വായ്പാനയ പ്രഖ്യാപനം ഇന്ന്: ആര്‍ബി ഐ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യതയില്ല

വായ്പാനയ പ്രഖ്യാപനം ഇന്ന്:  ആര്‍ബി ഐ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യതയില്ല

 

മുംബൈ: ധനനയ സമിതി രൂപീകരിച്ചശേഷമുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും. ആര്‍ബിഐ ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള ഉര്‍ജിത് പട്ടേലിന്റെ ആദ്യ വായ്പാനയ പ്രഖ്യാപനം കൂടിയാണ് ഇന്നത്തേത്. ധനനയ സമിതി അംഗീകരിച്ച നയമാണ് ഗവര്‍ണര്‍ പ്രഖ്യാപിക്കുക. പണപ്പെരുപ്പ നിരക്കുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനിരിക്കെ ദ്വൈമാസ വായ്പാനയ അവലോകന യോഗത്തില്‍ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ കരുതുന്നത്.

പണപ്പെരുപ്പം വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് നിരക്കുകള്‍ കുറയ്ക്കാതെ കാത്തിരിക്കാനാവും ആര്‍ബിഐ അധികൃതര്‍ തയാറാവുകയെന്ന് ഇന്ത്യന്‍ റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ വ്യക്തമാക്കുന്നു. അതേസമയം പലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ് വരുത്താന്‍ സാധ്യതയുണ്ടെന്നാണ് ജാപ്പനീസ് ബ്രോക്കറേജ് ആയ നൊമൂറ പ്രതീക്ഷിക്കുന്നു.

പുതുതായി രൂപീകരിച്ച ആറംഗ ധനനയ സമിതിയിലെ മൂന്നു പേരെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചതാണ്. സമിതിയില്‍ ഗവര്‍ണര്‍ക്ക് വീറ്റോ അധികാരമുണ്ട്. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറായ ചേതന്‍ ഗാട്ടെ, ഡെല്‍ഹി സ്‌കൂള്‍ ഓഫ് ഇക്ക്‌ണോമിക്‌സ് ഡയറക്റ്റര്‍ പാമി ദുവ, അഹമ്മദാബാദ് ഐഐഎമ്മിലെ പ്രൊഫസര്‍ രവീന്ദ്ര ധോലാക്കിയ എന്നിവരാണ് ധനനയ സമിതിയിലെ സര്‍ക്കാര്‍ നോമിനികള്‍.

Comments

comments

Categories: Slider, Top Stories