സത്യഗ്രഹം പോലെ വേണം നമുക്ക് സ്വച്ഛഗ്രഹ സങ്കല്‍പ്പം

സത്യഗ്രഹം പോലെ  വേണം നമുക്ക് സ്വച്ഛഗ്രഹ സങ്കല്‍പ്പം

 

ന്യൂഡെല്‍ഹി: മഹാത്മാഗാന്ധിയുടെ സത്യഗ്രഹ സങ്കല്‍പ്പം പോലെ സ്വച്ഛഗ്രഹ സങ്കല്‍പ്പവും പ്രാവര്‍ത്തികമാക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡെല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിച്ച ‘ഇന്‍ഡോസാന്‍’ (ഇന്ത്യ സാനിറ്റേഷന്‍ കോണ്‍ഫെറെന്‍സ് ) പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ശുചിത്വ സംബന്ധിയായ പ്രശ്‌നങ്ങളില്‍ കുട്ടികള്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. സ്വച്ഛതാ അഭിയാന്‍ രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നതിനുള്ള തെളിവാണിത്. നഗരങ്ങളില്‍ ശുചിത്വ സംബന്ധമായ കാര്യങ്ങളില്‍ ആരോഗ്യപരമായ മത്സരം നിലനില്‍ക്കുന്നുവെന്നും മോദി സൂചിപ്പിച്ചു.

ശുചിത്വ പ്രചാരണത്തെ മുന്നോട്ടു നയിച്ചതില്‍ രാജ്യത്തെ മാധ്യമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. തന്നേക്കാള്‍ കൂടുതല്‍ ശുചിത്വ പ്രചാരണത്തിനായി പ്രവര്‍ത്തിച്ചത് രാജ്യത്തെ മാധ്യമങ്ങളാണെന്ന് മോദി ചൂണ്ടിക്കാട്ടി. ശുചിത്വപ്രചാരണത്തെ ഏറ്റവും താഴെത്തട്ടു മുതല്‍ പ്രാവര്‍ത്തികമാക്കിയ രാജ്യത്തെ പൗരന്‍മാര്‍ക്ക് പ്രധാനമന്ത്രി നന്ദിയറിയിച്ചു. ഒരിക്കല്‍ ഉപയോഗിച്ചവ വീണ്ടും ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങള്‍ക്ക് മാലിന്യത്തില്‍ നിന്ന് സമ്പത്തുണ്ടാക്കാന്‍ സാധിക്കണമെന്ന് അഭിപ്രായപ്പെട്ടു.

പുനരുപയോഗത്തിന്റേയും റീസൈക്ലിംഗിന്റേയും സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന ശീലം നമ്മുടെ പൈതൃകത്തിന്റെ ഭാഗമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. റീസൈക്ലിംഗിനെ പ്രോത്സാഹിപ്പിക്കുന്നതിനായി മാലിന്യത്തില്‍ നിന്നുല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതായി പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തെ ഏറ്റവും മികച്ച ശുചിത്വ പ്രവര്‍ത്തനം നടത്തിയവര്‍ക്കുള്ള അവാര്‍ഡും പ്രധാനമന്ത്രി പരിപാടിയില്‍ സമ്മാനിച്ചു.

Comments

comments

Categories: Slider, Top Stories