താരിഫ് ഇളവുകള്‍: ടെലികോം കമ്പനികള്‍ക്ക് 3.80 ലക്ഷം കോടിയുടെ വായ്പാഭാരം

താരിഫ് ഇളവുകള്‍:  ടെലികോം കമ്പനികള്‍ക്ക് 3.80 ലക്ഷം കോടിയുടെ വായ്പാഭാരം

 

ന്യൂഡെല്‍ഹി: ഉപയോക്താക്കള്‍ക്കു നിരക്കുകളില്‍ ഇളവനുവദിക്കാന്‍ മത്സരിക്കുന്നത് ടെലികോം കമ്പനികളുടെ വായ്പാഭാരം വര്‍ധിക്കുന്നതിന് ഇടയാക്കിയെന്ന് വിലയിരുത്തല്‍. 3.80 ലക്ഷം കോടി രൂപയുടെ അധിക വായ്പാഭാരമാണ് ടെലികോം കമ്പനികള്‍ക്ക് ഇതു മൂലമുണ്ടായിട്ടുള്ളത്. അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ(അസോചം)യും സാമ്പത്തിക നിരീക്ഷണ സ്ഥാപനമായ കെപിഎംജി ഇന്ത്യയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ടെലികോം കമ്പനികള്‍ക്ക് അധിക നികുതിയായി അടയ്‌ക്കേണ്ട തുകയില്‍ 10 ശതമാനം വര്‍ധനയുണ്ടായത് നികുതിഭാരത്തില്‍ 29.44 ശതമാനത്തിന്റെ വര്‍ധനയുണ്ടാക്കി. ലളിതവും യുക്തിഭദ്രവുമായ നികുതി സമ്പ്രദായം ഇന്ത്യയിലെ ടെലികേം മേഖലയുടെ സാമ്പത്തിക സുസ്ഥിരതയ്ക്ക് അനിവാര്യമാണെന്നും പഠനം സൂചിപ്പിച്ചു. നിലവില്‍ നിരവധി തരത്തിലുള്ള നികുതികള്‍ ടെലികോം കമ്പനികളില്‍ നിന്ന് ഈടാക്കുന്നുണ്ട്. ഇതര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്നീടാക്കുന്ന വാറ്റ് , കോര്‍പ്പറേറ്റ് നികുതി എന്നിവയ്ക്കു പുറമെ ടെലികോം കമ്പനികളില്‍ നിന്ന് സ്‌പെക്ട്രം ഉപയോഗ നിരക്ക് പോലുള്ളയും ഈടാക്കുന്നുണ്ട്. മറ്റ് സമ്പദ് വ്യവസ്ഥകളെ അപേക്ഷിച്ച് ഇവയുടെ നിരക്ക് ഇന്ത്യയില്‍ അധികമാണെന്നും പഠനം വിലയിരുത്തുന്നു.

ടെലികോം മേഖലയില്‍ നിന്ന് 2020 ആകുമ്പോഴേക്കും 8.2 ശതമാനത്തോളം ചരക്കുസേവനനികുതി(ജിഡിപി)യായി പിരിഞ്ഞു കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 14 ലക്ഷം കോടിയോളം രൂപയാണ് ഇത്തരത്തില്‍ ലഭിക്കുക. രാജ്യത്തെ ജിഡിപിയിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുമെന്നു കരുതുന്ന വ്യവസായങ്ങളിലൊന്നാണ് ടെലികോം മേഖല. സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (സിഒഎഐ) പഠനമനുസരിച്ച് സ്‌പെക്ട്രം ഉപയോഗ നിരക്കില്‍ വരുത്തുന്ന ഒരു ശതമാനം ഇളവ് ജിഡിപിയില്‍ 1.76 ലക്ഷം കോടി രൂപയുടെ വര്‍ധന ഉണ്ടാക്കാന്‍ പര്യാപ്തമാണ്.

വേഗത്തില്‍ വികസിച്ചു കൊണ്ടിരിക്കുന്ന ഡാറ്റ വിപണിയില്‍ നിലനില്‍ക്കണമെങ്കില്‍ കമ്പനികള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കേണ്ടതുണ്ടെന്നും സാമ്പത്തിക നിക്ഷേപം കൂടുതല്‍ പ്രായോഗികമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തേണ്ടി വരുമെന്നും അസോചം സെക്രട്ടറി ജനറല്‍ ഡിഎസ് റാവത്ത് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ടെലികോം മേഖലയെ സഹായിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി വൊഡാഫോണ്‍ ഇന്ത്യ ഡയറക്്റ്ററും അസോചം നാഷണല്‍ കൗണ്‍സില്‍ ചെയര്‍മാനുമായ പി ബാലാജി വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories