ഇബ്രാഹിമോവിച്ചിനെ വിമര്‍ശിച്ച് മൈക്കല്‍ ഓവന്‍

ഇബ്രാഹിമോവിച്ചിനെ വിമര്‍ശിച്ച് മൈക്കല്‍ ഓവന്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനെതിരെ വിമര്‍ശനമുന്നയിച്ച് ടീമിലെ മുന്‍ സ്‌ട്രൈക്കര്‍ മൈക്കല്‍ ഓവന്‍. ഇബ്രാഹിമോവിച്ച് തടിയനങ്ങാതെ കളിക്കുകയാണെന്നാണ് മൈക്കല്‍ ഓവന്‍ ആരോപിച്ചത്.

യൂറോപ ലിഗയില്‍ കഴിഞ്ഞ ദിവസം നടന്ന ഉക്രൈന്‍ ക്ലബ്ബ് സോറിയ ലുഹാന്‍സ്‌കിനെതിരായ ഇബ്രയുടെ കളിയെ ഉദ്ധരിച്ചാണ് ഓവന്‍ വിമര്‍ശനമുന്നയിച്ചത്. എന്നാല്‍ സ്വീഡിഷ് താരത്തിന്റെ ഏക ഗോളിലായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജയം കണ്ടത്.

പന്ത് അരികിലെത്തിയാല്‍ മാത്രമാണ് ഇബ്രാഹിമോവിച്ച് കളിക്കുന്നതെന്നും പല ക്രോസ് ബോളുകളും ബാക് പോസ്റ്റിലേക്ക് എത്തിയപ്പോള്‍ അദ്ദേഹം പന്തിന് ശ്രമിക്കാതെ കാഴ്ചക്കാരനായി നില്‍ക്കുകയാണുണ്ടായതുമെന്നുമാണ് മൈക്കല്‍ ഓവന്‍ കുറ്റപ്പെടുത്തിയത്.

എന്നാല്‍ വിമര്‍ശനങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് അറിയിച്ച സ്വീഡിഷ് താരം ക്ലബിന്റെ മികച്ച പ്രകടനങ്ങള്‍ വരാനിരിക്കുകയാണെന്നും വ്യക്തമാക്കി. ലൈസസ്റ്റര്‍ സിറ്റിക്കെതിരെ നേടിയതു പോലുള്ള വിജയങ്ങളാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സീസണില്‍ മാഞ്ചസ്റ്ററിലെത്തിയ ഇബ്രാഹിമോവിച്ച് ക്ലബിനായി ആറ് ഗോളുകള്‍ നേടിക്കഴിഞ്ഞു. യുവന്റസ്, ഇന്റര്‍ മിലാന്‍, ബാഴ്‌സലോണ, എസി മിലാന്‍, പാരിസ് സെന്റ് ജെര്‍മെയ്ന്‍ എന്നീ മുന്‍നിര ക്ലബുകളിലെ മികച്ച പ്രകടനത്തിന് ശേഷമാണ് താരം യുണൈറ്റഡിലെത്തിയത്.

Comments

comments

Categories: Sports