ധ്രുവ 340 കോടി രൂപ നിക്ഷേപം സ്വരൂപിച്ചു

ധ്രുവ 340 കോടി രൂപ നിക്ഷേപം സ്വരൂപിച്ചു

ബെംഗളൂരു: എന്റര്‍പ്രൈസ് സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ ധ്രുവ 340 കോടി രൂപ നിക്ഷേപം സ്വരൂപിച്ചു. കമ്പനിയുടെ നിലവിലുള്ള നിക്ഷേപകരായ സെക്വായ കാപിറ്റല്‍ നേതൃത്വം നല്‍കിയ നിക്ഷേപ സമാഹരണത്തില്‍ പുതിയ നിക്ഷേപകരായ ഇഡിബിഐ, ബ്ലൂ ക്ലൗഡ് വെഞ്ച്വേഴ്‌സ്, ഹെര്‍ക്ലൂസ് കാപിറ്റല്‍ തുടങ്ങിയവര്‍ പങ്കാളികളായിരുന്നു. കമ്പനിയുടെ മറ്റു നിക്ഷേപകരായ എന്‍ടിടി ഫിനാന്‍സ്, നെക്‌സസ് വെഞ്വര്‍ പാര്‍ട്‌ണേഴ്‌സ്, ടെനയാ കാപിറ്റല്‍ തുടങ്ങിയവരും ഈ റൗണ്ടില്‍ പങ്കെടുത്തിരുന്നു.

എട്ട് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്പനി ആകെ മൊത്തം 117 ദശലക്ഷം ഡോളര്‍ ഇതിനോടകം സ്വരൂപിച്ചു കഴിഞ്ഞു. 2014ലാണ് കമ്പനി അവസാന നിക്ഷേപം സ്വരൂപിച്ചത്. ആ നിക്ഷേപത്തോടെ കമ്പനിയുടെ മൂല്യം 220 ദശലക്ഷം ഡോളറിലെത്തിയിരുന്നു. രണ്ടു വര്‍ഷം മുന്‍പ് നടന്ന നിക്ഷേപ സമാഹരണത്തോടെ കമ്പനി ഉല്‍പ്പന്നത്തിലെ പ്രതീക്ഷ വര്‍ധിച്ചതായും, ഇത് ഭൂമിശാസ്ത്രപരമായ വികസനത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചുവെന്നും ധ്രുവ സഹ-സ്ഥാപകന്‍ മിലിന്ദ് ബൊറട്ടെ പറഞ്ഞു. നിലവില്‍ കമ്പനി ഐപിഒയിലേക്ക് കടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പുതിയ നിക്ഷേപത്തിനു ശേഷമുള്ള കമ്പനിയുടെ മൂല്യം സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം വിസമ്മതിച്ചു.

പൂനെയിലും യുഎസിലെ സണ്ണിവെയ്ല്‍ നഗരത്തിലും പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് യുഎസിലും, യൂറോപ്പിലും, ഗള്‍ഫ് രാജ്യങ്ങളിലുമായി ഏകദേശം 4,000 എന്റര്‍പ്രൈസ് ഉപഭോക്താക്കളാണുള്ളത്. പുതിയ നിക്ഷേപത്തിലൂടെ ആഗോളതലത്തില്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താനും കമ്പനിക്ക് പദ്ധതിയുണ്ട്. എന്റര്‍പ്രൈസ് ബിസിനസില്‍ വളര്‍ച്ച കൈവരിക്കുന്നതിനൊപ്പം ആഗോളതല വിപുലീകരണവും, പരാവധി ഇന്നൊവേഷനുമാണ് കമ്പനിയുടെ പ്രധാനപ്പെട്ട അജണ്ടകളെന്ന് ധ്രുവ സഹ-സ്ഥാപകന്‍ ജസ്പ്രീത് സിംഗ് പറഞ്ഞു.

Comments

comments

Categories: Branding