ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശ്രീലങ്ക

ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശ്രീലങ്ക

ന്യൂഡല്‍ഹി: നവംബറില്‍ ഇസ്ലാമാബാദില്‍ നടക്കുമെന്ന് അറിയിച്ചിരിക്കുന്ന 19ാം സാര്‍ക്ക് സമ്മേളനം ബഹിഷ്‌കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശ്രീലങ്കയും രംഗത്ത്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനും, ഭൂട്ടാനും, ബംഗ്ലാദേശും ഇന്ത്യയ്ക്ക് പിന്തുണയറിയിച്ചിരുന്നു.
സാര്‍ക്ക് ഉച്ചകോടി നടത്താന്‍ അനുകൂല സാഹചര്യമല്ല ഇപ്പോഴുള്ളതെന്നു നേപ്പാളിലുള്ള സാര്‍ക്കിന്റെ ഔദ്യോഗിക കാര്യാലയത്തിന് അയച്ച സന്ദേശത്തില്‍ ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ചൂണ്ടിക്കാണിച്ചു.
സാര്‍ക്ക് സംഘടനയെടുക്കുന്ന ഏതൊരു തീരുമാനത്തിനും അഭിപ്രായ ഐക്യം വേണമെന്നു നിഷ്‌കര്‍ഷിക്കുന്നുണ്ട്. ദക്ഷിണേഷ്യയുടെ പുരോഗതിക്കും മേഖലയുടെ അര്‍ഥവത്തായ സഹകരണത്തിനും അത്യന്താപേക്ഷിതമാണു സമാധാനവും സുരക്ഷയുമെന്ന് ശ്രീലങ്ക പ്രസ്താവിച്ചു.
തീവ്രവാദത്തെ എല്ലാ അര്‍ഥത്തിലും എതിര്‍ക്കുന്നെന്നും ഈ വിഷയം തന്മയത്വത്തോടെ കൈകാര്യം ചെയ്ത് പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നും ശ്രീലങ്ക ആവശ്യപ്പെട്ടു.
ഈ മാസം നാല് മുതല്‍ ആറ് വരെ തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. ഇദ്ദേഹത്തിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായിട്ടാണു സാര്‍ക്ക് ഉച്ചകോടിയെ പരാമര്‍ശിച്ച് ശ്രീലങ്ക രംഗത്തെത്തിയിരിക്കുന്നത്. പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിന് ശ്രീലങ്കയുടെ പിന്തുണ ലഭിച്ചതോടെ നയതന്ത്രതലത്തില്‍ ഇന്ത്യ വിജയിച്ചിരിക്കുകയാണ്. എട്ടംഗ സാര്‍ക്ക് രാജ്യങ്ങളില്‍ ഇനി നേപ്പാളിന്റെയും മാലദ്വീപിന്റെയും പിന്തുണ മാത്രമേ ഇന്ത്യയ്ക്ക് ലഭിക്കാനുള്ളൂ.

Comments

comments

Categories: World