ധനനയ സമിതി പ്രാബല്യത്തില്‍

ധനനയ സമിതി പ്രാബല്യത്തില്‍

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒക്‌റ്റോബര്‍ നാലിന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ധനകാര്യ അവലോകന യോഗത്തിനു മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ ധന നയ സമിതി (മോണിറ്ററി പോളിസി കമ്മിറ്റി-എംപിസി) നിലവില്‍ വന്നതായി വിജ്ഞാപനം ഇറക്കി. കേന്ദ്ര ധനകാര്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

പുതിയ വിജ്ഞാപനത്തോടു കൂടി ആര്‍ബിഐയുടെ രണ്ടു മാസത്തിലൊരിക്കല്‍ നടക്കുന്ന അവലോകനയോഗം എംപിസി സമിതിയുടെ ശുപാര്‍ശകള്‍ക്കു വിധേയമായിട്ടാകും പ്രവര്‍ത്തിക്കുക എന്നാണു സൂചന. പലിശ നിരക്ക് സംബന്ധിച്ച വിഷയങ്ങളിലും സമിതിയുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാകും ആര്‍ബിഐ തീരുമാനങ്ങളെടുക്കുക. രാജ്യത്തെ അക്കാദമിക രംഗത്തു നിന്നുള്ള മൂന്നു വിദഗ്ധരെ സമിതിയില്‍ അംഗങ്ങളായി നിയമിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ ചില്ലറവിപണനമേഖലയിലുള്ള പണപ്പെരുപ്പം നാലു ശതമാനത്തില്‍ കൂടുതലാകാതിരിക്കുകയാണ് അക്കാദമിക് വിദഗ്ധരുടെ നിയമനത്തിനു പിന്നിലുള്ള പ്രധാന വിഷയം.

കേന്ദ്ര മന്ത്രി സഭയുടെ നിയമന യോഗത്തതിന്റെ തീരുമാനപ്രകാരം ചേതന്‍ ഘാട്ടെ( പ്രൊഫസര്‍-ഇന്ത്യന്‍ സ്റ്റാറ്റിറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്), പാമി ദുവ(ഡയറക്റ്റര്‍- ഡെല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്), രവീന്ദ്ര ധോലാകിയ (പ്രൊഫസര്‍- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാനേജ്‌മെന്റ്, അഹമ്മദാബാദ്) എന്നിവരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. പെട്ടെന്നുള്ള അറിയിപ്പ് ഉണ്ടാകാത്ത പക്ഷം നാലുവര്‍ഷക്കാലം മേല്‍പ്പറഞ്ഞ അംഗങ്ങള്‍ എംപിസിയില്‍ തുടരുമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് ഔദ്യോഗിക പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

എംപിസിയുടെ ആറംഗ സമിതിയിലേക്ക് മൂന്നു വ്യക്തികളുടെ പേരുകള്‍ ആര്‍ബിഐയും തയാറാക്കിട്ടുണ്ട്. നിലവില്‍ ആര്‍ബിഐ ഗവര്‍ണറായ ഉര്‍ജിത് പട്ടേലിനു പുറമെ ആര്‍ബിഐയില്‍ നിന്ന് രണ്ടു പേര്‍ക്ക് കൂടി സമിതിയില്‍ അംഗത്വം ഉണ്ടായിരിക്കും. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍ ഗാന്ധിയും എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ മൈക്കല്‍ പത്രയുമായിരിക്കും മറ്റു രണ്ടുപേര്‍. എംപിസിയുടെ അധ്യക്ഷസ്ഥാനം ആര്‍ബിഐ ഗവര്‍ണര്‍ക്കാണ്. വര്‍ഷത്തില്‍ നാലു തവണയാണ് എംപിസി യോഗം നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്.

Comments

comments

Categories: Business & Economy, Slider

Write a Comment

Your e-mail address will not be published.
Required fields are marked*