യുഎസ് രാഷ്ട്രീയം തെരഞ്ഞെടുപ്പ് ചൂടിലേക്ക്: റഷ്യയ്ക്ക് സിറിയയില്‍ പിടിമുറുക്കാന്‍ അവസരം

യുഎസ് രാഷ്ട്രീയം തെരഞ്ഞെടുപ്പ് ചൂടിലേക്ക്: റഷ്യയ്ക്ക് സിറിയയില്‍ പിടിമുറുക്കാന്‍ അവസരം

ഒബാമ ഭരണകൂടത്തിന്റെ കാലാവധി അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഭരണതലത്തില്‍ ഏറെക്കുറെ ശക്തിക്ഷയിച്ച അവസ്ഥയിലുമാണ് ഒബാമ. 2001 സെപ്റ്റംബര്‍ 11ലെ ആക്രമണത്തിന് ഇരയായവരുടെ ബന്ധുക്കള്‍ക്കു നഷ്ടപരിഹാരം ലഭിക്കാന്‍ സൗദി അറേബ്യക്കെതിരേ കോടതിയെ സമീപിക്കാന്‍ അനുവാദം നല്‍കുന്ന (Justice against sponsors of terrorism act ) ബില്‍ യുഎസ് സെനറ്റ് ഐക്യകണ്‌ഠേന പാസാക്കിയതോടെ നിയമമായിരിക്കുകയാണ്. എന്നാല്‍ ഈ ബില്‍ നിയമമാകുന്നതിനു മുന്നോടിയായി നടന്ന നടപടിക്രമങ്ങളെ ഒബാമ വീറ്റോ ചെയ്തിരുന്നതാണ്. എന്നാല്‍ ഒബാമയുടെ വീറ്റോ റദ്ദാക്കിക്കൊണ്ട് യുഎസ് കോണ്‍ഗ്രസ് ബില്‍ പാസാക്കുകയുണ്ടായി. ഇതാദ്യമായാണ് ഒബാമയുടെ വീറ്റോ നിയമനിര്‍മാണ സഭയായ അമേരിക്കന്‍ കോണ്‍ഗ്രസ് മറികടന്നത്. ഒബാമയുടെ ശക്തിക്ഷയിച്ചതിന്റെ ഒരു ഉദാഹരണമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

അമേരിക്കന്‍ രാഷ്ട്രീയം പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ, യുഎസ് നയതന്ത്രതലത്തില്‍ സംജാതമായിരിക്കുന്ന ഇടവേള റഷ്യയ്ക്ക് സമ്മാനിച്ചിരിക്കുന്നത് സിറിയയില്‍ പിടിമുറുക്കാനുള്ള അസുലഭ അവസരമാണ്. അധികാരത്തില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സ്ഥാനം കൂടുതല്‍ ദൃഢമാക്കാനും കൂടുതല്‍ കരുത്ത് ആര്‍ജ്ജിക്കാനുമൊക്കെ ഈ ഇടവേള റഷ്യ ഉപയോഗപ്പെടുത്തുകയാണ്.
യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി, 2017 ജനുവരി 20നായിരിക്കും വൈറ്റ് ഹൗസിലെത്തുന്നത്. ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള നാല് മാസം റഷ്യയ്ക്ക് സിറിയയില്‍ മേല്‍ക്കൈ നേടാനുള്ള അവസരം കൊണ്ടുവന്നിരിക്കുകയാണെന്നു പുടിന്‍ കണക്കുകൂട്ടുന്നു. ഇക്കാലയളവില്‍ സിറിയയില്‍ ഇടപെടാന്‍ ഒബാമ തയാറാകില്ലെന്നും പുടിന്‍ കണക്കുകൂട്ടുന്നുണ്ട്. സിറിയയില്‍ വിമതസ്വാധീനത്തിലുള്ള അലെപ്പോ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സിറിയന്‍ സര്‍ക്കാര്‍ റഷ്യന്‍ പിന്തുണയോടെ ശ്രമിക്കുന്നുണ്ട്. അലെപ്പോ നഗരം തിരിച്ചുപിടിക്കാന്‍ അസദിന്റെ സൈന്യത്തിനു സാധിച്ചാല്‍ സിറിയയില്‍ സമാധാന ചര്‍ച്ച പുനരാരംഭിക്കാനുള്ള ആത്മവിശ്വാസം മോസ്‌കോയ്ക്ക് ലഭിക്കുമെന്ന് പ്രചരിക്കുന്നുണ്ട്.
ഈ വാദത്തിനു പിന്തുണ ലഭിക്കുന്ന ഒന്നാണു സെപ്റ്റംബര്‍ 19ന് താത്കാലിക വെടിനിര്‍ത്തല്‍ അവസാനിച്ചതോടെ, സിറിയന്‍ സര്‍ക്കാര്‍ നടത്തിയ ആക്രമണം. സിറിയന്‍ സംഘര്‍ഷത്തിന്റെ ആരംഭഘട്ടത്തില്‍ അരങ്ങേറിയ മാരകമായ, വര്‍ധിച്ച പ്രഹരശേഷിയുള്ള ആക്രമണത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു സെപ്റ്റംബര്‍ 19നു ശേഷം അസദിന്റെ സൈന്യം അലെപ്പോയില്‍ നടത്തിയത്.
സിറിയയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പുടിന്‍ നടത്തുന്ന ഓരോ നീക്കങ്ങളില്‍നിന്നും മനസിലാക്കാവുന്ന ഒരു കാര്യം അദ്ദേഹത്തിനു സിറിയയില്‍ തന്ത്രപ്രധാന താത്പര്യങ്ങളുണ്ടെന്നതാണ്. അതോടൊപ്പം ക്രെംലിന്റെ സൈനിക ശക്തി പ്രദര്‍ശിപ്പിക്കുവാനും പശ്ചിമേഷ്യയിലെ പതിറ്റാണ്ടുകളായുള്ള സ്വാധീനം നഷ്ടപ്പെട്ടിട്ടില്ലെന്നു ലോകത്തെ ബോദ്ധ്യപ്പെടുത്താനും സിറിയന്‍ സംഘര്‍ഷത്തില്‍ ഇടപെടുന്നതിലൂടെ പുടിന്‍ ലക്ഷ്യമിടുന്നുണ്ട്. മോസ്‌കോയുടെ സഖ്യകക്ഷിയോടൊപ്പം പ്രതിസന്ധി ഘട്ടത്തില്‍ നിലയുറപ്പിച്ചെന്നു മാത്രമല്ല. ഇസ്ലാമിക സ്റ്റേറ്റ്, നുസ്‌റ ഫ്രണ്ട് തുടങ്ങിയ തീവ്രവാദ സംഘടനകള്‍ക്കെതിരേ ആക്രമണം ശക്തമാക്കാനും സിറിയയില്‍ സൈന്യത്തെ വിന്യസിച്ചതിലൂടെ മോസ്‌കോയ്ക്കു സാധിച്ചു.
സിറിയയില്‍ കലാപത്തിനിടെ അംഗസംഖ്യ കൊണ്ട് പരിമിതമായ അസദിന്റെ സൈന്യം തിരിച്ചടി നേരിട്ട ഘട്ടത്തില്‍ ലെബനന്റെ സായുധവിഭാഗമായ ഹിസ്ബുള്ളയും, ഇറാഖിലെയും അഫ്ഗാനിലെയും ഷിയാ പോരാളികളും, റഷ്യയുടെ വ്യോമ സേനയുമാണ് ചേര്‍ന്നാണ് യുദ്ധമുഖത്ത് സഹായത്തിനെത്തിയത്. എന്നിട്ടും സിറിയയിലെ വിമതരില്‍നിന്നും അസദിന്റെ സൈന്യത്തിനു വളരെ കുറച്ച് പ്രദേശങ്ങള്‍ മാത്രമാണു തിരിച്ചുപിടിക്കാന്‍ സാധിച്ചത്. ഈയൊരു യാഥാര്‍ഥ്യം മനസിലാക്കിയതു കൊണ്ടാണു വിമതര്‍ക്കു നിര്‍ണായക സ്വാധീനമുള്ള മേഖലയായ കിഴക്കന്‍ അലെപ്പോ തിരിച്ചുപിടിക്കാമെന്ന മോഹവുമായി പോരാട്ടം തുടരുന്ന അസദിന്റെ സൈന്യത്തിനു പിന്തുണയുമായി റഷ്യ കൂടെ നില്‍ക്കുന്നത്. ഈ ശ്രമം വിജയിക്കുകയാണെങ്കില്‍ റഷ്യയ്ക്ക് ലഭിക്കുന്ന ആത്മവിശ്വാസം നിസാരമായിരിക്കില്ല. അലെപ്പോ നഗരത്തിന്റെ നിയന്ത്രണം തിരികെ ലഭിക്കുകയാണെങ്കില്‍ അസദ് ഭരണകൂടത്തിനു ഡമാസ്‌കസ്, ഹോംസ്, ഹമാ, ലതാക്കിയ തുടങ്ങിയ സിറിയയിലെ നാല് പ്രധാനനഗരങ്ങളുടെ നിയന്ത്രണം കൂടി ലഭിക്കുമെന്നും കരുതപ്പെടുന്നുണ്ട്.

Comments

comments

Categories: World