ഹൈടെക് താരമായി ചെന്നൈയിലെ ഓട്ടോക്കാരന്‍

ഹൈടെക് താരമായി ചെന്നൈയിലെ ഓട്ടോക്കാരന്‍

നാം ദിവസവും നിരവധി ഓട്ടോറിക്ഷകള്‍ കാണാറുണ്ട്. വ്യത്യസ്തമായി അലങ്കരിച്ചതും നിറമുള്ള ലൈറ്റുകള്‍ പതിച്ചതുമായ മുചക്ര വണ്ടികളുമായി നിരത്തിലൂടെ കുതിച്ചു പോകുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെയും കാണാം. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനായൊരു ഓട്ടോറിക്ഷാ ഡ്രൈവറാണ് ചെന്നൈയിലെ അണ്ണാദുരൈ. തിരുവാണ്‍മിയൂര്‍- ഷോലിംഗനല്ലൂര്‍ റൂട്ടില്‍ ഓടുന്ന അണ്ണാദുരൈ എന്ന ഓട്ടോയ്ക്കും ഒരുപാട് പ്രത്യേകതകളുണ്ട്. ഇന്ന് രാജ്യത്ത്തന്നെ അറിയപ്പെടുന്ന ഒരു ഹൈടെക് താരമായി മാറിയിരിക്കുകയാണ് ഈ 32കാരന്‍.

സൗജന്യ വൈ-ഫൈ, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ്, നിരവധി മൊബൈല്‍ ആപ്പുകള്‍, ടിവി, ലാപ് ടോപ്പ്, ടാബ്‌ലെറ്റുകള്‍ തുടങ്ങി എല്ലാ നൂതന സാങ്കേതിക സംവിധാനങ്ങളും അണ്ണാദുരൈയുടെ അത്ഭുത ഓട്ടോയില്‍ ലഭ്യമാണ്. ഓട്ടോറിക്ഷയില്‍ കയറുന്ന യാത്രക്കാര്‍ക്ക് യാത്ര ചെയ്യുന്നതിനോടൊപ്പെം അവര്‍ക്ക് ഇത്തരത്തിലുള്ള സൗകര്യങ്ങളും ഒരുക്കിയിരിക്കുകയാണ്. ഇനി ആര്‍ക്കെങ്കിലും വായിക്കണമെന്നു തോന്നിയാല്‍ അതിനുമുണ്ട് സൗകര്യം. 40 ഓളം മാസികകളും ഇംഗ്ലീഷിലും തമിഴിലുമായി പത്തോളം ദിനപത്രങ്ങളും ഓട്ടോറിക്ഷയില്‍ ഉണ്ട്.

സ്വന്തമായി വെബ്‌സൈറ്റും ‘അമേസിങ് ഓട്ടോ’ എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷനുമുണ്ട് അണ്ണാദുരൈക്ക്. ഫേസ്ബുക്കിലും അണ്ണാദുരൈ സജീവമാണ്. 10000 ത്തോളം പേരാണ് അണ്ണാദുരൈയെ ഫേസ്ബുക്കില്‍ ഇഷ്ടപ്പെടുന്നത്. നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും അണ്ണാദുരൈയെ തേടിയെത്തി.
പ്രശസ്ത ടോക് ഷോ ടെഡ് ടോക്‌സില്‍ രണ്ട് ഷോകളും അണ്ണാദുരൈ നടത്തിയിട്ടുണ്ട്.

തഞ്ചാവൂരിലെ പേരവൂരണിയിലാണ് അണ്ണാദുരൈ ജനിച്ചത്. നാല് വയസായപ്പോള്‍ കുടുംബം ചെന്നൈയിലേക്ക് താമസം മാറി. വലുതായപ്പോള്‍ ഷെയര്‍ ഓട്ടോ ഓടിച്ച് ഉപജീവന മാര്‍ഗം കണ്ടെത്തി. എന്നാല്‍ വെറുതെ ഒരു സാധാരണ ഓട്ടോക്കാരനാകാന്‍ അണ്ണാദുരൈക്ക് താല്‍പര്യമില്ലായിരുന്നു. പത്രങ്ങള്‍ ഓട്ടോയില്‍ ശേഖരിച്ചായിരുന്നു തുടക്കം. ഇന്ന് യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനം ഫ്രീ വൈ-ഫൈ വരെ എത്തിനില്‍ക്കുന്നു.

ഇതു കൂടാതെ അധ്യാപകര്‍ക്ക് ഈ ഓട്ടോയില്‍ യാത്ര സൗജന്യമാണ്. ഡോക്ടര്‍മാരെയും എന്‍ജിനിയര്‍മാരെയും പഠിപ്പിച്ച് വളര്‍ത്തിയെടുക്കുന്നത് അധ്യാപകരാണ്. അതിനാലാണ് താന്‍ ടീച്ചര്‍മാരോടുള്ള ആദരമായി അവര്‍ക്ക് ഓട്ടോയില്‍ സൗജന്യ യാത്ര നല്‍കുന്നതെന്ന് അണ്ണാദുരൈ പറയുന്നു. വലന്റൈന്‍സ് ഡേയില്‍ ഓട്ടോയില്‍ യാത്ര ചെയ്യുന്ന കമിതാക്കള്‍ക്കും, ശിശുദിനത്തില്‍ കുട്ടികള്‍ക്കും, മാതൃദിനത്തില്‍ കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന അമ്മമാര്‍ക്കും, ഫാദേഴ്‌സ് ഡേയ്ക്ക് അച്ഛന്മാര്‍ക്കും ഈ ഓട്ടോയില്‍ യാത്ര സൗജന്യമാണ്. ഇത്തെല്ലാം കൊണ്ട് വളരെ വ്യത്യസ്തമായി മാറിയിരിക്കുകയാണ് അണ്ണാദുരൈ.

ലോകത്ത് എല്ലാം മാറുന്നുണ്ട്. എന്നാല്‍ ഓട്ടോക്കാര്‍ക്കും അവരുടെ മേഖലയിലും മാറ്റങ്ങളുണ്ടാകുന്നില്ല. ഈ മേഖലയില്‍ ഒരു മാറ്റം കൊണ്ടുവരികയെന്നതാണ് തന്റെ ലക്ഷ്യമെന്ന് അണ്ണാദുരൈ പറയുന്നു.

Comments

comments

Categories: Slider, Tech