ഉത്സവകാല വില്‍പ്പന: ജീവനക്കാരുടെ സമ്മര്‍ദ്ദം കുറച്ച് ഇ-കൊമേഴ്‌സ് കമ്പനികള്‍

ഉത്സവകാല വില്‍പ്പന:  ജീവനക്കാരുടെ സമ്മര്‍ദ്ദം കുറച്ച് ഇ-കൊമേഴ്‌സ് കമ്പനികള്‍

 

ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാക്കി ഒക്ടോബര്‍ വിപണിയെ നേരിടാനുള്ള തിരക്കിലാണ് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍. ഇന്ത്യന്‍ വിപണിയില്‍ ഉയര്‍ന്ന പങ്കാളിത്തം നേടാന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ തമ്മിലുള്ള മത്സരം മുറുകുമ്പോള്‍ അതേ സമ്മര്‍ദ്ദമാണ് ഈ മേഖലയിലെ ജീവനക്കാരിലുമുള്ളത്. എന്നാല്‍ ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മുന്‍ഗണന നല്‍കിയുള്ള തയാറെടുപ്പുകളാണ് ഇ-കൊമേഴ്‌സ് കമ്പനികള്‍ നടത്തുന്നത്.

ഉത്സവസീസണ്‍ മത്സരത്തിന്റെ ആവേശം മുഴുവനും ഓരോ കമ്പനിയുടെയും ഓഫീസുകളിലും പ്രകടമാണ്. ജീവനക്കാര്‍ ഉറങ്ങുന്നതും ഉണരുന്നതും, ഭക്ഷണം കഴിക്കുന്നതും പോലും ഓഫീസിനകത്ത് തന്നെ. ഇന്ത്യന്‍ രീതിയില്‍ ഒരു വിവാഹത്തിനൊരുങ്ങുന്ന അതേ അന്തരീക്ഷമാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബെംഗളൂരുവിലെ സബര്‍ബനിലുള്ള ഓഫീസിലെന്നാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ചീഫ് പീപ്പിള്‍ ഓഫീസര്‍ ആയ നിതിന്‍ സേത് പറഞ്ഞത്.

ഓഫീസിലെ മീറ്റിംഗ് റൂമുകളടക്കം ജീവനക്കാര്‍ക്ക് വിശ്രമിക്കാനും ഉറങ്ങാനുമായി തലയണയും കിടക്കയും ഒരുക്കിയിട്ടുണ്ടെന്നും രാവിലെ ജീവനക്കാരെ എഴുന്നേല്‍പ്പിക്കുന്നതിന് കമ്പനി തന്നെ സംഗീതത്തിന്റെ അകമ്പടിയോടെ അലാം സെറ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ജോലിയിലെ സമ്മര്‍ദ്ധങ്ങളെയും മാനസിക പരിമുറുക്കങ്ങളെയും നേരിടുന്നതിന് ഇവര്‍ക്കു വേണ്ടി പ്രത്യേക യോഗ സെഷനും, പ്രത്യേകമായി സജ്ജമാക്കിയ മുറിയും, ആവശ്യമായ ഭക്ഷണവും ഓഫീസില്‍ തന്നെ ഒരുക്കിയിട്ടുണ്ടെന്നും നിതിന്‍ സേത് പറഞ്ഞു. ഇത്രയൊക്കെ മുന്നൊരുക്കങ്ങളും കഠിനാധ്വാനവും കാര്‍ണിവലിനു വേണ്ടിയാണല്ലോ എന്നത് ചിലപ്പോള്‍ നിസാരമായി തോന്നിയേക്കാം, എന്നാല്‍ ലക്ഷ്യം വളരെ വലുതാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഈ വര്‍ഷം മെഗാ വില്‍പ്പനയോടനുബന്ധിച്ച് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുകയെന്ന ലക്ഷ്യത്തോടെ ആമസോണും, ഫ്‌ളിപ്പകാര്‍ട്ടും, സ്‌നാപ്ഡീലും വലിയ രീതിയിലുള്ള ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കു വേണ്ടി പ്രഖ്യാപിച്ചിട്ടുള്ളത്. വാര്‍ഷിക വില്‍പ്പനയുടെ ഉയര്‍ന്ന പങ്കാളിത്തം നേടാനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍. ‘ബിഗ് ബില്ല്യണ്‍ നാളുകള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് മൂന്ന് കാര്യങ്ങളാണ്, വളര്‍ച്ച, ആസൂത്രണങ്ങളുടെ അടിസ്ഥാനത്തിലുള്ള വിശദീകരണം, ഇതെല്ലാം ഒരുമിച്ച് വരുന്നതിന്റെ ത്രില്‍’, ഫ്‌ളിപ്പ്കാര്‍ട്ട് സീനിയര്‍ ഡയറക്ടര്‍ പാഞ്ജലി ഉപാധയ പറഞ്ഞു.

ഓരോരുത്തരും തങ്ങളുടെ വര്‍ക്കിംഗ് പ്രൊഫൈല്‍ കണക്കിലെടുക്കാതെ സമയം പോലും നോക്കാതെയാണ് കമ്പനിയുടെ ഏക ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ മുഖ്യ എതിരാളിയായ ആമസോണിനെ കാര്‍ണിവലില്‍ നേരിടുകയെന്ന പ്രധാന ദൗത്യം ഓരോരുത്തരിലും അധിഷ്ടിതമാണെന്ന തിരിച്ചറിവോടെയാണ് ജീവനക്കാര്‍ മുന്നോട്ടു പോകുന്നതെന്നും ഉപാധയ പറഞ്ഞു.

‘വര്‍ക്ക് ഹാര്‍ഡ്, ഹാവ് ഫണ്‍, മെയ്ക്ക് ഹിസ്റ്ററി’ എന്ന തങ്ങളുടെ ആപ്തവാക്യത്തിലേക്ക് ഓഫീസ് അന്തരീക്ഷം മാറിയിരിക്കുന്നുവെന്ന് ആമസോണ്‍ പ്രതിനിധികള്‍ അറിയിച്ചു. കമ്പനിയുടെ പശ്ചിമ ബെംഗളൂരുവിലെ ഓഫീസില്‍ നിന്നുമാണ് തങ്ങളുടെ സെയില്‍സ് സ്ട്രാറ്റജി നിയന്ത്രിക്കുന്നതെന്നും ആമസോണ്‍ പറഞ്ഞു. വരുന്ന പ്രധാനപ്പെട്ട ദിവസങ്ങള്‍ക്കു വേണ്ടി ഫ്‌ളിപ്പ്കാര്‍ട്ടും സ്‌നാപ്ഡീലും സൗകര്യമൊരുക്കിയതു പോലെ ഓഫീസുമായി എപ്പോഴും അടുത്ത് നില്‍ക്കുന്നതിനു വേണ്ടി ജീവനക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ആമസോണ്‍ അറിയിച്ചു.

സ്‌നാപ്ഡീലിന്റെ ഡെല്‍ഹി ഓഫീസും ഉത്സവസീസണ്‍ മെഗാ വില്‍പ്പനയ്ക്ക് ഒരുങ്ങികഴിഞ്ഞു. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ വലിയ നിക്ഷേപമുള്ള കമ്പനികളോട് മത്സരിക്കുകയെന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം ശ്രമകരമാണെന്നും, എന്നാല്‍ കമ്പനിയുടെ മികവിനനുസരിച്ച് പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുമെന്നും സ്‌നാപ്ഡീല്‍ പ്രതിനിധി വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories