ടെസ്റ്റ് ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ഇരട്ടിയാക്കി

ടെസ്റ്റ് ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ഇരട്ടിയാക്കി

മുംബൈ: ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന താരങ്ങളുടെ പ്രതിഫലം ബിസിസിഐ ഇരട്ടിയാക്കി ഉയര്‍ത്തി. ഏഴ് ലക്ഷത്തില്‍ നിന്നും 15 ലക്ഷം രൂപയായാണ് ബിസിസിഐ പ്രതിഫല തുക ഉയര്‍ത്തിയത്. പുതിയ തലമുറയിലെ ക്രിക്കറ്റ് കളിക്കാര്‍ക്കിടയില്‍ ടെസ്റ്റ് മത്സരങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നതിന്റെ ഭാഗമായാണിത്. മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം.

റിസര്‍വ് താരങ്ങളുടെ പ്രതിഫലത്തുകയിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. മൂന്ന് ലക്ഷം രൂപയായിരുന്നത് ഏഴ് ലക്ഷമായാണ് ഉയര്‍ത്തിയത്. ടെസ്റ്റ് മത്സരങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് പ്രതിഫലത്തുക ഉയര്‍ത്തിയതെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ അറിയിച്ചു.

ക്രിക്കറ്റ് കളിക്കാര്‍ക്ക് ടെസ്റ്റ് മത്സരങ്ങളില്‍ താല്‍പര്യം നിലനിര്‍ത്താന്‍ മികച്ച പ്രതിഫലം നല്‍കേണ്ടത് ആവശ്യമാണെന്നും ഇല്ലെങ്കില്‍ പുതിയ കളിക്കാര്‍ ട്വന്റി-20 ലീഗുകള്‍ പോലുള്ളവയിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും താക്കൂര്‍ വ്യക്തമാക്കി. പുതിയ തലമുറയില്‍ ടെസ്റ്റ് മത്സരങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനായി പദ്ധതി ആവിഷ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Comments

comments

Categories: Sports