മങ്ങിയ തുടക്കം: ജിയോ രണ്ടാം സിം കാര്‍ഡെന്ന് സര്‍വെ ഫലം

മങ്ങിയ തുടക്കം: ജിയോ രണ്ടാം സിം  കാര്‍ഡെന്ന് സര്‍വെ ഫലം

ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോയെ രണ്ടാം സിം കാര്‍ഡായിട്ടാണ് ഉപയോക്താക്കള്‍ തെരഞ്ഞെടുക്കുന്നതെന്ന് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ചിന്റെ (ബിഎഎംഎല്‍) സര്‍വെ ഫലം.

1,000 മൊബീല്‍ ഫോണ്‍ ഉപയോക്താക്കളില്‍ 56 ശതമാനത്തിലധികം പേരും റിലയന്‍സ് ജിയോയെ രണ്ടാമത്തെ സിമ്മായിട്ടാണ് ഉപയോഗിക്കുന്നത്. അവകാശപ്പെടുന്ന ഗുണമേന്മയുള്ള നെറ്റ്‌വര്‍ക്ക് ശൃംഖല കമ്പനി നല്‍കുന്നുണ്ടെങ്കിലും 24 ശതമാനം പേര്‍ മാത്രമാണ് ജിയോയെ പ്രാഥമിക സിം കാര്‍ഡായി പരിഗണിക്കുന്നത്. 11 ശതമാനം പേര്‍ നെറ്റ്‌സെറ്റര്‍ എന്ന നിലയില്‍ മാത്രമേ ജിയോയെ ഉപയോഗിക്കുന്നുള്ളു. അതേസമയം, 9 ശതമാനം പേര്‍ റിലയന്‍സ് ജിയോ സേവനം ഒരു തരത്തിലും ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബിഎഎംഎല്‍ സര്‍വെ വ്യക്തമാക്കി.
ജിയോയെ ഒന്നാം സിമ്മായി ഉപയോഗിക്കുന്ന 24 ശതമാനം പേരും കമ്പനി അനുയോജ്യമായ താരിഫ് വാഗ്ദാനങ്ങള്‍ നിലനിര്‍ത്തുമെന്ന് വിശ്വസിക്കുന്നവരാണ്. ഇത് ടെലികോം മേഖലയില്‍ മത്സരാധിക്യം വര്‍ധിപ്പിക്കും. എയര്‍സെല്ലും റിലയന്‍സ് കമ്യൂണിക്കേഷനുമാണ് (ആര്‍കോം) ഈ മേഖലയിലെ പ്രമുഖര്‍. ജിയോ താരീഫുകള്‍ തുടര്‍ന്നാല്‍ എയല്‍സെല്ലിന്റെയും ആര്‍കോമിന്റെയും ഉപയോക്താക്കള്‍ അതിനെ പ്രാഥമിക സിം കാര്‍ഡാക്കുന്നതിലേക്ക് കടക്കുമെന്ന് സര്‍വെ ചൂണ്ടിക്കാട്ടുന്നു.
95 ശതമാനം ഉപയോക്താക്കളും തങ്ങളുടെ നിലവിലുള്ള മൊബീല്‍ സേവന ദാതാക്കളില്‍ സന്തുഷ്ടരാണ്. 72 ശതമാനം പേരും ഒരു വര്‍ഷത്തിനുള്ളില്‍ 4ജി സ്മാര്‍ട്ട് ഫോണ്‍ പുതുക്കാന്‍ ഉദ്ദേശിക്കുന്നു. കോള്‍ ഇടയ്ക്ക് മുറിഞ്ഞുപോകുന്നത് ഉപയോക്താക്കളെ സംബന്ധിച്ച് വലിയ പ്രശ്‌നമല്ല. 15 ശതമാനം പേര്‍ മാത്രമാണ് അതേപ്പറ്റി പരാതി പറഞ്ഞത്. മൊബീല്‍ ഇന്റര്‍നെറ്റിന്റെ വേഗത കുറവാണ് ഉപയോക്താക്കള്‍ വലിയ പ്രശ്‌നമായി മുന്നോട്ടുവച്ചതെന്നും സര്‍വെ വെളിപ്പെടുത്തി.

Comments

comments

Categories: Branding, Slider