ബോളിവുഡ് സിനിമകളെ നിരോധിച്ചാല്‍പാക്കിസ്ഥാന്‍ വലയും;  നഷ്ടം 70 ശതമാനം

ബോളിവുഡ് സിനിമകളെ  നിരോധിച്ചാല്‍പാക്കിസ്ഥാന്‍ വലയും;  നഷ്ടം 70 ശതമാനം

ലാഹോര്‍: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായുള്ള ബന്ധം വഷളാകവെ പാക്കിസ്ഥാനിലെ സിനിമാ വ്യവസായ മേഖല അങ്കലാപ്പില്‍. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെട്ടില്ലെങ്കില്‍ ബോളിവുഡ് ചലച്ചിത്രങ്ങള്‍ നിരോധിക്കപ്പെട്ടേക്കുമെന്നും അങ്ങനെയെങ്കില്‍ പാക്ക് സിനിമാ വ്യവസായത്തിന് 70 ശതമാനം നഷ്ടത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നും ഈ മേഖലയുമായി അടുത്ത വൃത്തങ്ങള്‍ വിലയിരുത്തുന്നു.

ബോളിവുഡ്, ഹോളിവുഡ് സിനിമകളുടെ റിലീസാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാക്കിസ്ഥാനിലെ സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായതെന്ന് അട്രിയം ചെയിന്‍ ഓഫ് സിനിപ്ലസസിന്റെ ഉടമയും എക്‌സിബിറ്ററും ഡിസ്ട്രിബ്യൂട്ടറുമായ നദീം മാണ്ഡ്‌വിവാല പറഞ്ഞു. ഇന്ത്യന്‍ സിനിമകളെ താല്‍ക്കാലികമായി നിരോധിച്ചാല്‍ ആ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കും. എന്നാല്‍ സ്ഥിരമായി നിരോധിക്കുകയാണെങ്കില്‍ നിരവധി തിയേറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും അടച്ചുപൂട്ടേണ്ടിവരും. പാക്ക് സിനിമാ വ്യവസായത്തിന്റെ 70 ശതമാനവും ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ നിന്നുമാണ്. ഇന്ത്യ- പാക്ക് ബന്ധം ഇനിയും മോശമായാല്‍ അത് എല്ലാവരെയും ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന്‍പ് ഇന്ത്യന്‍ സിനിമകളെ പാക്കിസ്ഥാനില്‍ നിരോധിച്ചിരുന്നു. വ്യാജ ഡിവിഡികളുടെയും മറ്റും വില്‍പ്പന വളരുന്നതിന് ഇത് ഇടയാക്കി. ഇപ്പോള്‍ കേബിള്‍ ഓപ്പറേറ്റര്‍മാരുള്ളത് നല്ല കാര്യമാണ്. എങ്കിലും നിരോധനം വന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങളെയും അത് ബാധിക്കും.
സ്‌ക്രീനുകളുടെ എണ്ണവും വരുമാനവും വര്‍ധിച്ചതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ സിനിമാ വ്യവസായത്തിന് ഉണര്‍വുണ്ടായെന്ന് പ്രശസ്ത സിനിമാ നിരൂപകനായ ഒമര്‍ അലവി പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള സിനിമകളെ വിലക്കുകയാണെങ്കില്‍ അതിനെ മറികടക്കാന്‍ പാക്കിസ്ഥാന്‍ കുറഞ്ഞത് ഒരു വര്‍ഷം 50, 60 ചലച്ചിത്രങ്ങള്‍ നിര്‍മിക്കേണ്ടതായി വരും. എന്നാല്‍ നിലവില്‍ അത്രയും സിനിമകള്‍ പാക്കിസ്ഥാനില്‍ റിലീസ് ചെയ്യുന്നില്ലെന്നും അലവി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Movies, Slider