ഐഎന്‍ജി ബാങ്ക് 7000 തസ്തികകള്‍ വെട്ടിച്ചുരുക്കും

ഐഎന്‍ജി ബാങ്ക് 7000 തസ്തികകള്‍ വെട്ടിച്ചുരുക്കും

ആംസ്റ്റര്‍ഡാം: ഡച്ച് ബാങ്കായ ഐഎന്‍ജി 7000 തസ്തികകള്‍ വെട്ടിച്ചുരുക്കുമെന്ന് അറിയിച്ചു. 2021നകം വാര്‍ഷിക ചെലവുകളില്‍ 1.01 ബില്യണ്‍ ഡോളര്‍ മിച്ചംപിടിക്കുന്നതിന് ഐഎന്‍ജിക്ക് പുതിയ തീരുമാനത്തിലൂടെ സാധിക്കും.

യൂറോപ്യന്‍ മേഖലയിലെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്നതിനും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനുമാണ് ഐഎന്‍ജി ശ്രമിക്കുന്നത്. ബാങ്കിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ ഉയര്‍ത്തുന്നതിനായി ഐഎന്‍ജി 800 മില്യണ്‍ യൂറോ നിക്ഷേപിക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ബാങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നതിന് പുനഃക്രമീകരണത്തിലൂടെ സാധിക്കുമെന്ന് ഐഎന്‍ജി ചീഫ് എക്‌സിക്യൂട്ടിവ് റാല്‍ഫ് ഹാമേഴ്‌സ് പറഞ്ഞു. ഇതിനു മുമ്പ് നടപ്പിലാക്കിയ പുനഃക്രമീകരണം ബാങ്കിന്റെ മൂലധന നിലയെ താങ്ങിനിര്‍ത്തിയെന്നും ഐഎന്‍ജിയെ സങ്കീര്‍ണമായ അവസ്ഥയില്‍ നിന്ന് സംരക്ഷിച്ചുവെന്നും റാല്‍ഫ് ഹാമേഴ്‌സ് സൂചിപ്പിച്ചു.
ബാങ്ക് നല്‍കുന്ന വിവരമനുസരിച്ച് ബെല്‍ജിയത്തിലെ 3,150 മുഴുവന്‍ സമയ തൊഴിലുകള്‍ 2021നകം നഷ്ടമാകും. ബെല്‍ജിയത്തിലെ ബാങ്കിംഗ് മേഖലയിലുള്ള മൊത്തം തൊഴിലുകളുടെ മൂന്നിലൊന്നു വരുമിത്. നെതര്‍ലാന്‍ഡില്‍ 2,300 തൊഴിലുകളാണ് ഇത്തരത്തില്‍ ഇല്ലാതാകുക. ഐഎന്‍ജിയുടെ പുതിയ തീരുമാനം ജീവനക്കാര്‍ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിട്ടുള്ളതെന്നും ലളിതമായ തീരുമാനമല്ല എടുത്തിട്ടുള്ളതെന്നും ബാങ്കിന്റെ ബെല്‍ജിയം ഘടകത്തിന്റെ ചുമതല വഹിക്കുന്ന ചീഫ് എക്‌സിക്യൂട്ടിവ് റിക് വാന്‍ഡന്‍ബെര്‍ഗ് അഭിപ്രായപ്പെട്ടു.

Comments

comments

Categories: Banking