സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതി പ്രോല്‍സാഹിപ്പിക്കാന്‍ ഉപദേശകരെ നിയമിക്കുന്നു

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതി പ്രോല്‍സാഹിപ്പിക്കാന്‍ ഉപദേശകരെ നിയമിക്കുന്നു

ന്യുഡെല്‍ഹി: നവസംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിക്കായി ഉപദേശകരെ നിയമിക്കാന്‍ വ്യവസായ -വാണിജ്യ മന്ത്രാലയം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മന്ത്രാലയത്തിനു കീഴിലുള്ള ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍(ഡിഐപിപി) ഒരു മുതിര്‍ന്ന ഉപദേശകനെയും മറ്റ് രണ്ട് ഉപദേശകരെയും നിയമിക്കുന്നതിനുള്ള പരസ്യം നല്‍കിയിരിക്കുകയാണ്. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. നിലവിലെ രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ വിലയിരുത്തുക, ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലുമുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുക, സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്കാവശ്യമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കുക, സ്റ്റാര്‍ട്ടപ്പ് പദ്ധതിയുടെയും പരിപാടികളുടെയും നടത്തിപ്പ് നിരീക്ഷിക്കുക എന്നിവയാണ് മുതിര്‍ന്ന ഉപദേശകന്റെ ചുമതലകള്‍.

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് മേഖലയിലെ അവസരങ്ങളും വെല്ലുവിളികളും തിരിച്ചറിയുക, ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളും വെല്ലുവിളികളും സംബന്ധിച്ച് വിവിധ ഡിപ്പാര്‍ട്ടമെന്റുകളുമായി സഹകരിച്ച് ഗവേഷണങ്ങളും പഠനങ്ങളും തയാറാക്കുക എന്നിവയെല്ലാം ഉപദേശകരുടെ ഉത്തരവാദിത്വങ്ങളായിരിക്കും.

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ കര്‍മ പരിപാടിയുടെ കീഴില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതിയിളവടക്കം ധാരാളം ആനുകൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്.

വ്യവസായ സംരംഭകത്വം, തൊഴിലവസരങ്ങള്‍ എന്നിവ വളര്‍ത്തുന്നതിന് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ബാങ്ക് വായ്പകളും മറ്റ് സഹായങ്ങളും നല്‍കി യുവ തലമുറയെ പ്രോല്‍സാഹിപ്പിക്കുന്നതിനാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതി ആരംഭിച്ചിച്ചത്. കമ്പനികള്‍ രൂപീകരിക്കുന്നതിനു നേരിടുന്ന കാലതാമസം, മൂലധനം സ്വരൂപിക്കല്‍, ജീവനക്കാരുടെ ഓഹരി പങ്കാളിത്തം തുടങ്ങി സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നതിനും അതിന്റെ പുരോഗതിക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ എന്നിവ നല്‍കാന്‍ പുതിയ കര്‍മ പദ്ധതി കൊണ്ട് സാധിക്കും.

 

Comments

comments

Categories: Branding, Slider