സ്വച്ഛ് ഭാരത് അമര്‍ ചിത്രകഥയാകുന്നു: ശുചിത്വ പദ്ധതിയുടെ വിജയഗാഥ കുട്ടികളിലെത്തിക്കുക ലക്ഷ്യം

സ്വച്ഛ് ഭാരത് അമര്‍ ചിത്രകഥയാകുന്നു:  ശുചിത്വ പദ്ധതിയുടെ വിജയഗാഥ  കുട്ടികളിലെത്തിക്കുക ലക്ഷ്യം

 

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായ സ്വച്ഛ് ഭാരതിനെ അധികരിച്ച് അമര്‍ ചിത്രകഥ വരുന്നു. ശുചിത്വ പ്രചാരണ പരിപാടിയായ സ്വച്ഛ് ഭാരത് നാളെ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണിത്. സ്വച്ഛ് ഭാരത് ദ ക്ലീന്‍ റെവല്യൂഷന്റെ ഇതുവരെയുള്ള പ്രചാരണങ്ങളുടെയും വിജയത്തെയും കുറിച്ച് സ്‌കൂള്‍ കുട്ടികളെ ബോധവല്‍ക്കരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഭാരതത്തിലെ പുരാണങ്ങളും നാടോടിക്കഥകളും ഇതിഹാസങ്ങളും പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിനാണ് അനന്ത് പൈ അമര്‍ ചിത്രകഥയെന്ന വിശ്വപ്രസിദ്ധമായ സിരീസ് തുടങ്ങിയത്.
അനന്ത് അങ്കിള്‍ എന്നയാളില്‍ നിന്നാണ് സ്വച്ഛ് ഭാരതിന്റെ കഥപറച്ചില്‍ ആരംഭിക്കുന്നത്. പൈ വരച്ച കഥാപാത്രമാണിത്. 2,500 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യ എങ്ങനെ മാലിന്യ നിര്‍മാര്‍ജനം നടത്തിയതെന്ന് അദ്ദേഹം കുട്ടികളെ പഠിപ്പിക്കും. പരിസരം വൃത്തിയാക്കുന്ന കുട്ടികള്‍ക്കായി അനന്ത് അങ്കിള്‍ സമ്മാനങ്ങള്‍ കൊണ്ടുവരും. ശുദ്ധീകരണത്തെക്കുറിച്ച് കൗടില്യന്‍ അര്‍ത്ഥ ശാസ്ത്രത്തില്‍ വ്യക്തമാക്കിയതെന്താണെന്നും അദ്ദേഹം പറയും.
ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗമാണ് പ്രധാന കഥയായി പറയുന്നത്. നഗര വികസനകാര്യ മന്ത്രി വെങ്കയ്യ നായിഡു, മുന്‍ ഗ്രാമ വികസന മന്ത്രി നിതില്‍ ഗഡ്കരി, സ്വച്ഛ് ഭാരത് അംബാസിഡര്‍മാര്‍ എന്നിവരും അമര്‍ ചിത്രകഥയില്‍ ഉള്‍പ്പെടും. കുട്ടികളെ മാറ്റത്തിന്റെ വക്താക്കളാക്കുന്നതിന് അനുശാസിക്കുന്നതാണ് ഈ കഥകള്‍. കേന്ദ്രീയ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സ്‌കൂളുകളിലും അമര്‍ ചിത്രകഥ വിതരണം ചെയ്യും.
ആന്ധ്ര പ്രദേശിലെ ചാലാപ്പള്ളി ഗ്രാമം ശുചിയാക്കുന്നതിന് ദിവസേന ഒരു മണിക്കൂര്‍ ചെലവിടുന്ന ദമ്പതികളായ ഡോ. പ്രസാദ്, പത്മ എന്നിവരുടെ കഥയും അമര്‍ ചിത്രകഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ശുചിത്വ ഉപാധികളായ സ്മാര്‍ട്ട് ബിന്നിനെയും ആഡ് ബിന്നിനെയും പ്രോത്സാഹിപ്പിക്കുന്ന കൊല്‍ക്കത്തയിലെ മൂന്നു യുവാക്കള്‍, ചപ്പുചവറുകള്‍ ശേഖരിക്കുന്നതിന് പിന്തുണ നല്‍കിയ നോയിഡ സ്‌കൂളിലെ വിദ്യാര്‍ത്ഥി അക്ഷത് എന്നിവരും കുട്ടികളുടെ തമാശ രൂപേണയുള്ള പ്രവര്‍ത്തനങ്ങളുമെല്ലാം അമര്‍ ചിത്രകഥയിലെ വിഭവങ്ങളിലുള്‍പ്പെടും.

Comments

comments

Categories: Politics, Slider

Related Articles