പരമ്പര റദ്ദാക്കാനാവില്ലെന്ന് ലോധ കമ്മിറ്റി: ബിസിസിഐ വസ്തുത വളച്ചൊടിക്കുന്നു

പരമ്പര റദ്ദാക്കാനാവില്ലെന്ന് ലോധ കമ്മിറ്റി:  ബിസിസിഐ വസ്തുത വളച്ചൊടിക്കുന്നു

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ജസ്റ്റിസ് ആര്‍എം ലോധ കമ്മിറ്റിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ന്യൂസിലാന്‍ഡിനെതിരായ ടീം ഇന്ത്യയുടെ പരമ്പര റദ്ദാക്കുമെന്ന് ബിസിസിഐ. എന്നാല്‍ പരമ്പര പകുതി വഴിയില്‍ അവസാനിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കാര്യങ്ങള്‍ ബിസിസിഐ വളച്ചൊടിക്കുകയാണെന്നും ലോധ കമ്മിറ്റിയും വ്യക്തമാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റ് ടീമാണ് ഇന്ത്യയില്‍ പര്യടനത്തിനായി എത്തിയിരിക്കുന്നതെന്നും ഇന്ത്യയെ ലോകത്തിന് മുന്നില്‍ നാണം കെടുത്താന്‍ സാധിക്കാത്തതിനാലാണ് പരമ്പര ഉപേക്ഷിക്കാനൊരുങ്ങുന്നതെന്നും ബിസിസിഐ വക്താവ് അറിയിച്ചു. ന്യൂസിലാന്‍ഡിനെതിരെ ഒരു ടെസ്റ്റും അഞ്ച് ഏകദിനങ്ങളും ബാക്കി നില്‍ക്കവെയാണ് ബിസിസിഐ ഇത്തരമൊരു നടപടിക്കൊരുങ്ങുന്നത്.
ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച സാഹചര്യത്തില്‍ ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പര റദ്ദാക്കുകയല്ലാതെ വേറെ വഴിയില്ലെന്നും താരങ്ങള്‍ക്ക് പണം നല്‍കാതെ മത്സരങ്ങള്‍ നടത്താന്‍ സാധിക്കില്ലെന്നും ബിസിസിഐ വക്താവ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പരമ്പര റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
അതേസമയം ബിസിസിഐയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്നും കാര്യങ്ങളെ ബിസിസിഐ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ജസ്റ്റിസ് ലോധ കമ്മിറ്റി അറിയിച്ചു. ന്യൂസിലാന്‍ഡിനെതിരായ ക്രിക്കറ്റ് പരമ്പര പാതിവഴിയില്‍ ഉപേക്ഷിക്കുമെന്ന സമ്മര്‍ദ്ദ തന്ത്രമാണ് ബിസിസിഐ പയറ്റുന്നതെന്നും എന്നാല്‍ എന്ത് വന്നാലും മത്സരങ്ങള്‍ തുടരുമെന്നും ലോധ കമ്മിറ്റി വ്യക്തമാക്കി.
മത്സരഫീസ്, ക്രിക്കറ്റ് സംബന്ധമായ കാര്യങ്ങള്‍, ഭരണ നടത്തിപ്പ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പണം വിനിയോഗിക്കുന്നതിന് വിലക്കില്ല എന്ന് ലോധ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഭീമമായ തുക നല്‍കാനുള്ള ബിസിസിഐയുടെ തീരുമാനത്തെയാണ് ലോധ കമ്മിറ്റി എതിര്‍ത്തത്. ഇത് നിയമ വിരുദ്ധമാണെന്നറിയിച്ച് ലോധ സമിതി ബിസിസിഐയ്ക്ക് മെയില്‍ അയച്ചിരുന്നു.
സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിച്ച് ബിസിസിഐ സ്വീകരിച്ച ധനയിടപാടുകള്‍ തടയുന്നതിനാണ് ബാങ്കുകള്‍ക്ക് ലോധ കമ്മിറ്റി നോട്ടീസ് നല്‍കിയത്. ബാങ്ക് ഓഫ് മഹാരാഷ്ട്ര, യെസ് ബാങ്ക് എന്നീ ബാങ്കുകളിലുള്ള ബിസിസിഐയുടെ അക്കൗണ്ടുകളില്‍ നിന്നും പണം വിതരണം ചെയ്യരുതെന്നായിരുന്നു നിര്‍ദ്ദേശം.
സെപ്റ്റംബര്‍ 30ന് ചേര്‍ന്ന യോഗത്തില്‍ ബിസിസിഐ കൈക്കൊണ്ട രണ്ട് തീരുമാനങ്ങളിന്മേലുള്ള ഫണ്ട് മാറ്റമാണ് ലോധ കമ്മിറ്റി വിലക്കിയത്. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഒഴികെയുള്ള ബിസിസിഐയിലെ ഫുള്‍ മെമ്പര്‍മാര്‍ക്ക് 10 കോടി രൂപ വിതം ഇന്‍ക്രിമെന്റ് നല്‍കുമെന്നതായിരുന്നു തീരുമാനങ്ങളില്‍ ഒന്ന്.
അടിസ്ഥാന സൗകര്യ വികസനത്തിന് ഓരോ ഫുള്‍ മെമ്പര്‍മാര്‍ക്കും അനുവദിച്ചിട്ടുള്ള 60 കോടി രൂപയിലായിരുന്നു ഈ വര്‍ധന. ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യാത്തതിന് നഷ്ടപരിഹാരമായി ലഭിച്ച തുക മെമ്പര്‍മാര്‍ക്ക് വിതരണം ചെയ്യാനും യോഗത്തില്‍ തീരുമാനമായിരുന്നു.
ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്കും ജൂലൈ 18ന് സുപ്രീം കോടതി പുറപ്പെടുവിച്ച് ഉത്തരവിനും വിരുദ്ധമായി ബിസിസിഐ എടുത്ത ഈ രണ്ട് നിലപാടുകളെ പ്രതിരോധിക്കുന്നതിനാണ് ലോധ കമ്മിറ്റി രണ്ട് ബാങ്കുകളിലെ ക്രിക്കറ്റ് ബോര്‍ഡിന്റെ അക്കൗണ്ടുകളില്‍ നിന്നുള്ള പണമിടപാടുകള്‍ മരവിപ്പിച്ചിരിക്കുന്നത്.
അതോടൊപ്പം ലോധ കമ്മിറ്റിയുടെ നയങ്ങള്‍ക്ക് മാറ്റം വരുത്തിയില്ലെങ്കില്‍ അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും പിന്മാറേണ്ടി വരുമെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ പറഞ്ഞു. ഐപിഎല്ലിന് മുമ്പും ശേഷവും 15 ദിവസത്തെ ഇടവേളയെങ്കിലും വേണമെന്നതാണ് ലോധ കമ്മിറ്റി നിര്‍ദ്ദേശം.
ജൂണ്‍ ഒന്നിനാണ് ചാംപ്യന്‍സ് ട്രോഫി മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഐപിഎല്‍ അവസാനിക്കുന്നത് മെയ് അവസാന വാരവും. അതിനാല്‍ ഏതെങ്കിലും ഒന്നില്‍ മാത്രമേ പങ്കെടുക്കാനാവുകയുള്ളൂ എന്ന സ്ഥിതിയിലാണ് ടീം ഇന്ത്യ. ഐപിഎല്‍ വാതുവയ്പ് വിവാദത്തെ തുടര്‍ന്ന് ബിസിസിഐയെ നിയന്ത്രിക്കുന്നതിനായി 2013ലാണ് സുപ്രീം കോടതി ജസ്റ്റിസ് ആര്‍എം ലോധ അധ്യക്ഷനായ കമീഷനെ നിയോഗിച്ചത്.
എന്നാല്‍ ലോധ കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ബിസിസിഐ നിരന്തരമായി ലംഘിക്കുകയായിരുന്നു. സെലക്ഷന്‍ ബോര്‍ഡില്‍ മൂന്ന് പേര്‍ മാത്രമേ പാടുള്ളൂവെന്നും അവര്‍ മുന്‍ ടെസ്റ്റ് താരങ്ങള്‍ ആയിരിക്കണമെന്നുമുള്ള നിര്‍ദ്ദേശവും അടുത്തിടെ ബിസിസിഐ തള്ളി. ഇതിനെ തുടര്‍ന്ന് ബിസിസിഐയെ നിലയ്ക്ക് നിര്‍ത്താന്‍ അറിയാമെന്ന് സുപ്രീം കോടതി പ്രതികരിച്ചിരുന്നു.

Comments

comments

Categories: Slider, Sports