ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് സ്വന്തം; റാങ്കിംഗില്‍ ഒന്നാം സ്ഥാനം

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് സ്വന്തം; റാങ്കിംഗില്‍ ഒന്നാം സ്ഥാനം

കൊല്‍ക്കത്ത: ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ടീം ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 178 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഒന്നാം ടെസ്റ്റിലും വിജയം നേടിയതിനാല്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. പരമ്പര സ്വന്തമാക്കിയതിലൂടെ പോയിന്റ് നിലയില്‍ പാക്കിസ്ഥാനെ പിന്തള്ളിയ ഇന്ത്യയെ അടുത്ത മത്സരത്തിന് ശേഷം ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരായി പ്രഖ്യാപിക്കും.

രണ്ടാം ഇന്നിംഗ്‌സിന്റെ നാലാം ദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 376 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് 81.1 ഓവറില്‍ 197 റണ്‍സിന് പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവിചന്ദ്ര അശ്വിന്‍, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നീ താരങ്ങളാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. രണ്ട് ഇന്നിംഗ്‌സിലും അര്‍ധ സെഞ്ച്വറി നേടിയ ടീം ഇന്ത്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയാണ് കളിയിലെ താരം.

148 പന്തില്‍ 74 റണ്‍സ് ടോം ലാഥമൊഴികെയുള്ള താരങ്ങള്‍ക്ക് ന്യൂസിലാന്‍ഡ് ബാറ്റിംഗ് നിരയില്‍ തിളങ്ങാനായില്ല. യഥാക്രമം 32, 24 റണ്‍സ് വീതമായിരുന്നു റോഞ്ചി, ഗുപ്ടില്‍ എന്നിവരുടെ സംഭാവന. ന്യൂസിലാന്‍ഡിന്റ് ആറ് ബാറ്റ്‌സ്മാന്മാരാണ് രണ്ടക്കം കാണാതെ പുറത്തായത്.

എട്ട് വിക്കറ്റിന് 227 റണ്‍സെന്ന നിലയില്‍ നാലാം ദിനത്തില്‍ കളി തുടങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായി. നാലാം ദിനത്തിലെ പത്താം ഓവറില്‍ 51 പന്തില്‍ 23 റണ്‍സെടുത്ത ഭുവനേശ്വര്‍ കുമാറാണ് ആദ്യം മടങ്ങിയത്. ഇന്ത്യ 251 റണ്‍സ് നേടിയ വേളയില്‍ വാഗ്നറാണ് ഭുവനേശ്വറിനെ പുറത്താക്കിയത്.

പിന്നീട് ഏഴ് പന്ത് മാത്രം നേരിട്ട മുഹമ്മദ് ഷമിയെ ബോള്‍ട്ടിന്റെ പന്തില്‍ ടോം ലാഥം കൈയിലൊതുക്കുകയായിരുന്നു. ഒരു റണ്‍സ് മാത്രമാണ് ഷമിക്ക് നേടാനായത്. 120 പന്തില്‍ നിന്നും 58 റണ്‍സുമായി വൃദ്ധിമാന്‍ സാഹ പുറത്താകാതെ നിന്നു.

ഇന്ത്യയില്‍ നടത്തപ്പെടുന്ന 250-ാം ടെസ്റ്റ് മത്സരം കൂടിയായിരുന്നു ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിംഗ്‌സുകളിലുമായി ടീം ഇന്ത്യ യഥാക്രമം 316, 263 റണ്‍സ് വീതമാണ് നേടിയത്. ന്യൂസിലാന്‍ഡിന് ഒന്നാം ഇന്നിംഗ്‌സില്‍ 204 റണ്‍സ് മാത്രമേ സ്വന്തമാക്കാനായുള്ളൂ.

Comments

comments

Categories: Slider, Sports