മോദി സര്‍ക്കാരിന് പുതിയ ആശയങ്ങളെ സ്വീകരിക്കാന്‍ കഴിവ്: മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ മേധാവി

മോദി സര്‍ക്കാരിന് പുതിയ ആശയങ്ങളെ സ്വീകരിക്കാന്‍ കഴിവ്: മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ മേധാവി

ന്യൂഡെല്‍ഹി: നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന് പുതിയ ആശയങ്ങളെ പൂര്‍ണമായി സ്വീകരിക്കാനുള്ള മനസുണ്ടെന്ന് മേഴ്‌സിഡസ് ബെന്‍സ് ഇന്ത്യ മേധാവി റോളണ്ട് ഫോള്‍ജര്‍. രാജ്യത്തെ കൂടുതല്‍ നഗരങ്ങളില്‍ ഷോറൂമുകള്‍ തുടങ്ങാന്‍ ആലോചിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെ മേഴ്‌സിഡസ് ബെന്‍സിന്റെ മേധാവിയായി ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റോളണ്ട് ഫോള്‍ജര്‍. ദേശീയ തലസ്ഥാനത്ത് 2000 സിസിക്ക് മുകളില്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ഓടിക്കുന്നതു സംബന്ധിച്ച സുപ്രീംകോടതി വിധി മൂലം കഴിഞ്ഞ ഒരു വര്‍ഷം വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയുടെ വില്‍പ്പനയില്‍ വലിയ ഇടിവ് സംഭവിച്ചിരുന്നു.

വിദേശ കമ്പനികളില്‍നിന്ന് നിക്ഷേപം ആകര്‍ഷിക്കാനുള്ള മോദി സര്‍ക്കാരിന്റെ പരിശ്രമങ്ങളെയും ആഭ്യന്തര ഉല്‍പ്പാദനത്തിന് നല്‍കുന്ന പ്രോത്സാഹനത്തെയും കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യയിലുള്ള റോളണ്ട് ഫോള്‍ജര്‍ പുകഴ്ത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായുള്ള തന്റെ ഇടപെടലുകള്‍ ഹൃദ്യമായിരുന്നെന്ന് പറഞ്ഞ റോളണ്ട് ഫോള്‍ജര്‍ അവര്‍ വിവിധ സാഹചര്യങ്ങളില്‍ സ്വയം മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുന്നത് കാണാനായെന്നും അഭിപ്രായപ്പെട്ടു.

സര്‍ക്കാരിന്റെ നയതീരുമാനങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് അഭിപ്രായം പറയുന്നതിന് തനിക്ക് ഒരു വര്‍ഷം പോരെന്ന് പറഞ്ഞ അദ്ദേഹം എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കാണുന്നതിന് മുമ്പത്തെപ്പോലെ ബുദ്ധിമുട്ടില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറയാറുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.
ചരക്ക് സേവന നികുതി 2017 ഏപ്രില്‍ ഒന്നിന് തന്നെ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റോളണ്ട് ഫോള്‍ജര്‍ പറഞ്ഞു. എന്നാല്‍ മാത്രമേ തങ്ങളുടെ വില്‍പ്പന ലക്ഷ്യം ക്രമീകരിക്കാന്‍ കഴിയൂ.

ഡീസല്‍ വാഹനങ്ങളേക്കാള്‍ പെട്രോള്‍ വാഹനങ്ങള്‍ വാങ്ങാനാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ താല്‍പ്പര്യം കാണുന്നത്. നിയന്ത്രണത്തിനുമുമ്പ് എണ്‍പത് ശതമാനവും ഡീസല്‍ കാറുകളാണ് വിറ്റുപോയിരുന്നത്. പൂനെ ഫാക്ടറിയിലെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും മഹാരാഷ്ട്രയ്ക്കു പുറത്ത് മറ്റൊരു പ്ലാന്റ് ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Branding