വനിതാ സംരംഭകര്‍ക്കായി നാസ്‌കോം ‘ചേയ്ഞ്ച് മെയ്‌ക്കേഴ്‌സ് സമ്മിറ്റ്’ സംഘടിപ്പിക്കുന്നു

വനിതാ സംരംഭകര്‍ക്കായി നാസ്‌കോം ‘ചേയ്ഞ്ച് മെയ്‌ക്കേഴ്‌സ് സമ്മിറ്റ്’ സംഘടിപ്പിക്കുന്നു

 

ബെംഗളൂരു: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് രംഗത്ത് വനിതാ സംരംഭകരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സോഫ്റ്റ്‌വെയര്‍ കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോം 10,000 സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമിന്റെ ഭാഗമായി ചേയ്ഞ്ച് മെയ്‌ക്കേഴ്‌സ് സമ്മിറ്റ് സംഘടിപ്പിക്കുന്നു. സമ്മിറ്റിന്റെ രണ്ടാം പതിപ്പാണിത്. ഒക്ടോബര്‍ 7ന് ബെംഗളൂരുവില്‍ വച്ച് നടക്കുന്ന പരിപാടി സ്ത്രീ സംരംഭകര്‍ക്ക് ഫണ്ട് കണ്ടെത്താനും, ഇന്‍ക്യുബേഷന്‍ സൗകര്യത്തിനുമുള്ള സംവിധാനമൊരുക്കും. സോണ്ടര്‍ കണക്ട്, സെന്റര്‍ ഫോര്‍ എന്‍ട്രപ്രണേറിയല്‍ എക്‌സലന്‍സ്, റണ്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാംസ് എന്നിവയുമായി സഹകരിച്ചാണ് നാസ്‌കോം പരിപാടി സംഘടിപ്പിക്കുന്നത്.

ഈ വര്‍ഷം സമ്മിറ്റിന്റെ ഭാഗമാകുന്നതിനു വേണ്ടി വനിതാ സംരംഭകരില്‍ നിന്നും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചതായും, രാജ്യത്തെ മൊത്തം സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഇത് നല്ല സൂചനയാണെന്നും നാസ്‌കോം ഇന്‍ഡസ്ട്രി ഇനിഷ്യേറ്റീവ് ഉപാധ്യക്ഷന്‍ കെ എസ് വിശ്വനാഥന്‍ പറഞ്ഞു. ഇന്ന് ധാരാളം സ്ത്രീകള്‍ സംരംഭകത്വ രംഗത്തേക്ക് വരുന്നുണ്ടെന്നും, ഈ സാഹചര്യത്തില്‍ അവര്‍ക്കു വേണ്ടി മാത്രമായി വിവിധ മേഖലകളെ ബന്ധപ്പെടുത്തി ഇത്തരത്തിലുള്ള പ്രോഗ്രാമുകള്‍ അവതരിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം ചേയ്ഞ്ച് മെയ്‌ക്കേഴ്‌സ് സമ്മിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപം കണ്ടെത്തുന്നതിനും മെന്ററിംഗിനുമുള്ള അവസരമൊരുക്കുമെന്നും നാസ്‌കോം അറിയിച്ചു. ഇതുവരെ ആകെ 280 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ നിന്നും നിക്ഷേപത്തിനും, സര്‍ക്കാര്‍ ആനൂകൂല്യം ലഭിക്കുന്നതിനും, ആക്‌സിലറേഷന് അവസരമൊരുക്കുന്നതിനും യോഗ്യതയുള്ള സ്റ്റാര്‍ട്ടപ്പുകളെ പരിഗണിക്കുമെന്നും നാസ്‌കോം വ്യക്തമാക്കി. സമ്മിറ്റിലേക്കായി ഏറ്റവും കൂടുതല്‍ ആപ്ലിക്കേഷന്‍ വന്നിട്ടുള്ളത് ഇ-കൊമേഴ്‌സ്, ഫിന്‍ടെക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുമാണെന്നും വിശ്വനാഥന്‍ പറഞ്ഞു.

Comments

comments

Categories: Slider, Women