ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ശക്തമായി തുടരും: ലോകബാങ്ക്

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ശക്തമായി തുടരും: ലോകബാങ്ക്

വാഷിംഗ്ടണ്‍: മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തി(ജിഡിപി)ല്‍ ഇന്ത്യ കൈവരിച്ചിട്ടുള്ള വളര്‍ച്ച തുടരുമെന്ന് ലോകബാങ്ക്. 2016ല്‍ ഇന്ത്യയുടെ ജിഡിപി 7.6 ശതമാനവും 2017ല്‍ 7.7 ശതമാനവുമായിരിക്കുമെന്ന് ലോകബാങ്ക് വിലയിരുത്തി. ദക്ഷിണേഷ്യന്‍ സമ്പദ് വ്യവസ്ഥ സംബന്ധിച്ച പുതിയ വിലയിരുത്തലിലാണ് ലോകബാങ്ക് ഇക്കാര്യം സൂചിപ്പിച്ചത്.

ഇടക്കാലത്ത് സ്വകാര്യനിക്ഷേപങ്ങളിലുണ്ടായ വര്‍ധനയും കയറ്റുമതി കൂടിയതുമാണ് ജിഡിപി വളര്‍ച്ചയിലേക്ക് നയിച്ച കാരണങ്ങളെന്ന് ലോകബാങ്ക് നിരീക്ഷിക്കുന്നു. കാര്‍ഷിക മേഖലില്‍ ഉല്‍പ്പാദനം വര്‍ധിക്കുമെന്ന പ്രതീക്ഷയും ഉദ്യോഗസ്ഥരുടെ ശമ്പള വര്‍ധനയും ഉപഭോഗത്തെ വര്‍ധിപ്പിക്കുന്നതോടൊപ്പം സമ്പദ് വ്യവസ്ഥയ്ക്ക് മെച്ചപ്പെട്ട സംഭാവനകളും നല്‍കുമെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുറിച്ച് ശുഭസൂചകമായ വാക്കുകളോടൊപ്പം മുന്നറിയിപ്പുകളും ലോകബാങ്ക് നല്‍കി. ദാരിദ്ര്യ നിര്‍മാര്‍ജനം, ആരോഗ്യം, പോഷണം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളില്‍ ഇന്ത്യക്ക് വളരെയധികം വെല്ലുവിളികള്‍ നേരിടേണ്ടതുണ്ടെന്ന് ലോകബാങ്ക് വ്യക്തമാക്കി. ചൈനയുടെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാണെങ്കിലും ദക്ഷിണേഷ്യന്‍ മേഖലയില്‍ പുരോഗതി തുടരുമെന്ന് ലോകബാങ്ക് അഭിപ്രായപ്പെട്ടു.

സാമ്പത്തിക നയത്തില്‍ തുടരുന്ന അവ്യക്തതയും സാമ്പത്തികമായ അസ്ഥിരതയുമാണ് ദക്ഷിണേഷ്യന്‍ മേഖല അഭീമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളെന്ന് ലോകബാങ്ക് അഭിപ്രായപ്പെട്ടു. പാകിസ്ഥാനിലെ ജിഡിപി വളര്‍ച്ച ഈ വര്‍ഷം 4.7 ശതമാനമായിരിക്കുമെന്നും ലോകബാങ്ക് വിലയിരുത്തിയിട്ടുണ്ട്. 2017ല്‍ 5.0 ശതമാനം വളര്‍ച്ച പാകിസ്ഥാന് ലഭിക്കുമെന്ന് ലോകബാങ്ക് പ്രതീക്ഷിക്കുന്നു.

Comments

comments

Categories: Slider, Top Stories