ബാങ്ക് എക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാത്ത 2.5 കോടി ആളുകള്‍ക്ക് എല്‍പിജി സബ്‌സിഡി നഷ്ടമാകും

ബാങ്ക് എക്കൗണ്ട്  ആധാറുമായി ബന്ധിപ്പിക്കാത്ത 2.5 കോടി ആളുകള്‍ക്ക് എല്‍പിജി സബ്‌സിഡി നഷ്ടമാകും

 

ന്യൂഡെല്‍ഹി: ആധാര്‍ കാര്‍ഡിലെ സവിശേഷ തിരിച്ചറിയല്‍ നമ്പറുമായി ബാങ്ക് എക്കൗണ്ടുകള്‍ ബന്ധിപ്പിക്കാത്തത് 2.5 കോടി ആളുകള്‍ക്ക് എല്‍പിജി സബ്‌സിഡി നഷ്ടമാകും. നേരത്തെ അഞ്ചു കോടി ആളുകള്‍ക്കുള്ള എല്‍പിജി സബ്‌സിഡി സവിശേഷ തിരിച്ചറിയല്‍ നമ്പറുമായി ബന്ധിപ്പിക്കാത്തതു മൂലം തടഞ്ഞുവെച്ചിരുന്നു. ഇതില്‍ പകുതി പേര്‍ മാത്രമെ പിന്നീട് ബാങ്ക് എക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളു. സവിശേഷ തിരിച്ചറിയല്‍ നമ്പറുമായി ബാങ്ക് എക്കൗണ്ട് ബന്ധിപ്പിക്കാത്തവരുടെ സബ്‌സിഡി ജൂലൈ ഒന്നു മുതല്‍ പൂര്‍ണമായും നിര്‍ത്തലാക്കുമെന്ന് പെട്രോളിയം മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

നിലവില്‍ ഗാര്‍ഹിക മേഖലയില്‍ 16.5 കോടി എല്‍പിജി കണക്ഷനുകള്‍ (മൊത്തം എല്‍പിജി ഉപഭോക്താക്കളില്‍ 90 ശതമാനം ആളുകളും )ക്ക് സബ്‌സിഡി ലഭിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഏകദേശം മൂന്നു കോടി വ്യാജ എല്‍പിജി കണക്ഷനുകള്‍ കണ്ടെത്തി നിര്‍ത്തലാക്കിയിരുന്നു. ഗ്രാമീണ മേഖലയില്‍ സൗജന്യ കണക്ഷന്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഏകദേശം രണ്ടരക്കോടി ആളുകള്‍ക്ക് എല്‍പിജി സൗകര്യം നല്‍കുകയും ചെയ്തു.

കേന്ദ്രസര്‍ക്കാര്‍ എല്‍പിജി സബ്‌സിഡിക്കെതിരല്ലെന്നും എന്നാല്‍ ആവശ്യക്കാരിലേക്ക് ഇത് എത്തിക്കുന്നതിനാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞിരുന്നു. ജൂണ്‍ 30ന് പുറത്തിറക്കിയ പ്രത്യേക ഉത്തരവ് പ്രകാരം ആധാര്‍ കാര്‍ഡിലെ സവിശേഷ തിരിച്ചറിയല്‍ നമ്പറുമായി ബന്ധിപ്പിക്കാത്ത ബാങ്ക് എക്കൗണ്ടുകളിലേക്ക് സബ്‌സിഡി തുക നിക്ഷേപിക്കണ്ടെന്നു പെട്രോളിയം കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ആസാം, മേഘാലയ സംസ്ഥാനങ്ങള്‍ക്കൊഴികെ ഇന്ത്യയിലെല്ലായിടത്തും നിര്‍ദേശം ബാധകമാണ്.

ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള 14.2 കിലോഗ്രാം സിലിണ്ടറിനുള്ള സബ്‌സിഡി ഒക്‌റ്റോബര്‍ ഒന്നു മുതല്‍ 62.91 രൂപയാക്കിയിരുന്നു. കേന്ദ്ര ബജറ്റില്‍ 26,947 കോടി രൂപയാണ് നടപ്പു സാമ്പത്തിക പാദത്തില്‍ ഇന്ധന സബ്‌സിഡിക്കായി ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ 19, 803 കോടി രൂപ എല്‍പിജി കണക്ഷനുകള്‍ക്കുള്ള സബ്‌സിഡിക്കും 7,144 കോടി രൂപ മണ്ണെണ്ണ സബ്‌സിഡിക്കുമാണ് വകയിരുത്തിയിട്ടുള്ളത്. വിപണി വിലയ്ക്കു താഴെ പാചകവാതക വിതരണം നടപ്പിലാക്കുന്നതിന്റെ നഷ്ടം 2016ല്‍ 27,571 കോടി രൂപയായിരുന്നു. 2014-15 കാലയളവില്‍ 76,285 കോടി രൂപയായിരുന്നു നഷ്ടം.

Comments

comments

Categories: Slider, Top Stories