രഞ്ജി ട്രോഫി: ഇര്‍ഫാന്‍ പത്താന്‍ ബറോഡ ടീം ക്യാപ്റ്റന്‍

രഞ്ജി ട്രോഫി:  ഇര്‍ഫാന്‍ പത്താന്‍ ബറോഡ ടീം ക്യാപ്റ്റന്‍

 

മുംബൈ: രഞ്ജി ക്രിക്കറ്റിന്റെ പുതിയ സീസണില്‍ ബറോഡ ടീം നായകനായി ടീം ഇന്ത്യ മുന്‍ താരം ഇര്‍ഫാന്‍ പത്താനെ തിരഞ്ഞെടുത്തു. ടീം ഇന്ത്യ മുന്‍ താരവും ഇര്‍ഫാന്‍ പത്താന്റെ സഹോദരനുമായ യൂസഫ് പത്താന്‍ ട്വന്റി-20 താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യ, കരുണ്‍ പാണ്ഡ്യ എന്നിവരും ബറോഡ ടീമിലുണ്ട്.

ബറോഡ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത് ഇര്‍ഫാനെ സംബന്ധിച്ച് വലിയ നേട്ടമാണ്. ടീം ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്ന 31കാരനായ താരത്തിന് സീസണില്‍ മികച്ച പ്രകടനം പറത്തെടുക്കാന്‍ സാധിച്ചാല്‍ അതിന് കഴിഞ്ഞേക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 300ല്‍ അധികം വിക്കറ്റ് വീഴ്ത്തിയ താരം 2012ലാണ് ടീം ഇന്ത്യയ്ക്ക് വേണ്ടി അവസാനമായി കളിച്ചത്.

രഞ്ജി മത്സരങ്ങള്‍ക്കായി മികച്ച ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കഴിവുള്ളതിനാലും മികച്ച ഫോമിലായതിനാലുമാണ് ഇര്‍ഫാന്‍ പത്താനെ ടീം നായകനാക്കിയത്. മികച്ച ഓള്‍റൗണ്ടര്‍മാരുള്ള ടീമിലെ ബാറ്റിംഗ് നിരയും ശക്തമാണ്. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ചുമതലയുള്ള സ്‌നേഹല്‍ പരീക്ക് പറഞ്ഞു.

സായ് മന്‍സിംഗ് സ്‌റ്റേഡിയത്തില്‍ ഗുജറാത്തിനെതിരെയാണ് ബറോഡയുടെ ആദ്യ മത്സരം. കഴിഞ്ഞ സീസണിലെ രഞ്ജി മത്സരങ്ങളില്‍ ബറോഡ ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. 2000-2001 സീസണിലാണ് ബറോഡ അവസാനമായി രഞ്ജി കിരീടം സ്വന്തമാക്കിയത്. 2010-11 സീസണില്‍ ടീം റണ്ണറപ്പായിരുന്നു.

Comments

comments

Categories: Sports