ഉപയോക്താക്കള്‍ സ്‌പെക്ട്രം ലേലത്തിന്റെ നേട്ടം കൊയ്യും: കോള്‍ ഡ്രോപ്പുകള്‍ കുറയും; ഡാറ്റാ വേഗം വര്‍ധിക്കും

ഉപയോക്താക്കള്‍ സ്‌പെക്ട്രം ലേലത്തിന്റെ നേട്ടം കൊയ്യും: കോള്‍ ഡ്രോപ്പുകള്‍ കുറയും; ഡാറ്റാ വേഗം വര്‍ധിക്കും

കൊല്‍ക്കത്ത & മുംബൈ: സ്‌പെക്ട്രം ലേലത്തിന്റെ നേട്ടം കൊയ്യുന്നത് ഉപയോക്താക്കളായിരിക്കുമെന്ന് വിദഗ്ധര്‍. ഡാറ്റ കൈമാറ്റം വേഗത്തിലാക്കുന്നതിനും സംസാരത്തിനിടെ കോളുകള്‍ മുറിയുന്നത് കുറയ്ക്കുന്നതിനുമാണ് സേവനദാതാക്കള്‍ സ്‌പെക്ട്രം ലേലത്തെ ആവേശത്തോടെ സമീപിക്കുന്നത്.

4ജി സേവനങ്ങള്‍ക്കായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലേലത്തില്‍ ഇതുവരെ 2300 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ് ബാന്‍ഡുകള്‍ക്കാണ് ഏറ്റവുമധികം ആവശ്യക്കാരുള്ളത്. 3ജി സേവനം നല്‍കുന്നതിനീയു കമ്പനികള്‍ 2100 മെഗാഹെര്‍ട്‌സ് ബാന്‍ഡും വാങ്ങുന്നതിന് താല്‍പ്പര്യപ്പെടുന്നു.

കാര്യക്ഷമമായ 4ജി സേവനം കാഴ്ചവെക്കുന്നതിന് 700 മെഗാഹെര്‍ട്‌സ് ബാന്‍ഡാണ് ഏറ്റവും അനുയോജ്യമായത്. പക്ഷേ ലേലത്തില്‍ പങ്കെടുത്ത കമ്പനികളെ ഇത് വേണ്ടത്ര ആകര്‍ഷിച്ചിട്ടില്ല. 700 മെഗാഹെര്‍ട്‌സ് ബാന്‍ഡ് വളരെ ചെലവേറിയതായാണ് ടെലികോം കമ്പനികള്‍ കാണുന്നത്.

ലേലം കഴിയുന്നതോടെ വോയ്‌സ്, ഡാറ്റ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യത്തിന് ബാന്‍ഡ് വിഡ്ത്ത് ലഭിക്കുമെന്നും ടെലികോം കമ്പനികളുടെ ‘സ്‌പെക്ട്രം ഞെരുക്കം’ ഇതോടെ തീരുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ കരുതുന്നു. ഡാറ്റ നെറ്റവര്‍ക്കുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുന്നത് ഇന്‍ഫോടെയ്ന്‍മെന്റിലും ഡിജിറ്റല്‍ സേവനങ്ങളിലുമുള്ള ജനങ്ങളുടെ താല്‍പ്പര്യം വര്‍ധിപ്പിക്കുമെന്ന് ഏണസ്റ്റ് ആന്‍ഡ് യംഗിന്റെ ഗ്ലോബല്‍ ടെലികമ്യൂണിക്കേഷന്‍ മേധാവി പ്രശാന്ത് സിംഘാള്‍ പറഞ്ഞു. അതേസമയം ടെലികോം കമ്പനികള്‍ കൂടുതല്‍ ടവറുകള്‍ ഉപയോഗിച്ചങ്കില്‍ മാത്രമേ ഉപയോക്താക്കള്‍ക്ക് ഇതിന്റെ വ്യത്യാസം അനുഭവിച്ചറിയാന്‍ കഴിയൂ. മാര്‍ച്ച് മാസത്തിനുമുമ്പ് കമ്പനികള്‍ക്ക് പുതിയ സ്‌പെക്ട്രം ഉപയോഗിച്ചു തുടങ്ങാന്‍ കഴിയില്ല.

സ്‌പെക്ട്രം കൂടുന്നതോടെ ഡാറ്റ വേഗം ഏറ്റവും കുറഞ്ഞത് നാല്‍പ്പത് ശതമാനമെങ്കിലും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. മോശം സേവനം കാഴ്ചവെക്കുന്നതിന് സ്‌പെക്ട്രത്തിന്റെ അപര്യാപ്തത ഇനി മുതല്‍ ഒരു കാരണമാകരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ലേലം പൂര്‍ത്തിയാകുന്നതോടെ വേണ്ടത്ര സ്‌പെക്ട്രമില്ലെന്ന പരാതി രാജ്യത്തിനകത്ത് ഇനിയൊരിക്കലും കേള്‍ക്കില്ലെന്നും ഇനി മുതല്‍ ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുമെന്നും കേന്ദ്ര ടെലികോം സെക്രട്ടറി ജെ എസ് ദീപക് പറഞ്ഞു.

ലേലത്തില്‍ പങ്കെടുക്കുന്നതിലൂടെ എയര്‍ടെല്ലും റിലയന്‍സ് ജിയോയും തങ്ങളുടെ 4ജി സേവനം രാജ്യമാകെ നടപ്പിലാക്കുന്നതിന് ശ്രമിക്കുമ്പോള്‍ വോഡഫോണ്‍, ഐഡിയ എന്നിവ അവര്‍ക്കൊപ്പമെത്താന്‍ മത്സരിക്കുകയാണ്. മാര്‍ച്ച് മാസത്തില്‍ പുതിയ സ്‌പെക്ട്രം ഉപയോഗിച്ചുതുടങ്ങുന്നതോടെ 4ജി ഡാറ്റ ഉപയോക്താക്കള്‍ക്ക് മാറ്റം പ്രകടമായിത്തുടങ്ങുമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്റ്റര്‍ ജനറല്‍ രാജന്‍ മാത്യൂസ് പറഞ്ഞു. കൂടുതല്‍ 2ജി ഉപയോക്താക്കള്‍ 3ജി/4ജി യിലേക്ക് മാറുമ്പോള്‍ ക്രമേണ വോയ്‌സ് സേവനങ്ങളും മെച്ചപ്പെടുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

അതേസമയം മെച്ചപ്പെട്ട സേവനങ്ങള്‍ക്കൊപ്പം ഉപയോഗവും വര്‍ധിക്കുമെന്നും ഭാവിയില്‍ തങ്ങളുടെ സേവനങ്ങളുടെ നിലവാരം കാത്തുസൂക്ഷിക്കുന്നതിന് എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, ജിയോ എന്നീ കമ്പനികള്‍ക്ക് അടിസ്ഥാനസൗകര്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തേണ്ടിവരുമെന്നും ഉന്നത ടെലികോം വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. സ്‌പെക്ട്രം എല്ലാത്തിനും പ്രതിവിധിയാകില്ലെന്നും കോള്‍ ഡ്രോപ്പുകള്‍ കുറയ്ക്കുന്നതിന് പ്രധാന സ്ഥലങ്ങളില്‍ ടവറുകള്‍ ഏറ്റെടുക്കേണ്ടിവരുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Comments

comments

Categories: Slider, Top Stories

Related Articles