പാരിസ് ഉടമ്പടിക്ക് ഇന്ത്യ ഔദ്യോഗികമായി അംഗീകാരം നല്‍കി

പാരിസ് ഉടമ്പടിക്ക് ഇന്ത്യ ഔദ്യോഗികമായി അംഗീകാരം നല്‍കി

ന്യൂഡെല്‍ഹി: കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് നവംബറില്‍ നടക്കുന്ന ഉച്ചകോടിയില്‍ വികസ്വര രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് ഇന്ത്യ. നവംബര്‍ 7ന് ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലാണ് ഉച്ചകോടി തുടങ്ങുന്നത്. ഉച്ചകോടിയില്‍ വികസ്വര രാജ്യങ്ങളുടെ നിലപാടുകള്‍ ശക്തമായി അവതരിപ്പിക്കുമെന്ന് ഇന്ത്യ അറിയിച്ചു.

ഗാന്ധിയന്‍ ജീവിത രീതിയില്‍ അധിഷ്ഠിതമായ കാഴ്ച്ചപ്പാടുകളായിരിക്കും മോറോക്കോയില്‍ ഇന്ത്യ അവതരിപ്പിക്കുകയെന്ന് പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി അനില്‍ മാധവ് ദവെ പറഞ്ഞു. ഗ്രീന്‍ ക്ലൈമാറ്റിക് ഫണ്ടിനായി തുക സ്വരൂപിക്കുന്നത് സംബന്ധിച്ച വിഷയങ്ങളും സാങ്കേതികവിദ്യാ കൈമാറ്റവും ഉച്ചകോടിയില്‍ ഉന്നയിക്കും.

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ഇന്ത്യ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന പവലിയന്‍ സമ്മേളന നഗരിയില്‍ ഒരുക്കും. ഗ്രീന്‍ ക്ലൈമാറ്റിക് ഫണ്ടിലേക്ക് പ്രതിവര്‍ഷം പതിനൊന്ന് ബില്യണ്‍ ഡോളറെന്ന ആഗോള ലക്ഷ്യം വിജയം കണ്ടിട്ടില്ലെന്ന് ഇന്ത്യയിറക്കിയ വാര്‍ത്താക്കുറിപ്പ് പറയുന്നു.

പാരിസ് ഉടമ്പടി സംബന്ധിച്ച നടപടിക്രമങ്ങളും മറ്റും വിശദീകരിക്കുന്നതോടൊപ്പം സുസ്ഥിര ജീവിത രീതികളും കാലാവസ്ഥയെ സന്തുലിതമായി നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിന്റെ ആവശ്യകത സംബന്ധിച്ചും ഇന്ത്യ ഉച്ചകോടിയില്‍ വിശദീകരിക്കും.

കാലാവസ്ഥാ വ്യതിയാനം കുറച്ചുകൊണ്ടുവരുന്നതിന് പാരിസ് ഉടമ്പടി വലിയൊരു രൂപരേഖ തയാറാക്കിയിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും മറ്റും വിശദീകരിക്കപ്പെടേണ്ടതുണ്ട്. പാരിസ് കമ്മിറ്റി ഓണ്‍ കപ്പാസിറ്റി ബില്‍ഡിംഗ്, ടെക്‌നോളജി ഫ്രെയിംവര്‍ക് തുടങ്ങിയ പുതിയ സമിതികള്‍ 2020ഓടെ നിലവില്‍ വരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടി ഇന്നലെ ഗാന്ധി ജയന്തി ദിനത്തില്‍ ഇന്ത്യ അംഗീകരിച്ചിരുന്നു.

Comments

comments

Categories: Slider, Top Stories