ഇന്ത്യാ- പാക്ക് ജലയുദ്ധം ഒഴിവാക്കണം

ഇന്ത്യാ- പാക്ക് ജലയുദ്ധം ഒഴിവാക്കണം

സന്തോഷ് മാത്യു

ക്ഷരാര്‍ത്ഥത്തില്‍ ജലയുദ്ധം ആരംഭിച്ചിരിക്കുകയാണ് ദക്ഷിണേഷ്യയില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇനിമേല്‍ രക്തവും വെള്ളവും ഒന്നിച്ചൊഴുക്കേണ്ടതില്ല എന്ന്. 1960ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാക്കിസ്ഥാന്‍ ഭരണാധികാരി ജനറല്‍ അയൂബ് ഖാനും ലോക ബാങ്കിന്റെ മധ്യസ്ഥതയില്‍ ഒപ്പുവച്ച സിന്ധു നദീജല കരാറിന് തിരശീലയിടാനാണ് അണിയറയില്‍ ചര്‍ച്ച മുറുകുന്നത്.

കശ്മീരില്‍ നിന്ന് ഉത്ഭവിക്കുന്നതും കിഴക്കോട്ടൊഴുകുന്നതുമായ ബിയാസ്, രവി, സത്‌ലജ് നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്ക് നല്‍കുന്നതാണ് 1960 സെപ്റ്റംബര്‍ 19ന് ഒപ്പുവയ്ക്കപ്പെട്ട സിന്ധു നദീജല കരാറിലെ (ഇന്‍ഡസ് വാലി ട്രീറ്റി- ഐഡബ്ല്യുടി) പ്രധാന വ്യവസ്ഥകളിലൊന്ന്. എന്നാല്‍ പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ഝലം, ഛിനാബ് എന്നിവയുടെ നിയന്ത്രണം പാക്കിസ്ഥാനു പൂര്‍ണ്ണമായി നല്‍കുന്ന ഉടമ്പടി പുനഃപരിശോധിക്കണമെന്നാണ് ഉറിയുടെ പശ്ചാത്തലത്തില്‍ മോദി ഗവണ്‍മെന്റ് തീവ്രമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നത്.

സിന്ധു നദിയിലെ 80 ശതമാനം ജലവും പാക്കിസ്ഥാനിലേക്ക് ഒഴുക്കിവിടുകയാണ് നിലവിലുള്ള കരാര്‍. കശ്മീര്‍ നിയമസഭ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിന്റെ ചുവട് പിടിച്ചുകൊണ്ടാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവനയുടെ കൂടി പിന്‍ബലത്തില്‍ നദീജല കരാര്‍ ലംഘിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഇന്ത്യന്‍ ഭരണകൂടം ഗൗരവമായി ചിന്തിക്കുന്നത്.

പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കാര്‍ഷിക മേഖലയ്ക്കാവശ്യമായ 65 ശതമാനം ജലവും ലഭിക്കുന്നത് ഈ കരാറിലൂടെയാണ്. ഇന്ത്യന്‍ സംസ്ഥാനമായ പഞ്ചാബ് കരാറു മൂലം അല്‍പ്പം ജലക്ഷാമം അനുഭവിക്കുന്നുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ ഐഡബ്ല്യുടി കരാര്‍ റദ്ദാക്കപ്പെടുകയാണെങ്കില്‍ പാക്കിസ്ഥാനിലെ ഏറ്റവും സമ്പന്നമായ പഞ്ചാബ് പ്രവിശ്യ വരണ്ടുപോകുമെന്നതാണ് യാഥാര്‍ത്ഥ്യം. പാക്കിസ്ഥാന്‍ അതിന്റെ ആരംഭം മുതല്‍ എല്ലാ കാലവും കശ്മീരിനെ കണ്ണുവയ്ക്കുന്നതിനുള്ള പ്രധാന കാരണം ഈ നദികളുടെയെല്ലാം ഉത്ഭവ സ്ഥാനം അവിടെമാണെന്നതാണ്.

പാക്കിസ്ഥാനിലെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെയിലേക്ക് ഇടിത്തീപോലെ ഇന്ത്യ വെള്ളം കൂടി നിഷേധിക്കുകയാണെങ്കില്‍ 19 കോടി 50 ലക്ഷം വരുന്ന അവിടത്തെ ജനങ്ങള്‍ക്ക് നിത്യ പട്ടിണിയും പരിവട്ടവും ദാരിദ്ര്യവും മാത്രമാവും മിച്ചമുണ്ടാവുക. പാക്കിസ്ഥാനിലെ കാര്‍ഷിക സമ്പദ് വ്യവസ്ഥയെ ആശ്രയിച്ച് നില്‍ക്കുന്ന കശ്മീരില്‍ നിന്ന് ഉത്ഭവിക്കുന്ന നദികളിലെ വെള്ളം തടയപ്പെടുന്ന പക്ഷം ഇന്ത്യയുടെ ധാര്‍മിക നൈതികത അന്താരാഷ്ട്രത ലത്തില്‍ തന്നെ ചോദ്യംചെയ്യപ്പെടുമെന്നതില്‍ രണ്ടുപക്ഷമില്ല. ഇതേ മാര്‍ഗ്ഗം ചൈന ബ്രഹ്മപുത്രയില്‍ പരീക്ഷിച്ചാല്‍ ഒഴുക്ക് തടസപ്പെടുമെന്ന് മാത്രമല്ല, വെള്ളപ്പൊക്ക കാലഘട്ടത്തില്‍ ഇന്ത്യയില്‍ പ്രളയത്തിനും സാധ്യതയുണ്ട്. ഇത് ഐഡബ്ല്യുടി റദ്ദാക്കപ്പെടുകയാണെങ്കിലും സംഭവിക്കാം. വെള്ളപ്പൊക്ക കാലയളവില്‍ കശ്മീരും പഞ്ചാബിന്റെ പ്രദേശങ്ങളും വെള്ളത്തിലായേക്കാം.

സ്വാതന്ത്ര്യ പ്രാപ്തിക്ക് ഏഴു പതിറ്റാണ്ടിന് ശേഷവും പാക്കിസ്ഥാനിലെ ആറു കോടി ജനങ്ങള്‍ അതീവ ദാരിദ്ര്യത്തിലാണ് കഴിഞ്ഞുവരുന്നത്. രാജ്യത്തിന്റെ പൊതുബജറ്റിന്റെ 77 ശതമാനം വായ്പ തിരിച്ചടവിനായി വിനിയോഗിക്കുകയാണ് അവര്‍. ലോക ബാങ്കില്‍ നിന്നും അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നുമൊക്കെ അമേരിക്കന്‍ സഹായത്തോടെ ബില്ല്യണ്‍ കണക്കിന് ഡോളറിന്റെ സാമ്പത്തിക സഹായം ലഭിക്കുന്നതുകൊണ്ടാണ് പാക്ക് സമ്പദ് വ്യവസ്ഥ അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കുന്നത്.

പാക്കിസ്ഥാനിലെ കുടിവെള്ളത്തിന്റെയും ജലസേചനത്തിന്റെയും ഊര്‍ജ്ജോല്‍പ്പാദനത്തിന്റെയും പ്രധാന സ്രോതസായ ഈ നദികളിലെ ജലം തടയപ്പെടുന്ന പക്ഷം അന്തര്‍ദേശീയ കോടതിയേയും സംഘടനകളേയുമൊക്കെ ആ രാജ്യം സമീപിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ തെക്കന്‍ ചൈനാക്കടലിലെ ദ്വീപുകളിന്മേല്‍ ഫിലിപ്പീന്‍സിന് അനുകൂലമായ വിധിയെ ചൈന നിരാകരിച്ചതു പോലെ അന്തര്‍ദേശീയ ട്രൈബ്യൂണല്‍ വിധികള്‍ നിരാകരിക്കാനുള്ള ആര്‍ജ്ജവം ഇന്ത്യക്കുണ്ടോയെന്നത് നിര്‍ണ്ണായകമാണ്. അമേരിക്ക പോലും ക്യൂബയിലും നിക്കാരഗ്വയിലും നടത്തിയ അനധികൃത ഇടപെടലുകളെ അന്തര്‍ദേശീയ കോടതികള്‍ അവഗണിക്കുകയാണ് ചെയ്തത്.

പക്ഷേ, ചൈനയ്ക്കും അമേരിക്കയ്ക്കും കല്‍പ്പിക്കാനും തങ്ങളുടെ പ്രവൃത്തികള്‍ മാതൃകയാക്കേണ്ട എന്ന അഴകൊഴമ്പന്‍ നയം സ്വീകരിക്കാനും കഴിയും. ഐഡബ്ല്യുടി റദ്ദാക്കിയാല്‍ ചൈനയും അമേരിക്കയും എന്തിനേറെ റഷ്യ പോലും ഇന്ത്യക്കെതിരാവുമെന്നതില്‍ സംശയമില്ല.  പാക്കിസ്ഥാന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 19.8 ശതമാനം കാര്‍ഷിക മേഖലയുടെ സംഭാവനയാണ്. 42.3 ശതമാനം ആള്‍ക്കാരുടെയും ഉപജീവന മാര്‍ഗ്ഗം കൃഷിയാണ്. അതുകൊണ്ടു തന്നെ പാക്കിസ്ഥാനിലെ കാര്‍ഷിക മേഖലയുടെ 90 ശതമാനത്തെയും നട്ടുനനയ്ക്കുന്ന ഐഡബ്ല്യുടി റദ്ദാക്കപ്പെടുന്നത് ആ രാജ്യത്തെ പട്ടിണിയുടെ പടുകുഴിയിലേക്കു തള്ളിയിടുമെന്നതില്‍ സംശയമില്ല.

1969ലെ വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരമുള്ള അന്തര്‍ദേശീയ കരാറുകളുടെ ലംഘനമാണ് ഇന്ത്യ നടത്താന്‍പോകുന്നതെന്ന് പാക്കിസ്ഥാന്‍ ഇതിനകം തന്നെ യുഎന്‍ വേദികളില്‍ ഉന്നയിച്ചുകഴിഞ്ഞിരിക്കുകയാണ്. സെപ്റ്റംബര്‍ അവസാന വാരം രൂക്ഷമായ ഇന്ത്യ- പാക്കിസ്ഥാന്‍ സംഘര്‍ഷത്തെ ആളിക്കത്തിക്കുന്നതായി തന്നെയാണ് കരാറുമായി ബന്ധപ്പെട്ട നീക്കങ്ങളെ അന്തര്‍ദേശീയ സമൂഹം കാണുന്നത്. സെപ്റ്റംബര്‍ 29ന് ലൈന്‍ ഓഫ് കണ്‍ട്രോള്‍ ഭേദിച്ചുകൊണ്ട് ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പാക്ക് ഭീകരതാവളങ്ങളെ തകര്‍ത്തെങ്കിലും പാക്കിസ്ഥാന്‍ അതംഗീകരിക്കാന്‍ ഇതുവരെ തയാറായിട്ടില്ല.

1948, 1965, 1971, 1999 എന്നീ വര്‍ഷങ്ങളിലെ ഇന്ത്യാ-പാക്ക് സംഘര്‍ഷങ്ങള്‍ക്ക് ശേഷം നയതന്ത്ര ബന്ധങ്ങള്‍ ഏറ്റവും മോശമായിരിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. നവംബറില്‍ നടക്കേണ്ടിയിരിക്കുന്ന സാര്‍ക്ക് ഉച്ചകോടിക്ക് ഇസ്ലാമാബാദിലേക്ക് പോകുന്നില്ലെന്ന് ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍ എന്നിവര്‍ ഇന്ത്യക്കൊപ്പം അറിയിച്ചു കഴിഞ്ഞിരിക്കുന്നു. സാര്‍ക്ക് എന്ന സംഘടന അസ്തിത്വ പ്രതിസന്ധിയില്‍ ഉഴലുന്നു. ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും മാധ്യമ ചക്രവര്‍ത്തികള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന രീതിയില്‍ വിവരങ്ങള്‍ നല്‍കിവരുന്നു.

ഉത്തര്‍ പ്രദേശിനെക്കാളും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യമാണ് പാക്കിസ്ഥാന്‍. അവിടത്തെ മൂന്നിലൊരാള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുമാണ്. ബ്രഹ്മപുത്രയ്ക്ക് കുറുകെ ചൈന പണിത ഡാം മാതൃകയാക്കികൊണ്ട് ഇന്ത്യ സിന്ധുവിനും ഛിനാബിനും ഝലത്തിനും കുറുകെ അണക്കെട്ട് നിര്‍മിച്ച് വെള്ളം തടഞ്ഞാല്‍ പട്ടിണി മരണങ്ങളാവും പാക്കിസ്ഥാനിലുണ്ടാവുക. 36 ലക്ഷം ഏക്കര്‍ കൃഷിയെ നനയ്ക്കുന്ന സിന്ധു നദീജല കരാര്‍ റദ്ദാക്കുകയെന്നാല്‍ പാക്കിസ്ഥാനെ സംബന്ധിച്ചടത്തോളം ഒട്ടും ശുഭകരമല്ല. അടുത്ത പതിറ്റാണ്ടുകള്‍ വരെ ജലയുദ്ധത്തിനായി കാത്തിരിക്കേണ്ടതില്ല. ജലത്തെ ചൊല്ലിയുള്ള യുദ്ധം ഇന്ത്യയിലും പാക്കിസ്ഥാനിലും ആരംഭിച്ചുകഴിഞ്ഞു. എരിതീയില്‍ എണ്ണയൊഴിക്കാതിരിക്കാന്‍ ഐഡബ്ല്യുടി കരാര്‍ തുടരുക തന്നെ വേണം.

Comments

comments

Categories: FK Special
Tags: India, Pak, war, Water