇന്ത്യയുടെ നിയന്ത്രണത്തില്‍ വിട്ടുകൊടുക്കുന്നതായിരുന്നു നിര്‍ദിഷ്ട പദ്ധതി. ഇറാനു മേലുണ്ടായിരുന്ന അന്താരാഷ്ട്ര ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ നാള്‍ നിര്‍ജ്ജീവാവസ്ഥയിലായിരുന്ന പദ്ധതിക്ക് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ദ്വിദിന ഇറാന്‍ സന്ദര്‍ശനത്തിലാണ് വീണ്ടും ജീവന്‍ വെച്ചത്. മോദിയുടെ ഇറാന്‍ സന്ദര്‍ശനത്തില്‍ ധാരണാപത്രം ഒപ്പുവച്ചെങ്കിലും പിന്നീട് വിഷയത്തില്‍ പുരോഗതി ഉണ്ടായിരുന്നില്ല.

Comments

comments

Categories: Slider, Top Stories