‘മെഗാ വില്‍പ്പന’: ഇ-ടെയ്‌ലേഴ്‌സ് 12,000 കോടി രൂപയുടെ വില്‍പ്പന നടത്തുമെന്ന് സൂചന

‘മെഗാ വില്‍പ്പന’: ഇ-ടെയ്‌ലേഴ്‌സ് 12,000 കോടി രൂപയുടെ വില്‍പ്പന നടത്തുമെന്ന് സൂചന

ബെംഗളൂരു: ഉത്സവകാല മെഗാ വില്‍പ്പനയോടനുബന്ധിച്ച് ഇന്ത്യന്‍ ഇ-ടെയ്‌ലേഴ്‌സ് 12,000 കോടി രൂപയുടെ വില്‍പ്പന പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഇ-കൊമേഴ്‌സ് രംഗത്ത് വലിയ രീതിയില്‍ മാന്ദ്യം നേരിട്ട കഴിഞ്ഞ വര്‍ഷത്തെ ഉത്സവസീസണുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം മൊത്ത വില്‍പ്പനയില്‍ 50 മുതല്‍ 60 ശതമാനം വരെ കൂടുതല്‍ പങ്കാളിത്തം നേടാന്‍ സാധ്യതയുണ്ടെന്നും കമ്പനികള്‍ പറയുന്നു.

ഇക്കഴിഞ്ഞ വാരാന്ത്യത്തോടെയാണ് ദീപാവലിയോടനുബന്ധിച്ച് നടത്തുന്ന മെഗാ വില്‍പ്പന മാമാങ്കത്തിന് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് ഭീമന്മാര്‍ തുടക്കം കുറിച്ചത്. വാര്‍ഷിക വിറ്റുവരവില്‍ അധിക പങ്കാളിത്തം ലക്ഷ്യമിട്ടുള്ള വില്‍പ്പനയില്‍ കമ്പനികളുടെ മൊത്തം വാണിജ്യ മൂല്യം (ജിഎംവി) 12,000 കോടിയിലെത്തുമെന്നും, 2015ല്‍ ഇതേ സീസണില്‍ 7,000 കോടിയായിരുന്നു കമ്പനികളുടെ ജിഎംവി കണക്കാക്കിയിരുന്നതെന്നുമാണ് ഈ മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഈ വര്‍ഷം വിപണിയില്‍ വലിയ വളര്‍ച്ച സാധ്യമാകുമെന്ന സൂചനയാണ് ഇത് തരുന്നത്.

അതേസമയം, കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ നടന്ന വില്‍പ്പനയുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ റീട്ടെയ്‌ലേഴ്‌സ് ആരും തന്നെ തങ്ങളുടെ ജിഎംവി മൂല്യമോ, പ്ലാറ്റ്‌ഫോമില്‍ വിറ്റഴിക്കപ്പെട്ട ഉല്‍പ്പന്നങ്ങളുടെ മൂല്യമോ പുറത്തുവിട്ടിട്ടില്ല. വലിയ രീതിയല്‍ മൂല്യം വര്‍ധിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് ഇതും കൊണ്ടെത്തിക്കുന്നത്. ആമസോണുമായുള്ള വിപണി മത്സരത്തില്‍ കഴിഞ്ഞ മൂന്ന് ദിവസത്തെ വില്‍പ്പനയ്ക്കു ശേഷവും ഫ്‌ളിപ്പ്കാര്‍ട്ട് തങ്ങളുടെ മുന്നേറ്റം നിലനിര്‍ത്തുന്നതായാണ് റിപ്പോര്‍ട്ട്.

മൊബീല്‍, ഇലക്ട്രോണിക് ഡിവൈസുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ഫ്‌ളിപ്പ്കാര്‍ട്ട് മെഗാ വില്‍പ്പനയുടെ രണ്ടാം ദിനത്തിലേക്ക് കടന്നതോടെ തന്നെ ഉയര്‍ന്ന വില്‍പ്പന നേടാനാകുമെന്ന സൂചനയുണ്ടായിരുന്നതായി കമ്പനിയുടെ വില്‍പ്പനക്കാരും, ലോജിസ്റ്റിക്‌സ് പാര്‍ട്‌ണേഴ്‌സും, എക്‌സിക്യൂട്ടീവുകളും അറിയിച്ചു. ഈ വര്‍ഷം 50 മുതല്‍ 60% വരെ അധിക പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്നും മൊത്തം വിതരണ ശേഷി ഇതിലും കൂടുതലാണെന്നും കമ്പനി വക്താക്കള്‍ പറയുന്നു.

ഫ്‌ളിപ്പ്കാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫാഷന്‍ ഇ-ടെയ്‌ലര്‍ മിന്ദ്ര ആദ്യ ദിനത്തെ അപേക്ഷിച്ച് രണ്ടാം ദിനം 50 ശതമാനത്തിന്റെ അധിക വില്‍പ്പന കൈവരിച്ചതായും, മിന്ദ്രയും ജബോങും ചേര്‍ന്ന് ഒക്ടോബര്‍ മാസം 700 ദശലക്ഷം ഡോളറിന്റെ വില്‍പ്പനയാണ് ലക്ഷ്യമിടുന്നതെന്നും ഫ്‌ളിപ്പ്കാര്‍ട്ട് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 500 ദശലക്ഷം ഡോളറാണ് ഇരു കമ്പനികളും ചേര്‍ന്ന് നേടിയത്.

Comments

comments

Categories: Slider, Top Stories