ആണവ സഹകരണം: നവംബര്‍ മാസം ഇന്ത്യയും ജപ്പാനും കരാറില്‍ ഒപ്പു വച്ചേക്കും

ആണവ സഹകരണം:  നവംബര്‍ മാസം ഇന്ത്യയും ജപ്പാനും കരാറില്‍ ഒപ്പു വച്ചേക്കും

 

ന്യൂഡെല്‍ഹി: ഇന്ത്യയും ജപ്പാനും നവംബറില്‍ ആണവ സഹകരണ കരാറില്‍ ഒപ്പവെക്കുമെന്ന് റിപ്പോര്‍ട്ട്. ജപ്പാനിലെ പ്രമുഖ പത്രമായ മെയ്‌നിചിയാണ് ഇതു റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും തമ്മില്‍ നവംബര്‍ പകുതിയോടെ കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതുന്നത്.
ഏഷ്യന്‍ ഭൂഖണ്ഡത്തിലെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ സമ്പദ് വ്യവസ്ഥയുള്ള ഇരു രാജ്യങ്ങളും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നിര്‍ണായകമായ പല കരാറുകളിലും ഒപ്പുവെച്ചിരുന്നു. ആണവായുധ പ്രയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിച്ചിട്ടുള്ള ജപ്പാന്‍ ആണവ നിരായുധീകരണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ഉറപ്പ് വേണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നതായി നയതന്ത്ര വിദഗ്ധര്‍ പറഞ്ഞു. എന്നാല്‍ ആണവോര്‍ജ്ജമേഖലയില്‍ ജപ്പാനുമായി ഏറ്റവും കൂടുതല്‍ സഹകരിക്കുന്ന യുഎസ് ഇന്ത്യയുമായി ആണവവ്യാപരത്തിന് തയാറെടുത്തതോടെയാണ് ഇതിനു മാറ്റമുണ്ടായത്.
ഇന്ത്യ വീണ്ടും ആണവായുധ പരീക്ഷണം നടത്തിയാല്‍ സഹകരണത്തില്‍ നിന്ന് ജപ്പാന്‍ പിന്‍മാറുമെന്ന വ്യവസ്ഥയിലായിരിക്കും ഇരുരരാജ്യങ്ങളും പങ്കാളിത്തത്തിലേര്‍പ്പെടുന്നത് എന്നാണ് സൂചന. വിഷയത്തില്‍ ഇന്ത്യയും ജപ്പാനും തമ്മില്‍ അന്തിമധാരണയിലെത്തുന്നത് യുഎസിനു ഗുണകരമാകും. യുഎസ്-ജപ്പാന്‍ പങ്കാളിത്തത്തിലുള്ള ജിഇ ഹിറ്റാച്ചി, തോഷിബയുടെ വെസ്റ്റിംഗ് ഹൗസ് ഇലക്ട്രിക് കമ്പനി എന്നിവയ്ക്ക് ആണവോര്‍ജ്ജ ശാല നിര്‍മിക്കുന്നതിനുള്ള സ്ഥലം ഇന്ത്യ വിട്ടനല്‍കിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories