കാനഡയിലെ പെട്രോളിയം മേഖലയ്ക്ക് 2016ല്‍ 7.6 ബില്യണ്‍ ഡോളര്‍ നഷ്ടമാകും

കാനഡയിലെ പെട്രോളിയം മേഖലയ്ക്ക് 2016ല്‍ 7.6 ബില്യണ്‍ ഡോളര്‍ നഷ്ടമാകും

ഒട്ടാവ: കാനഡയിലെ പെട്രോളിയം മേഖല ഈ വര്‍ഷം ബില്യണ്‍ കണക്കിനു ഡോളറിന്റെ നഷ്ടം നേരിടുമെന്ന് പഠനം. ദ കോണ്‍ഫറന്‍സ് ബോര്‍ഡ് ഓഫ് കാനഡ സമര്‍പ്പിച്ച സാമ്പത്തിക റിപ്പോര്‍ട്ടിലാണ് ഈ നിരീക്ഷണമുള്ളത്. 2016ല്‍ 7.6 ബില്യണ്‍ ഡോളറിന്റെ നഷ്ടം കാനഡയിലെ പെട്രോളിയം മേഖല നേരിടുമെന്ന് സാമ്പത്തിക റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. 2015ലും 8.4 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് നഷ്ടം കാനഡയിലെ പെട്രോളിയം മേഖല നേരിട്ടിരുന്നു.

ആഗോളതലത്തില്‍ ക്രൂഡ് ഓയിലിന്റെ വില വളരെയധികം ഇടിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ കാനഡയിലെ ഓയില്‍ കമ്പനികള്‍ വിപണിവിഹിതം നിലനിര്‍ത്തുന്നതിന് കടുത്ത മല്‍സരം നടത്തേണ്ടി വരുമെന്ന് കോണ്‍ഫറന്‍സ് ബോര്‍ഡ് ഓഫ് കാനഡയുടെ സാമ്പത്തിക റിപ്പോര്‍ട്ട് വിലയിരുത്തി. ചരിത്രത്തിലാദ്യമായി വാര്‍ഷിക നഷ്ടത്തില്‍ തുടര്‍ച്ച സംഭവിക്കുന്നു എന്നത് കാനഡ ഈ മേഖലയില്‍ അഭീമുഖീകരിക്കുന്ന പ്രതിസന്ധിയെ വ്യക്തമാക്കുന്നതാണെന്ന് ബോര്‍ഡ് ചൂണ്ടിക്കാട്ടി. കാനഡയുടെ പശ്ചിമ മേഖലയിലുള്ള ആല്‍ബര്‍ട്ട പ്രദേശത്തെ പെട്രോളിയം ഉല്‍പ്പാദനം കാട്ടുതീ ബാധയെ തുടര്‍ന്ന് കഴിഞ്ഞ മേയില്‍ നിര്‍ത്തിവെച്ചിരുന്നു. കാട്ടുതീയില്‍ കാനഡയിലെ പെട്രോളിയം നിക്ഷേപം വന്‍തോതില്‍ നശിച്ചിട്ടുണ്ട്. ലോകത്തെ തന്നെ ഏറ്റവും വലിയ പെട്രോളിയം നിക്ഷേപങ്ങളില്‍ ഒന്നാണ് ആല്‍ബര്‍ട്ട പ്രദേശത്തുള്ളത്.

കാനഡയുടെ മൊത്തം പെട്രോളിയം ഉല്‍പ്പാദനത്തില്‍ ഈ വര്‍ഷം ഒരു ശതമാനം ഇടിവാണ് കാണ്‍ഫറന്‍സ് ബോര്‍ഡ് ഓഫ് കാനഡ പ്രതീക്ഷിക്കുന്നത്. ലാഭത്തിലുണ്ടായിട്ടുള്ള ആശങ്ക പെട്രോളിയം മേഖലയിലെ സാമ്പത്തിക നിക്ഷേപത്തേയും പിന്നാക്കം നയിച്ചിട്ടുണ്ട്. 2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍ 29 ബില്യണ്‍ ഡോളറിന്റെ വെട്ടിച്ചുരുക്കല്‍ കാനഡയിലെ പെട്രോളിയം മേഖലയില്‍ ഉണ്ടാകുമെന്നാണ് വിപണിനിരീക്ഷകര്‍ വിലയിരുത്തുന്നത്.

ലോകത്തെ ആറാമതു വലിയ പെട്രോളിയം ഉല്‍പ്പാദകരാണ് കാനഡ. കഴിഞ്ഞ രണ്ടു വര്‍ഷമായി അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം വില താഴ്ന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy