കറുത്തവര്‍ഗക്കാരനായ യുവാവ് വെടിയേറ്റ് മരിച്ചു: ലോസാഞ്ചല്‍സില്‍ സംഘര്‍ഷാവസ്ഥ

കറുത്തവര്‍ഗക്കാരനായ യുവാവ് വെടിയേറ്റ് മരിച്ചു: ലോസാഞ്ചല്‍സില്‍ സംഘര്‍ഷാവസ്ഥ

 

ലോസാഞ്ചല്‍സ്: യുഎസില്‍ വീണ്ടും പൊലീസ് അതിക്രമം. ഞായറാഴ്ച 18കാരനായ കറുത്ത വര്‍ഗക്കാരന്‍ ദക്ഷിണ ലോസാഞ്ചല്‍സില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. ഇതേത്തുടര്‍ന്നു നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധപ്രകടനവുമായി കറുത്തവിഭാഗക്കാര്‍ നിരത്തിലിറങ്ങി.
ശനിയാഴ്ച അര്‍ദ്ധരാത്രി ഒരു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. സുരക്ഷാ പരിശോധനയുടെ ഭാഗമായി പൊലീസ് വാഹനം തടഞ്ഞുനിറുത്തി പരിശോധിച്ചപ്പോള്‍ സഹകരിക്കാന്‍ 18കാരനായ കറുത്തവര്‍ഗക്കാരന്‍ തയാറായില്ല. പിന്നീട് ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തര്‍ക്കം മൂത്തപ്പോള്‍ 18കാരനും കാറിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനും പുറത്തേയ്ക്ക് ഇറങ്ങി ഓടി ഒരു വീടിനു പിറകു വശത്ത് ഒളിച്ചു. അവിടെ വച്ചാണ് യുവാവിനെ പൊലീസ് വെടിവച്ചത്. ഇയാള്‍ തല്‍ക്ഷണം മരിച്ചു. കാര്‍ണല്‍ സ്‌നെല്‍ ജൂനിയര്‍ എന്നാണ് മരിച്ച 18കാരനായ കറുത്തവര്‍ഗക്കാരനെന്ന് ലോസാഞ്ചല്‍സ് പൊലീസ് ഉദ്യോഗസ്ഥന്‍ ബാരി മോണ്ടഗോമറി പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ കൈവശം കൈത്തോക്ക് ഉണ്ടായിരുന്നതായി ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ലോസാഞ്ചല്‍സ് പൊലീസ് വകുപ്പ് പറഞ്ഞു.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ദക്ഷിണ കാലിഫോര്‍ണിയയില്‍ മാത്രം പൊലീസ് വെടിവെപ്പിനെത്തുടര്‍ന്ന് മരിക്കുന്ന മൂന്നാമത്തെ കറുത്ത വംശജനാണു കാര്‍ണല്‍.

Comments

comments

Categories: World