‘ഒല പേടി’: യുബര്‍ ഇന്ത്യയില്‍ 13,000 കോടി രൂപ നിക്ഷേപിക്കും

‘ഒല പേടി’: യുബര്‍ ഇന്ത്യയില്‍ 13,000 കോടി രൂപ നിക്ഷേപിക്കും

ന്യൂഡെല്‍ഹി: ആപ്പ് അധിഷ്ഠിത കാര്‍സേവന മേഖലയിലെ മുന്‍നിര കമ്പനിയായ യുബര്‍ ഇന്ത്യയില്‍ വന്‍തോതിലുള്ള വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശ്രമിക്കുന്നു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 20,000 പാസഞ്ചര്‍ കാറുകള്‍ വാങ്ങാനാണ് യുബര്‍ പദ്ധതിയിടുന്നത്. ഇത്തരത്തില്‍ വാങ്ങുന്ന കാറുകള്‍ കമ്പനിയുടെ സേവനശൃംഖലയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പണയത്തിനു നല്‍കും.

ഇന്ത്യയിലെ വാഹനവിപണിയില്‍ ഒറ്റയടിക്കു ഏതെങ്കിലും സ്ഥാപനം നടത്തിയിട്ടുള്ള ഏറ്റവും വലിയ ഇടപാടായിരിക്കുമിതെന്നാണ് സൂചന. വാഹനിര്‍മാതാക്കളുമായി ചര്‍ച്ച ചെയ്ത് യുബറില്‍ പങ്കാളികളാകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വായ്പാ സൗകര്യം ലഭ്യമാക്കാനും കമ്പനി ശ്രമിക്കും. യുബറിന്റെ പണയ ഇടപാടുകളുടെ ചുമതലയുള്ള എക്‌സ്‌ചേഞ്ച് ലീസിംഗായിരിക്കും വാഹനങ്ങള്‍ വാങ്ങിക്കുക. മാരുതി സുസുക്കിയും ടാറ്റ മോട്ടോഴ്‌സുമായിരിക്കും യുബറിന്റെ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്ന് വിപണി നിരീക്ഷകര്‍ സൂചിപ്പിച്ചു. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യുബറിന് ടാറ്റയും മാരുതി സുസുക്കിയുമായി ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലന പദ്ധതി, വാഹനവിപണന പദ്ധതി മുതലായ വിഷയങ്ങളില്‍ കരാറുണ്ട്.

2018നകം പത്തു ലക്ഷം ഡ്രൈവര്‍മാരുമായി കരാറിലേര്‍പ്പെടാനാണ് യുബര്‍ഷാന്‍ എന്ന പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്ന് യുബര്‍ ഇന്ത്യയുടെ പണയ വിഭാഗം തലവന്‍ രാജ് ബെറി പറഞ്ഞു. എന്നാല്‍ ബെറി കമ്പനിയുടെ നിക്ഷേപ പദ്ധതികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ തയാറായില്ല. യുബറിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനയും ലഭ്യമായ കണക്കുകളും അനുസരിച്ച് 13,000 കോടി രൂപയുടെ ഇടപാടിനാണ് കമ്പനി ഒരുങ്ങുന്നത്.

യുബറിന്റെ ഇന്ത്യന്‍ വിപണിയിലെ എതിരാളികളായ ഒല രാജ്യത്തെ പ്രമുഖ വാഹനനിര്‍മാണ കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമായി 2,600 കോടി രൂപയുടെ ഉടമ്പടിയില്‍ അടുത്തിടെ ഒപ്പുവെച്ചിരുന്നു. 40,000 ഡ്രൈവര്‍മാരെയും പങ്കാളികളേയും ഒലയില്‍ അംഗങ്ങളാക്കുന്നതിനുള്ള പദ്ധതിയാണിത്.

യുബറിന്റെ ചൈനീസ് ഘടകത്തെ ദിദി ചക്‌സിംഗ് ടെക്‌നോളജീസിന് വിറ്റതിനു ശേഷം ഇന്ത്യയെ പ്രധാന മത്സരവിപണിയായി യുബര്‍ കണക്കാക്കി കഴിഞ്ഞു. യുബറിന്റെ ആഗോളവിപണി വിഹിതത്തിന്റെ 12 ശതമാനവും ഇന്ത്യയിലാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ യുബറിന്റെ ആഗോളതലത്തിലുള്ള രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യ മാറിയിട്ടുണ്ട്. എന്നാല്‍ സോഫ്റ്റ് ബാങ്കിന്റെ സാമ്പത്തിക പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഒലയുടെ സാന്നിധ്യം യുബറിന്റെ വളര്‍ച്ചാ പ്രതീക്ഷകള്‍ പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നാണ് വിപണിനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

Comments

comments

Categories: Slider, Top Stories