മഹീന്ദ്ര മോജോ ടൂറര്‍ എത്തി; വില 1.88 ലക്ഷം രൂപ

മഹീന്ദ്ര മോജോ ടൂറര്‍ എത്തി; വില 1.88 ലക്ഷം രൂപ

മുംബൈ: രാജ്യത്ത യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മേധാവിത്വം പുലര്‍ത്തുന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് പക്ഷെ ഇരുചക്ര വിപണിയില്‍ കാര്യമായ മേല്‍വിലാസമൊന്നുമില്ല. സ്‌കൂട്ടര്‍ സെഗ്മെന്റിലും എന്‍ട്രി ലെവല്‍ സെഗ്‌മെന്റിലും കാര്യമായ സാന്നിദ്ധ്യമുണ്ടെങ്കിലും ഉപഭോക്താക്കള്‍ക്കിടയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ ഇവയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ ആ പറഞ്ഞ മേല്‍വിലാസമുണ്ടാക്കാനുള്ള തയാറെപ്പിന്റെ ഭാഗമായാണ് മഹിന്ദ്ര മോജോ ടൂറര്‍ കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്.

നവരാത്രി, ദസറ തുടങ്ങിയ ഉത്സവസീസണില്‍ വില്‍പ്പന നേട്ടം കൈവരിക്കാനുദ്ദേശിച്ചാണ് പുതിയ അവതാരത്തെ മഹീന്ദ്ര എത്തിച്ചിരിക്കുന്നത്. രൂപത്തിലും ഭാവത്തിലും വിത്യസ്ഥത പുലര്‍ത്തുന്ന മോജോ ടൂററിന്റെ മുഖമാണ് ഏറ്റവും ഹൈലൈറ്റ്. രണ്ട് വലിയ കണ്ണുകളുടെ രൂപത്തിലുള്ള ഹെഡ്‌ലൈറ്റ് മൂങ്ങയെ അനുസ്മരിപ്പിക്കും വിധത്തിലുള്ള രൂപ കല്‍പ്പനയാണ്. ഡെല്‍ഹി എക്‌സ്‌ഷോറൂമില്‍ 1.88 ലക്ഷം രൂപയാണ് മോജോ ടൂററിന് കമ്പനി വിലയിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വിപണിയിലെത്തിച്ച മോജോ 2008ല്‍ എംആര്‍ 250 എന്ന പേരില്‍ ടോക്കിയോ മോട്ടോര്‍ ഷോയിലാണ് ആദ്യം എത്തുന്നത്. ഇറ്റാലിയന്‍ കമ്പനിയായ എന്‍ജിന്‍ എന്‍ജിനീയറിംഗാണ് മോജോയുടെ രൂപഭാവത്തിന് പിന്നില്‍. പിന്നീട് രൂപത്തില്‍ ചില്ലറ മാറ്റങ്ങളൊക്കെ വരുത്തി 2014 ഡെല്‍ഹി ഓട്ടോ ഷോയില്‍ മോജോയുമായി മഹീന്ദ്ര എത്തി.
എന്നാല്‍ അതിലും പരിഷ്‌കരണം വരുത്തിയാണ് ടൂറര്‍ വിഭാഗത്തില്‍ പുതിയ മുന്നേറ്റം സൃഷ്ടിക്കാന്‍ മമ്പനി മോജോ ടൂററുമായി എത്തിയിരിക്കുന്നത്.
മാഗ്‌നെറ്റിക് ടാങ്ക് ബാഗ്, 38 ലിറ്റര്‍ സ്റ്റോറേജ് സ്‌പേസുള്ള സാഡില്‍ ബാഗ്, കാരിയര്‍, മൊബൈല്‍ ഹോള്‍ഡര്‍, ഫോഗ് ലാമ്പ് എന്നീ ഫീച്ചറുകളടക്കമുള്ള ടൂറിന് ആവശ്യമായ ഒട്ടുമിക്ക ആക്‌സറികളെല്ലാം മോജോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബൈക്കുകളില്‍ ദീര്‍ഘദൂര യാത്ര നടത്തുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നത് കണ്ടാകും മഹീന്ദ്ര ഇത്തരത്തിലുള്ള ഒരു പരീക്ഷണത്തിന് മുതിര്‍ന്നത്. ആറ് സ്പീഡ് ട്രാന്‍സ്മിഷനോടെ 28പിഎസ് കരുത്തുള്ള 295സിസി സിങ്കിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ടൂറര്‍ എഡിഷനിലുള്ളത്. പിരെലി ഡയബ്ലോ റോസോ ടയര്‍ എന്നിവയ്‌ക്കൊപ്പം യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്ക്, ഗ്യാസ് ചാര്‍ജ്ഡ് മോണോഷോക്ക് എന്നിവ ഈ ടുററിനെ ഏറെ വ്യത്യസ്തനാക്കുന്നു.

Comments

comments

Categories: Auto