ഹ്യൂണ്ടായ് ട്യുസോണ്‍ 24ന്

ഹ്യൂണ്ടായ് ട്യുസോണ്‍ 24ന്

ന്യൂഡെല്‍ഹി: പ്രീമിയം എസ്‌യുവി വിഭാഗത്തിലേക്ക് ഹ്യൂണ്ടായ് ട്യുസോണ്‍ ഈമാസം 24ന് എത്തും. വില്‍പ്പനയില്‍ നേട്ടം കൊയ്യാനും ആധുനിക പ്രീമിയം കാര്‍നിര്‍മാതാക്കളെന്ന പേര് വര്‍ധിപ്പിക്കുന്നതിനും ഇന്ത്യയില്‍ വര്‍ഷം ഒരു പുതിയ മോഡല്‍ എന്ന കണക്കില്‍ വാഹനം പുറത്തിറക്കുമെന്ന് കമ്പനി ഇതിന് മുമ്പ് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലുമാണ് ട്യുസോണ്‍ ഇന്ത്യന്‍ മണ്ണിലെത്തുന്നത്. ഇതിന്റെ ഭാഗമായിത്തന്നെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ആറാം തലമുറയില്‍പെട്ട എലാന്‍ട്ര എക്‌സ്‌ഷോറൂം ഡെല്‍ഹിയില്‍ 12.99 ലക്ഷം രൂപയ്ക്ക് വിപണിയിലെത്തിച്ചിരിക്കുന്നത്.

കമ്പനിക്ക് നിലവില്‍ ഏറ്റവും വില്‍പ്പനയുള്ള മോഡലുകളില്‍ ഒന്നായ ക്രെറ്റയ്ക്ക് മുകളിലാകും ട്യുസോണിന്റെ സ്ഥാനം. രാജ്യത്തെ ഏറ്റവും വലിയ വാഹന കയറ്റുമതിക്കാര്‍ക്ക് പ്രീമിയം വിഭാഗത്തിലുള്ള എസ്‌യുവിയായ സാന്റെ ഫെയ്ക്കും ഏറ്റവും കുറഞ്ഞ വിലയുള്ള എസ്‌യുവിയായ ക്രെറ്റയ്ക്കും ഇടയിലുള്ള സ്ഥാനമാകും ട്യുസോണിനുണ്ടാവുക എന്ന് ഹ്യൂണ്ടായ് മോട്ടോഴ്‌സ് ഇന്ത്യ സീനിയര്‍ വൈസ്പ്രസിഡന്റ് രാകേഷ് ശ്രീവാസ്തവ വ്യക്തമാക്കി.
വലിയ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് വിപണിയില്‍ ലഭിക്കുന്ന ഡിമാന്‍ഡാണ് ട്യുസോണിന് പ്രതീക്ഷ. ഈ വിഭാഗത്തില്‍ തന്നെയാകും പുതിയ എസ്‌യുവി കമ്പനി അവതരിപ്പിക്കുക. മഹീന്ദ്രയുടെ എക്‌സ്‌യുവി500 ആകും വിപണിയില്‍ ട്യുസോണിനുള്ള മുഖ്യ എതിരാളി. ട്യുസോണ്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനാണ് ഹ്യൂണ്ടായ് പദ്ധതിയിട്ടിരിക്കുന്നത്. അതേസമയം, ഏറ്റവും പുതിയതായി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലും ട്യുസോണിന്റെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല. 15 മുതല്‍ 20 ലക്ഷം രൂപവരെ വിലയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫ്‌ളൂയിഡിക് ഡിസൈനിലെത്തുന്ന ട്യുസോണിന് മൂന്ന് പാളികളുള്ള ഗ്രില്ലാണ് നല്‍കിയിരിക്കുന്നത്. കിടിലന്‍ ഡിസൈനിംഗിലുള്ള ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ഡേ ടൈം റണിംഗ് ലാമ്പുകള്‍, വലിയ വീല്‍ ആര്‍ച്ചുകള്‍ എന്നിവ ട്യുസോണിനെ കൂടുതല്‍ സൗന്ദര്യവാനാക്കുന്നു. രണ്ട് ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ട്യുസോണിന് ഉപയോഗിക്കുന്നത്. ഇത് 135 ബിഎച്ച്പി കരുത്തും 373 എന്‍എം ടോര്‍ക്കു നല്‍കാന്‍ ശേഷിയുള്ളതാണ്.

Comments

comments

Categories: Auto