വാഹന വില്‍പ്പന; മാരുതിക്ക് വന്‍ നേട്ടം

വാഹന വില്‍പ്പന; മാരുതിക്ക് വന്‍ നേട്ടം

ന്യൂഡെല്‍ഹി: കഴിഞ്ഞ മാസം വാഹന വില്‍പ്പനയില്‍ ഒട്ടുമിക്ക കമ്പനികളെല്ലാം നേട്ടത്തിലെത്തി. രാജ്യത്തെ ഏറ്റവും വലിയ വാഹന വില്‍പ്പനക്കാരായ മാരുതി സുസുക്കിയാണ് വില്‍പ്പനയില്‍ കഴിഞ്ഞ മാസവും മുന്നിലെത്തിയത്. 30 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് സെപ്റ്റംബറില്‍ മാരുതി നേടിയത്.

ഒട്ടുമിക്ക കമ്പനികളെല്ലാം ഒറ്റയക്ക വളര്‍ച്ചയാണ് ഫെസ്റ്റിവല്‍ സീസണോടടുപ്പിച്ചുള്ള കഴിഞ്ഞ മാസത്തില്‍ നേടിയത്. ദീപാവലി വരെ തുടരുന്ന ഫെസ്റ്റിവല്‍ സീസണില്‍ ഇനിയും വില്‍പ്പന വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനികള്‍ കരുതുന്നത്. മാരുതിക്ക് പുറമെ, ടാറ്റ മോട്ടോഴ്‌സ്, നിസാന്‍ ഇന്ത്യ, ഫോക്‌സ്‌വാഗണ്‍ എന്നീ കമ്പനികളാണ് രണ്ടക്ക വളര്‍ച്ച കൈവരിച്ചത്. അതേസമയം, ഫ്രഞ്ച് കമ്പനി റെനോ 590 ശതമാനം വളര്‍ച്ച നേടി കഴിഞ്ഞ മാസം മൂന്നക്ക വളര്‍ച്ച കൈവരിക്കുന്ന ആദ്യ കമ്പനിയായി. റെനൊ വില്‍പ്പന നടത്തിയ കാറുകളുടെ എണ്ണം മാരുതിയെ അപേക്ഷിച്ച് വളരെ കുറവാണ്. ഫോര്‍ഡ് മോട്ടോഴ്‌സ് ഒന്‍പത്, ടൊയോട്ട ആറ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അഞ്ചും ശതമാനം വളര്‍ച്ചയാണ് സെപ്റ്റംബറില്‍ രേഖപ്പെടുത്തിയത്.

ആഭ്യന്തര വിപണിയില്‍ 47 ശതമാനം വിപണി പങ്കാളിത്തിമുള്ള മാരുതി സുസുക്കി കഴിഞ്ഞ മാസം 1,37,321 യൂണിറ്റ് കാറുകളാണ് വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 1,06,083 യൂണിറ്റായിരുന്നു മാരുതിയുടെ വില്‍പ്പന. ആഭ്യന്തര വിപണിയിലുള്ള വില്‍പ്പനയും കയറ്റുമതിയുമായി 1,49,143 യൂണിറ്റാണ് മാരുതിക്ക് കഴിഞ്ഞ മാസം നടത്തിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിനെ അപേക്ഷിച്ച് 31 ശതമാനം വളര്‍ച്ച. ഒരു മാസത്തില്‍ കമ്പനി നടത്തുന്ന ഏറ്റവും മികച്ച വളര്‍ച്ചയാണ് മാരുതി രേഖപ്പെടുത്തിയത്.
കഴിഞ്ഞ മാസം പത്ത് കമ്പനികള്‍ ചേര്‍ന്ന് 1,37,338 യൂണിറ്റ് വില്‍പ്പന നടത്തിയപ്പോള്‍ മാരുതി മാത്രം വില്‍പ്പന നടത്തിയത് 1,37,321 യൂണിറ്റുകളാണ്. രാജ്യത്ത് വില്‍പ്പന നടക്കുന്ന രണ്ടിലൊന്ന് കാറും മാരുതിയുടേതാണെന്നാണ് ഇത് സൂചിപിക്കുന്നത്. 2,74,659 കാറുകളാണ് ഇന്ത്യന്‍ കാര്‍ വിപണിയില്‍ കഴിഞ്ഞ മാസം വില്‍പ്പന നടന്നത്.
18,000 യൂണിറ്റുകള്‍ വില്‍പ്പന നടന്ന വിറ്റാര ബ്രെസയാണ് മാരുതിയുടെ കഴിഞ്ഞ മാസ വില്‍പ്പന നേട്ടത്തില്‍ നിര്‍ണായകമായത്. യൂട്ടിലിറ്റി വിഭാഗത്തില്‍ ബ്രെസയുടെ പ്രകടനമാണ് കഴിഞ്ഞ മാസവും കമ്പനിക്ക് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. മിനി വിഭാഗത്തില്‍ പുതിയതായി അവതരിപ്പിച്ച സ്‌പെഷ്യല്‍ എഡിഷന്‍ അള്‍ട്ടോ, കോംപാക്ട് വിഭാഗത്തില്‍ സ്വിഫ്റ്റ് എന്നിവയും സെപ്റ്റംബറില്‍ മാരുതിയുടെ വില്‍പ്പനയില്‍ നേട്ടമുണ്ടാക്കി.
മികച്ച മണ്‍സൂണ്‍, ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ, പണപ്പെരുപ്പം നിയന്ത്രണത്തിലായത് എന്നിവ വില്‍പ്പനയില്‍ നേട്ടമുണ്ടാക്കിയതായി കഴിഞ്ഞമാസം ഒന്‍പത് ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിച്ച ഫോര്‍ഡ് മോട്ടോഴ്‌സിന്റെ ഇന്ത്യന്‍ മേധാവി അനുരാഗ് മല്‍ഹോത്ര വ്യക്തമാക്കി. 9,018 യൂണിറ്റുകളാണ് ഫോര്‍ഡ് കഴിഞ്ഞ മാസം ഇന്ത്യയില്‍ വില്‍പ്പന നടത്തിയത്.
വിപണിയിലെത്തിച്ച ചെറുകാറായ ടിയാഗോയുടെ ബലത്തിലാണ് ഇന്ത്യന്‍ കമ്പനിയായ ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞ മാസ വില്‍പ്പനയില്‍ വളര്‍ച്ച കൈവരിച്ചത്. സെപ്റ്റംബറില്‍ 42,961 യൂണിറ്റ് വില്‍പ്പന നടത്തി അഞ്ച് ശതമാനം വളര്‍ച്ചയാണ് ടാറ്റ മോട്ടോഴ്‌സ് രേഖപ്പെടുത്തിയത്. ഇന്നോവ ക്രിസ്റ്റയാണ് ജപ്പാന്‍ കമ്പനി ടൊയോട്ടയ്ക്ക് കഴിഞ്ഞ മാസത്തിലും വില്‍പ്പന നേട്ടമുണ്ടാക്കിയതില്‍ മുഖ്യ പങ്ക് വഹിച്ചത്.
അതേസമയ, ജനറല്‍ മോട്ടോഴ്‌സ്, ഹോണ്ട ഇന്ത്യ എന്നീ കമ്പനികള്‍ കവിഞ്ഞ മാസം വില്‍പ്പനയില്‍ തിരിച്ചടി നേരിട്ടു. ജനറല്‍ മോട്ടോഴസ് 2,101 യൂണിറ്റാണ് കഴിഞ്ഞ മാസം വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 2,478 കാറുകളാണ് കമ്പനി വില്‍പ്പന നടത്തിയിരുന്നത്. 18,509 യൂണിറ്റ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വില്‍പ്പന നടത്തിയ ജപ്പാന്‍ കമ്പനിയായ ഹോണ്ടയ്ക്ക് കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിലും കയറ്റുമതിയിലുമായി 15,034 യൂണിറ്റുകള്‍ മാത്രമാണ് വില്‍പ്പന നടത്തിയത്. ഏകദേശം 20 ശതമാനം ഇടിവാണ് കമ്പനി കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. 5,855 യൂണിറ്റുകളുമായി ഹോണ്ട സിറ്റിയാണ് കഴിഞ്ഞ മാസം കമ്പനി ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയത്.

Comments

comments

Categories: Auto